പ്രമേഹത്തേക്കുറിച്ചും , അതിന് നാം കഴിക്കുന്ന മരുന്നുകൾ ശരീരത്തിൽ എങ്ങനെയൊക്കേയാണ് പ്രവർത്തിക്കുന്നത് എന്നതിനേക്കുറിച്ചുമുള്ള ലളിതമായ ചില അറിവുകൾ .

ടൈപ്പ് 2 പ്രമേഹം :

നമ്മുടെ ശരീരത്തിനുള്ളിൽ യഥാർത്ഥത്തിൽ എന്താണ് നടക്കുന്നത് ? 🤔
നമ്മളിൽ പലരും പ്രമേഹത്തിന് മരുന്നുകൾ കഴിക്കുന്നുണ്ട് . എന്നാൽ , നാം കഴിക്കുന്ന ആ ഗുളികകൾ നമ്മുടെ ഉള്ളിൽ ചെന്ന് എന്താണ് ചെയ്യുന്നതെന്ന് അറിയാമോ ?
പലപ്പോഴും ഇതൊരു വലിയ ചോദ്യചിഹ്നമാണ് . പ്രമേഹത്തേക്കുറിച്ചും , അതിന്റെ മരുന്നുകളുടെ പ്രവർത്തനത്തേക്കുറിച്ചും വളരേ ലളിതമായി ഒന്ന് മനസ്സിലാക്കാം .
എന്താണ് ടൈപ്പ് 2 പ്രമേഹത്തിൽ ശരീരത്തിനുള്ളിൽ സംഭവിക്കുന്നത് ?
നാം കഴിക്കുന്ന ആഹാരം ദഹിച്ച് ഗ്ലൂക്കോസ് ( പഞ്ചസാര ) ആയി രക്തത്തിലെത്തുന്നു . ഈ ഗ്ലൂക്കോസ് രക്തത്തിലൂടെ സഞ്ചരിച്ച് നമ്മുടെ ശരീരത്തിലെ കോശങ്ങളിൽ എത്തിയാൽ മാത്രമേ നമുക്ക് ആവശ്യമായ ഊർജ്ജം ( Energy ) ലഭിക്കൂ .

കോശങ്ങളുടെ വാതിൽ തുറന്ന് ഗ്ലൂക്കോസിനെ അകത്തേക്ക് കയറ്റിവിടുന്ന താക്കോൽ ആണ്
‘ ഇൻസുലിൻ ‘ ( Insulin ) . എന്നാൽ , ടൈപ്പ് 2 പ്രമേഹമുള്ളവരിൽ സംഭവിക്കുന്നത് , പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉണ്ടാക്കുന്നുണ്ടെങ്കിലും കോശങ്ങൾ ആ ഇൻസുലിനോട് പ്രതികരിക്കില്ല ( Insulin Resistance ) . അതായത് , കോശങ്ങളുടെ വാതിൽ തുറക്കില്ല . ഫലമോ ? ഗ്ലൂക്കോസിന് അകത്തുപോകാൻ പറ്റാതെ രക്തത്തിൽ തന്നെ കെട്ടിക്കിടക്കുന്നു , കോശങ്ങൾക്ക് ഊർജ്ജം കിട്ടാതെ വരികയും നമ്മൾ നിരന്തരം ക്ഷീണിതരായി മാറുകയും ചെയ്യുന്നു . രക്തത്തിൽ പഞ്ചസാര കൂടിനിൽക്കുന്നത് നമ്മുടെ രക്തക്കുഴലുകളുടെ വഴക്കം ( Elasticity ) നഷ്ടപ്പെടുത്തുകയും ചെയ്യും .

പ്രമേഹ മരുന്നുകൾ ഉള്ളിൽ ചെന്ന് എന്താണ് ചെയ്യുന്നത് ? നമ്മൾ കഴിക്കുന്ന മരുന്നുകൾ ഈ പ്രശ്നങ്ങളേയാണ് പ്രധാനമായും പരിഹരിക്കുന്നത് :
മെറ്റ്ഫോർമിൻ ( Metformin ) :
ഇത് നമ്മുടെ കോശങ്ങളുടെ
‘ റെസിസ്റ്റൻസ് ‘ കുറയ്ക്കാൻ സഹായിക്കുന്നു . അതായത് , കോശങ്ങളെ ഇൻസുലിനോട് കൂടുതൽ അനുകൂലമായി പ്രതികരിക്കാൻ പ്രേരിപ്പിക്കുകയും , രക്തക്കുഴലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു .
മറ്റ് മരുന്നുകൾ ( Glimepiride , Sitagliptin തുടങ്ങിയവ ) :
പാൻക്രിയാസിനെ ഉത്തേജിപ്പിച്ച് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാനും , ഭക്ഷണത്തിന് ശേഷമുള്ള ഷുഗർ പെട്ടെന്ന് നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു .

ഡപാഗ്ലിഫ്ലോസിൻ ( Dapagliflozin ) :
രക്തത്തിലുള്ള അധിക പഞ്ചസാരയെ മൂത്രത്തിലൂടെ പുറന്തള്ളാൻ സഹായിക്കുന്ന മറ്റൊരു പ്രധാന മരുന്നാണിത് .
എന്തുകൊണ്ട് ഈ അറിവ് പ്രധാനം ?
മരുന്നുകൾ വെറുതേ കഴിക്കുകയല്ല , ശരീരം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് അറിഞ്ഞുകൊണ്ട് മരുന്നുകളേയും , ഭക്ഷണക്രമത്തേയും , വ്യായാമത്തേയും സമീപിക്കുമ്പോൾ പ്രമേഹത്തെ നമുക്ക് വളരെ എളുപ്പത്തിൽ വരുതിയിലാക്കാം .

ടൈപ്പ് 2 പ്രമേഹം നമ്മുടെ രക്തക്കുഴലുകളുടേയും , നാഡികളുടേയും ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നത് എങ്ങനെയെന്നും
അത് ഹൃദയത്തേ അപകടത്തിലാക്കുന്നത് എങ്ങനേയെന്നും വളരെ ലളിതമായി താഴെ കാണുന്ന രീതിയിൽ മനസ്സിലാക്കാം :
​രക്തത്തിൽ പഞ്ചസാരയുടെ അളവ് ദീർഘകാലം കൂടിനിൽക്കുന്നത് രക്തക്കുഴലുകളുടെ ഭിത്തികളേ കേടുവരുത്തുകയും , അവയുടെ സ്വാഭാവികമായ വഴക്കം നഷ്ടപ്പെടുത്തി കടുപ്പമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു . നാഡികൾക്ക് ആവശ്യമായ രക്തം എത്തിക്കുന്ന ചെറിയ കുഴലുകൾക്ക് ഈ തകരാറുകൾ മൂലം കേടുപാടുകൾ സംഭവിക്കുന്നത് വഴി കൈകാലുകളിൽ മരവിപ്പോ , നീറ്റലോ അനുഭവപ്പെടാം . ഹൃദയപേശികളിലേക്ക് രക്തം എത്തിക്കുന്ന പ്രധാന രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടി അവ ഇടുങ്ങി വരുന്നത് ഹൃദയത്തിന് ആവശ്യത്തിന് ഓക്സിജൻ ലഭിക്കുന്നത് തടയുന്നു . രക്തക്കുഴലുകൾക്ക് കടുപ്പം കൂടുമ്പോൾ ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ കൂടുതൽ ആയാസം വേണ്ടിവരുന്നു , ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു . രക്തയോട്ടത്തിലെ ഈ തടസ്സങ്ങളും , ആയാസവും ആത്യന്തികമായി ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയത്തിന്റെ പമ്പിങ് ശേഷി കുറയുന്ന അവസ്ഥയിലേക്കും നയിച്ചേക്കാം .

