ഇപ്പോളോർമ്മയിൽ
മറ്റൊന്നുമില്ല;
മുൾക്കൂടിനുള്ളിൽ
ഇമയനങ്ങാതെ
ചിറകൊതുക്കി
അടയിരിക്കും
പോളമൂടിയ പക്ഷി;
പനിച്ചരാവിൻ പരമനിദ്ര…
അരികിലമ്മച്ചൂടാൽ
പുതച്ചുറങ്ങവെ
വിളിച്ചുണർത്തി;
വളർത്തുകോഴീനെ
കൊല്ലാൻ പഠിപ്പിച്ച
അയലത്തെ സുമതിയേടത്തി…
കഴുത്തറുത്താൽ
പറന്നുപോകുമെന്നായ്
കൗസല്യേടത്തി…
ചണനൂലിൻകുരുക്കിൽ
‘ ഞമ്മള് കൊല്ലുമ്പോ’ലെന്നായ്
വെളുക്കനെന്ന പണിയൻമൂപ്പൻ…
ഞെരിച്ചുകൊന്നാൽ
രക്തം ചിനയ്ക്കുമെന്നായ്
വള്ളിയാടൻ ചിരുതേടത്തി…
അടിച്ചുവാരാൻ വന്ന പണിച്ചിക്ക് –
വെറ്റില, അടയ്ക്ക;
ഒടുവിൽ
വെളുത്തകുട്ടീനേം കൊടുത്തുവിട്ട
കാരായികുഞ്ഞിരാമൻ നമ്പ്യാര്
മിടുക്കറിഞ്ഞ്
അടുത്ത ഊഴം
വിളിച്ചു തന്നു;
പക്ഷിത്തൂക്കംപോലെ
കണ്ടാലറിയാമെനിക്കിപ്പോൾ
മനുഷ്യത്തൂക്കത്തിൻ അകംപൊരുൾ;
ഞരമ്പെത്ര പിടയ്ക്കുമെന്ന്
കണ്ണെത്ര തുടിക്കുമെന്ന്
കുരുക്കെത്ര മുറുകുമെന്ന്
കൊമ്പുലഞ്ഞ് മടുപ്പിക്കും
അരത്തൂക്കം
കണ്ടുനില്ക്കാനൊരുക്കമല്ല ഞാൻ…
കട്ടയ്ക്ക് തീവെക്കാൻ വിളിക്കുംചിലർ
നെഞ്ചുപൊട്ടി
കനൽചിന്നുമ്പോളറിയാം
ഇരട്ടച്ചങ്കിൻകുലമഹിമ
മണ്ണ് പിളർന്ന്
പന്തമായ്പൊന്തിവരുമെന്നുറപ്പ്
ചോതിനക്ഷത്രജാതകനാകയാൽ
കരിയാത്താ കരിയാത്താ..എന്ന്
ധ്വനിമുഴക്കി
വഴിവിരിച്ച്
ഗിരിശൃoഗം സാക്ഷിയായ്
മലകീയിച്ച്
കോലസ്വരൂപമായ്
ദൈവമായ്
പുലരെപ്പുലരെ… വൻ പുലരെ…
ഊരുചുറ്റിച്ചതോ
കുന്നുമ്മേൽകുമാരേട്ടൻ
നിണമൊരുതുള്ളി
ഇറ്റുവീഴാതെ
നേർച്ചക്കോഴീനെ
കടിച്ചൂറ്റി രക്തം കുടിച്ച്‌
മുച്ചിലോട്ടമ്മയായ്
കനലിന്മേൽ വിളയാടി
വരികാ… വരികാ…
എന്ന് ധ്വനിമുഴക്കി
തറസ്വരൂപമായ്
വഴിവിരിച്ച്
പടിഞ്ഞാറൻകടലോളം
വെള്ളകീറിയമലയോളം
കോലസ്വരൂപമായ്
ദൈവമായ്
പുലരെപ്പുലരെ… വൻ പുലരെ
ഊരുചുറ്റിച്ചതോ
അണിയേരിഗോപാലേട്ടൻ…
പുല്ലും പുഴുവും
ധാന്യമണികളും
കൊത്തിവിഴുങ്ങി
ചിറകുവിരിച്ചുനടപ്പുണ്ട്;
മീനച്ചൂടാറിയപടനിലങ്ങളിൽ
തെയ്യക്കോപ്പുകൾ
അണിയലങ്ങൾ
വെച്ചൊരുക്കിയ
പുരയിടങ്ങളിൽ…
ആൾമറയില്ലാകിണറോരത്ത്
വെയിൽവഴുക്കും
പാളിമേഘത്തണലോരത്ത്…
വീടാരത്ത്
വിരുന്നുവന്ന
നാറോത്ത് ദിനേശന്റെ
നെഞ്ചിലെ ചൂടാറുംമുമ്പേ
കൊത്തിയിട്ടചീങ്കപ്പണകളിൽ
ചിറകുവിരിച്ചു നടപ്പുണ്ട്
അടുത്ത കുംഭത്തിൽ
വളർച്ചമുറ്റീടും
നേർച്ചക്കോഴി…
കിടക്കയിൽ
കിതച്ചൊന്നു നടുവുനിവർക്കവെ
ശിരസ്സുപൊട്ടുംകടച്ചിൽ
അടിവയറ്റിൽ കലശലായ്
കടിച്ചൂറ്റിക്കുടിച്ചരക്തം
ഒലിച്ചിറങ്ങുന്നു കീഴ് വായുവിൽ
പിടിച്ചിരുത്താൻ
അമ്മ മാത്രം
എന്റെ അമ്മ
മുണ്ടയാടൻ ചീരുവമ്മ…

ജയനൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *