ഒരുകാലത്ത് കൊലപാതകം എന്ന് കേൾക്കുമ്പോൾ നമ്മൾ ഓർത്തിരുന്നത് വലിയ ക്രിമിനലുകളെയായിരുന്നു. പകയും, സ്വത്തും, കുടുംബ വഴക്കും ഒക്കെയായിരുന്നു കാരണങ്ങൾ. എന്നാൽ ഇന്ന് പത്രം തുറന്നാൽ കാണുന്നത് വേറെയാണ്. കൊലപാതകം ചെയ്യുന്നവരിൽ ഭൂരിഭാഗവും 18 നും 30 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരാണ്. ചിലപ്പോൾ 16 വയസ്സുള്ള കുട്ടികൾ പോലും.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
ദേഷ്യം നിയന്ത്രിക്കാൻ പഠിക്കാത്ത തലമുറ
ഇന്നത്തെ ചെറുപ്പക്കാർക്ക് എല്ലാം പെട്ടെന്ന് വേണം. ലൈക്ക് വേണം, ഫോളോവേഴ്സ് വേണം, പണം വേണം, സ്നേഹം വേണം. കിട്ടാതെ വരുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. ചെറിയ ഒരു വാക്ക് തർക്കം, ചെറിയ ഒരു നോട്ടം, ഇൻസ്റ്റാഗ്രാമിലെ ഒരു കമന്റ്, ഇതൊക്കെ മതി ഇപ്പോൾ കൊലപാതകത്തിലേക്ക് എത്താൻ.

സിനിമയും സോഷ്യൽ മീഡിയയും
സിനിമയിൽ വില്ലനാണ് ഇന്ന് ഹീറോ. കൊല്ലുന്നത് സ്റ്റൈലാണ്. രക്തം കാണുന്നത് മാസ്സാണ്. ഇത് കണ്ടു വളരുന്ന ചെറുപ്പക്കാരന് കൊലപാതകം ഒരു വലിയ കാര്യമായി തോന്നുന്നില്ല. ജീവന്റെ വിലയെക്കുറിച്ച് ഒരു ബോധവുമില്ലാതായി.
ലഹരിയും സൗഹൃദങ്ങളും
പല കേസുകളിലും പിന്നിൽ ലഹരിയാണ്. ലഹരി ഉപയോഗിച്ചുള്ള സൗഹൃദങ്ങൾ, ലഹരിക്ക് വേണ്ടിയുള്ള പണം, ലഹരിയിൽ ഉണ്ടാകുന്ന തർക്കങ്ങൾ. അവിടെ ഒരു ചെറിയ തർക്കം വലിയ കൊലപാതകത്തിലേക്ക് മാറുന്നു.
കുടുംബവും സമൂഹവും കൈവിട്ടപ്പോൾ
മുൻപ് ഒരു കുട്ടി തെറ്റ് ചെയ്താൽ തിരുത്താൻ അച്ഛനും അമ്മയും നാട്ടുകാരും ഉണ്ടായിരുന്നു. ഇന്ന് ആരും ആരെയും പറയുന്നില്ല. “എന്റെ കുട്ടിയെ പറയാൻ നീ ആരാ” എന്നായി. അച്ഛനമ്മമാർ ഫോണിൽ തിരക്കിലാണ്, മക്കൾ ഫോണിൽ തിരക്കിലാണ്. വീട്ടിൽ സംസാരമില്ല.
നിയമത്തെ പേടിയില്ല
ചെറുപ്പക്കാർക്ക് ഇന്ന് നിയമത്തെ പേടിയില്ല. “ജുവനൈൽ ആണ്, 2 വർഷം കഴിഞ്ഞാൽ പുറത്തിറങ്ങാം” എന്ന ചിന്ത. ജയിലിൽ പോകുന്നത് പോലും ഒരു വലിയ കാര്യമല്ലെന്ന് കരുതുന്നവരുണ്ട്.

ചെറുപ്പക്കാർ കൊലപാതകികളാകുന്നത് അവർ ജനിച്ചത് കൊണ്ടല്ല. നമ്മൾ അവരെ അങ്ങനെ ആക്കിയതാണ്. ദേഷ്യം നിയന്ത്രിക്കാൻ പഠിപ്പിക്കാതെ, സ്നേഹിക്കാൻ പഠിപ്പിക്കാതെ, ജീവന്റെ വില പഠിപ്പിക്കാതെ, ഫോണിന്റെ മുന്നിൽ വളർത്തിയതിന്റെ ഫലമാണിത്.

By ivayana

Leave a Reply

Your email address will not be published. Required fields are marked *