ടൈപ്പ് 2 പ്രമേഹം രക്തത്തിലെ ചെറിയ രക്തക്കുഴലുകളെ തകരാറിലാക്കുന്നത് കൊണ്ടാണ് കിഡ്നിയെ ബാധിക്കുന്നത് . നമ്മുടെ കിഡ്നിയിലെ ദശലക്ഷക്കണക്കിന് ചെറിയ ഫിൽട്ടറുകളിലൂടേയാണ് രക്തം ശുദ്ധീകരിക്കപ്പെടുന്നത് . രക്തത്തിൽ പഞ്ചസാര കൂടിനിൽക്കുമ്പോൾ ഈ ഫിൽട്ടറുകളിലേക്കുള്ള സൂക്ഷ്മമായ രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും , അവയുടെ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്യുന്നു . ഇത് മൂലം രക്തത്തിലെ പ്രോട്ടീൻ മൂത്രത്തിലൂടെ പുറത്തുപോകാനും , കാലക്രമേണ കിഡ്നിയുടെ ഫിൽട്ടറിങ് ശേഷി പൂർണ്ണമായി നഷ്ടപ്പെട്ട് പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയിലേക്ക് ( Kidney Failure ) നയിക്കുകയും ചെയ്യും .

പ്രമേഹ മരുന്നുകളും , ഇൻസുലിനും രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുമെങ്കിലും അവയ്ക്ക് ചില പാർശ്വഫലങ്ങൾ ഉണ്ടാകാറുണ്ട് . മെറ്റ്ഫോർമിൻ കഴിക്കുമ്പോൾ ചിലർക്ക് വയറുവേദനയോ , ദഹനക്കുറവോ ഉണ്ടാകാം . ഗ്ലിെപിറൈഡ് പോലുള്ള മരുന്നുകളും , ഇൻസുലിനും രക്തത്തിലെ പഞ്ചസാര പെട്ടെന്ന് വളരെ കുറഞ്ഞുപോകാൻ ( Hypoglycemia ) ഇടയാക്കി തലകറക്കം അല്ലെങ്കിൽ വിറയൽ ഉണ്ടാക്കാം . ഡപാഗ്ലിഫ്ലോസിൻ മൂത്രത്തിലൂടെ പഞ്ചസാര പുറന്തള്ളുന്നതിനാൽ മൂത്രനാളിയിൽ അണുബാധയ്ക്കുള്ള സാധ്യത കൂട്ടാം . കൂടാതെ , ചില മരുന്നുകൾ ശരീരഭാരം വർദ്ധിപ്പിക്കാനും കാരണമാകാറുണ്ട് .

ഭക്ഷണം ഒഴിവാക്കുമ്പോൾ പ്രമേഹത്തിനുള്ള മരുന്നുകളോ , ഇൻസുലിനോ പതിവുപോലെ കഴിച്ചാൽ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ രീതിയിൽ പെട്ടെന്ന് താഴാൻ ഇടയാക്കും . ഹൈപ്പോഗ്ലൈസീമിയ എന്ന് വിളിക്കുന്ന ഈ അവസ്ഥയിൽ രക്തത്തിൽ ഗ്ലൂക്കോസ് കുറയുന്നത് മൂലം തലച്ചോറിന് ആവശ്യത്തിന് ഊർജ്ജം ലഭിക്കാതെ വരികയും , കടുത്ത തലകറക്കം , വിറയൽ , അമിത വിയർപ്പ് , ബോധക്ഷയം എന്നിവ ഉണ്ടാകുകയും ചെയ്യും . ഈ സമയത്ത് രക്തത്തിലേക്ക് പെട്ടെന്ന് ഗ്ലൂക്കോസ് എത്തിക്കാൻ പഞ്ചസാരയോ , മധുരമുള്ള പാനീയങ്ങളോ കഴിക്കാൻ നിർദ്ദേശിക്കുന്നത് അതുകൊണ്ടാണ് . അതിനാൽ , പ്രമേഹമുള്ളവർ ഒരിക്കലും ഭക്ഷണം ഒഴിവാക്കിക്കൊണ്ട് മരുന്നുകൾ കഴിക്കാൻ പാടില്ല .

തട്ടാരി രവീന്ദ്രനാഥ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *