💖💖
അച്ഛനാത്മാർത്ഥമായ് തെളിച്ചതാം കരളുപോൽ
അമ്മയിൽനിന്നാദ്യ, നന്മതന്നമൃതുപോൽ
അനുഗ്രഹാർഷം ചൊരിഞ്ഞീടവേ, ഗുരുവരർ
അതിധന്യമാക്കീല്ലെയുന്മേഷപുലരികൾ ?
ഗുണോത്കൃഷ്ട കരളിന്നുണർവ്വായ് നിരന്തരം
ഗുരുവിൻ മഹാവാക്യമോർക്ക,നാം സാദരം
ഗുപ്തദാനത്തിൻ ഹരി ചിന്തയ്ക്കുമാദരം
ഗുണവരംപോലുപരിയുണരുമാ, തിരുവരം.
നിധിപോലെ കാത്തുകൊൾകെല്ലാമനുഗ്രഹം
നിർണ്ണയമലിയട്ടെയരുവിപോൽ നി,ന്നഹം
നിദർശനമേകിയുണർത്തുപരി,യാഗ്രഹം;
നിൻ മനോമുകുരവും നന്മതൻ വിഗ്രഹം.
മഹിമതൻ മകുടമായുദയകാലങ്ങൾതൻ
മധുരവുമായ് വരും പ്രിയ ഭാഗ്യമാരുതൻ
മന്ദോഷ്ണമേകിലും മതിമറക്കരുത് നിൻ
മഹനീയ കർമ്മങ്ങൾ നുകരുന്നു തമ്പുരാൻ.
ചെറുത്തു തോൽപ്പിച്ചകറ്റീടാമിരുൾദിനം
ചെവിയോർക്കിലേകാം; അപരനതിജീവനം
ചെറു ചെരാതായിത്തിളങ്ങട്ടെ നിന്മനം
ചെങ്കതിരെന്നപോ,ലുണരട്ടെയനുദിനം.
ജഗത്പതി മനസ്സിലായേകുന്നുഷസ്സുകൾ
ജാഗ്രതയോടുണർത്തുന്നുദയ ചിന്തകൾ
ജന്മദേശംപോൽ നിൻ മാതൃസ്മരണകൾ
ജന്മംമുതൽത്തിളങ്ങുന്നതാം നന്മകൾ.
കംസമനമാകാതിവിടെ വസിക്കണം
കനകസ്വപ്നങ്ങൾതൻ കതിരായുണരണം
കരളിലായ് നന്മതൻ പുലരികളേകണം;
കവിതപോൽ മനസ്സുകൾക്കേ,കാർദ്ര തേൻകണം.
ബദ്ധാഞ്ജലിയോടെതിരേൽക്ക; ബന്ധവും
ബന്ധുരമാക്കിടാം; സുകൃതപ്രഭാതവും
ബലികഴിക്കുന്നിവിടെയപരന്റെ മാനവും
ബധിരത ബാധിച്ചപോലാ,ണുപരി ലോകവും.
നന്ദിയോടോർക്ക,നി-ന്നാദ്യ പുലരിതൻ
നവ്യമാം വർണ്ണവുമൊപ്പമാ, നന്മതൻ
നയനങ്ങ,ളാർദ്രവദനങ്ങ,ളരുമതൻ
നാവിൽപ്പുരണ്ടതാ,മമൃതാർന്ന മാതൃതേൻ.

അൻവർ ഷാ

By ivayana

Leave a Reply

Your email address will not be published. Required fields are marked *