ജനിച്ച നാൾ തൊട്ടേ കൂടെയുണ്ടായിരുന്നു
ശ്വാസത്തിനും സ്വപ്നത്തിനും അവകാശം;
സ്വന്തം വഴികളിലൂടെ നടക്കാൻ പോലും
അന്യന്റെ അനുവാദം കാത്തുനിൽക്കുന്നു!
അതിരുകൾ തീർത്ത് ചിലർ നിൽക്കുന്നു,
അവകാശങ്ങൾ അളന്നുതരുന്നു;
ജന്മം നൽകിയ സ്വാതന്ത്ര്യത്തിനു മേൽ
അധികാരത്തിന്റെ വേലികൾ ഉയരുന്നു.
സ്നേഹമെന്ന പേരിൽ ചില കൈകൾ
ഹൃദയത്തിനു ചുറ്റും ചങ്ങലയിടുന്നു;
ചിറകുകൾ നൽകേണ്ട കരങ്ങൾ പോലും
ആകാശത്തിന്റെ അതിരുകൾ കുറിക്കുന്നു.
ബന്ധങ്ങൾ തടവറകളാകരുത്,
അടുപ്പം അധികാരമാകരുത്;
ഇടം കൊടുക്കാത്ത സ്നേഹമൊക്കെയും
അദൃശ്യമായൊരു ബന്ധനമാണ്.
വാക്കുകൾക്ക് ശബ്ദമുയർത്താം,
മൗനത്തിനും ഇടമുണ്ടാകണം;
പറയാത്ത വേദനകളുടെ ഉള്ളിലും
സ്വന്തമായൊരു ലോകമുണ്ടാകണം.
അവകാശം മറ്റൊരാളെ കീഴടക്കലല്ല,
അന്യന്റെ അതിരുകൾ മാനിക്കലാണ്;
എന്റെ ആകാശം എനിക്കുള്ളതുപോലെ
നിന്റെ ചിറകും നിനക്കുള്ളതാണ്.
അവിടെ തുടങ്ങുന്നു യഥാർത്ഥ നീതി,
അവിടെ പൂക്കുന്നു മനുഷ്യത്തം;
അവകാശം വെറുമൊരു വാക്കല്ല,
പരസ്പരം തിരിച്ചറിയുന്ന സ്വാതന്ത്ര്യമാണ്!

രവനിഷ് രാമൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *