ഉറക്കത്തിനും യാത്രയ്ക്കും
തുല്യപ്രാധാന്യമുള്ള രാത്രിയുടെ
നിർണ്ണായകഘട്ടത്തിൽ
മിഴിപൂട്ടി തപസ്സിരിക്കുന്ന
കലാച്ചി വാക്കിലൊതുക്കി
മിഴിയടർന്നു പെയ്തു തോർന്നപ്പോൾ
മഷിതീർന്ന ചില്ലുക്കുപ്പിയിൽ
തൂലിക മുങ്ങിത്തപ്പുന്നു സിന്നിനെ.
മീരയുടെ എഴുത്ത് മുറങ്ങളിൽ
ചാണകം തേച്ചു മിനുക്കിയ
വിത്തടയാളങ്ങൾ അഴലിന്റെ
ആഴങ്ങളിൽ അനാഥശവം പോലെ
തണുപ്പിന്റെ ഉള്ളറകളിൽ
പേരില്ലാത്ത സംഖ്യകൾ മാത്രമായ്,
യാരുമറിയാതെ പൂട്ടി വെക്കുന്നു
നാളെയുടെ സംസ്ക്കാരചടങ്ങിനായി.
ആരോപണത്തിന്റെ അടിസ്ഥാന_
ഭാവത്തിൽ തുറന്ന രണ്ടു താളുകൾ
ഒന്നിച്ച് കൂട്ടിവായിക്കുമ്പോൾ
ഒന്ന് ഒന്നിനോടു സാമ്യമുണ്ടെന്ന
ചില ഭ്രാന്തൻ തോന്നലുകളാൽ
സാമ്യാരോപണം പൂരപ്പാട്ട് പറകൊട്ടി
പാടുമ്പോൾ കഥാപാത്രങ്ങൾ
ഓടിഒളിക്കുന്നു കഥാകൃത്തിലേയ്ക്ക്.
വിരലിൽ ഉമ്മവെയ്ക്കുന്ന
എഴുത്താണിയുടെ ഞരമ്പുകളിൽ
ഹൃദയം പൊട്ടുന്ന രക്തയോട്ടങ്ങളുടെ
ശീതസമരം നടന്നുട്ടുണ്ടാവാം,
ഒന്ന് ഒന്നിനോടുകൂട്ട് ചേർന്ന്
വായിക്കപ്പെടണമെന്നുണ്ടെങ്കിൽ
ഇരു മനസ്സിലും ഇരുത്തം വന്ന
ചിന്തകളുടെ ആത്മാവിലും
ജീവിതത്തേരോട്ടം പന്തയംവെച്ചു
കളിച്ചു കാലം കടന്നു പോയിട്ടുണ്ട്.
അനുഭവങ്ങളുടെ പുറന്തോടുകൾ
പൊട്ടിയടരുമ്പോൾ ആജ്ഞാനു _
വർത്തികൾ പുസ്തകത്തിന്റെ
ഉള്ളു കാണാതെ പുറം ചട്ടകൾ
മാത്രം കണ്ടു മടങ്ങുന്നു,
അഭിപ്രായ മില്ലാതെ സത്യങ്ങൾ മറച്ചു പിടിച്ച്,
ചില കാഴ്ചകൾ പൂർത്തികരണ
മില്ലാത്ത പുറം ചട്ടകൾ മാത്രമാണ്.
മീര, കണ്ണന്റെ മായാ മോഹനത്തിൽ
കലാച്ചിയോടൊത്ത് ഇപ്പോഴും ഉറക്കെ ചിരിക്കുന്നു,
തീരാത്ത കൊതിയോടെ ഹരിത സാവിത്രി
മഞ്ഞു കാലത്തിൽ സിന്നുമായി തീ കാഞ്ഞു രസിക്കുന്നു
പകർത്തിയെഴുത്തിന്റെ വിവാദത്തിൽ
പരസ്പരം കട്ടെടുക്കാത്ത അക്ഷരങ്ങ_ ളിപ്പോഴുമുണ്ട്
മരിക്കാത്ത മണ്ണാടയാള ങ്ങൾ പോലെ
ഭൂമിയിൽ തളിർത്ത്.
ആരെയാണ് ആദ്യംപെറ്റതെന്ന്
ഉറക്കെ വിളിച്ചു പറയാൻ
അക്ഷരങ്ങളുടെ മാതാപിതാക്കൾ
അത്യാഹിതവിഭാഗത്തിൽ കനുത്ത
മൂർച്ചയുള്ള നാരായത്തിന്റെ സൂചിമുന
കൊണ്ട് പേ പിടിച്ചു കിടക്കുന്നു
ആരാദ്യ,യുണരുമെന്നറിയില്ല.
ആരുടെ ഉയിര് പോകുമെന്നറിയില്ല.
കരിയിലകൾ പോലെ പുകഞ്ഞു
കത്തുന്ന ആരോപണങ്ങളിൽ
പ്രാണൻ നിലച്ച അക്ഷരവിത്തുകൾ
ഒന്നു കലാച്ചിയും മറ്റൊന്ന് സിന്നും…

By ivayana

Leave a Reply

Your email address will not be published. Required fields are marked *