രചന : രാ ഗേ ഷ് ✍️
ഒടുവിലയാൾ
കുടി നിർത്താനുള്ള
കടുത്ത തീരുമാനമെടുക്കുന്നു;
അടുത്ത ദിവസം
പാസ്സാവാതെ കിടന്നിരുന്ന
ഒരു അജ്ഞാത ലോൺ പാസ്സാവുന്നു!.
സന്തോഷിക്കുന്നു,
രണ്ടെണ്ണം അടിക്കണമെന്ന് തോന്നുന്നു,
അയാൾ
മീൻചട്ടിക്ക് ചുറ്റും നടക്കുന്ന
കണ്ടനെപ്പോലെ
ബാറിന്റെ ഗേറ്റിന് മുൻപിലൂടെ
തലങ്ങും വിലങ്ങും സ്‌കൂട്ടിയോടിക്കുന്നു,
അനന്തരം
പച്ചക്ക് തന്നെ മടങ്ങുന്നു.
അതിനടുത്ത ദിവസം
അയാളെ ഓണം ബംബർ കടാക്ഷിക്കുന്നു !
(ഇത് ഓണക്കാലമല്ലല്ലോയെന്ന് അയാൾ ഓർക്കുന്നതേയില്ല!)
‘രണ്ടെണ്ണം അടിക്കാതെ എങ്ങനെ?’
എന്ന് തെങ്ങോലയിലിരുന്ന്
നാടൻ കാക്കകൾ തല ചൊറിയുന്നു,
പുഴയിൽനിന്നും കരയ്ക്ക് ചാടിയ
മുഴുത്ത കരിമീൻ ഒന്ന്
ടച്ചിങ്‌സ് ആവാനുള്ള
മൂത്ത സന്നദ്ധത അറിയിക്കുന്നു.
അനന്തരം
ബീവറേജിന് മുൻപിലെ
പിരിയൻ വരിയിൽ ഒടുവിലാനായി
അയാൾ തെളിഞ്ഞു കാണപ്പെടുന്നു,
എന്നിട്ടും!
നീളൻ മണിക്കൂറിനൊടുവിൽ
കൗണ്ടറിലെ
ജീവനക്കാരനെ നോക്കി പുഞ്ചിരിച്ച്
“സുഖമല്ലേ?” എന്ന
അശ്ലീല ചോദ്യം മാത്രമെറിഞ്ഞ്
ഇറങ്ങി നടക്കുമ്പോൾ
പിറകിലൊരു ലോകം
ഏറിയ അത്ഭുതം ഛർദിച്ചിടുന്നു.
മൂന്നാം നാൾ,
ഉയിർത്തെഴുനേൽപ്പാവുമോ എന്നയാൾ
ഭയപ്പെട്ടാൽ അത്ഭുതപ്പെടാനില്ല.
സാരാംശം :ഒരാൾ നന്നാവാൻ തീരുമാനിച്ചാൽ ലോകം മുഴുവൻ അതിന് എതിര് നിൽക്കും.

