കഠിനമാം നൊമ്പരമുള്ളം തുരക്കവേ
തൂലികയെന്തേ പിടഞ്ഞുണരുന്നുവോ!
വാക്കുകൾ ചുറ്റിലും പാറിപ്പറക്കവേ
കാറ്റിൽ മനുഷ്യമാംസത്തിൻ കരിമണം!
ആരും ജയിയ്ക്കാത്ത യുദ്ധമിതെന്തി,ന-
നാഥർക്ക് ജന്മമേകാൻ മാത്രമല്ലയോ?
സ്വപ്നങ്ങളൊക്കെയും തച്ചുടച്ചെപ്പൊഴും
സ്വാർത്ഥരാവുന്നുവോ മാനവരൊക്കെയും!
എങ്ങും മതാന്ധർ കൊലച്ചിരി മുഴക്കി, ഹാ!
ദുഷ്ടജന്മങ്ങളായ് മാറുന്ന കാഴ്ച്ചകൾ.
മിഴികളിൽ തിരി കെട്ടുപോകവേ നാടുവി-
ട്ടോടുവോരെയോ പഴിചാരിനിൽക്കയോ!
രക്തം മുഴുവനുമുറ്റിക്കുടിച്ചുകൊ-
ണ്ടിത്രയ്ക്കധപ്പതിച്ചീടുന്നതെന്തിനായ്!
തേങ്ങിപ്പിടയുന്നു ബാല്യങ്ങൾ തെരുവിലായ്
ചുറ്റും കബന്ധങ്ങൾ ചിന്നിച്ചിതറവേ.
മിഴികളിൽ നിറയുന്നു ഭീതി നൈരാശ്യവും,
തിരയുന്നിതുറ്റവരുടയോരെയൊക്കയും.
മിന്നലായ് പായും മിസൈലുകൾ, ചുറ്റിലു-
മതിജീവനത്തിനായ് പായുന്ന മർത്ത്യനും!
പടുകുഴി താണ്ടുവാനാവാതെയായിരം
ശൂന്യമാം മനവുമായന്ധതയിലാണ്ടുവോ?
നാശം വിതയ്ക്കുവാൻ മാത്രമാണെങ്കിലീ-
യുദ്ധങ്ങളീമണ്ണിലാർക്കായിതെന്തിനായ്?

By ivayana

Leave a Reply

Your email address will not be published. Required fields are marked *