രചന : വിദ്യ സുരേഷ് ✍️
തിരമാലകളായി മനുഷ്യർ
വന്നു പോകുന്ന ക്ഷേത്രങ്ങളുണ്ട്..
ഏറെനേരം കാത്തിരുന്നു
കണ്ടു പോകുന്ന ദൈവങ്ങളുണ്ട്..
എനിക്കാഭക്തിയോട് പ്രതിപത്തിയില്ല..
പ്രണയവുമില്ല..
എന്നിലെ ഏറ്റവും ആഴമുള്ള
മൗനങ്ങൾ എല്ലാം..
എന്റെ പ്രാർത്ഥനകളാണ്..
അതാവാം..
ഞാൻ എപ്പോഴുമീ..
ആറ്റോരം പടർന്ന ആൽമരച്ചുവട്ടിലെ
കാവൽ ദൈവത്തിനരികിലേക്ക്
തന്നെ തിരിച്ചു പോകുന്നത്..
ആകാശ മേൽക്കൂരയാണിവിടം,
ജപമന്ത്രമുരുവിടും കാറ്റലകൾ,
ഉതിരുന്ന ഇലകളുടെ പൂജ..
മണിനാദമോ,ആഘോഷമോയില്ല.
കണക്കുപറയുന്ന വഴിപാടുകളും ഇല്ല.
ഞാനവിടെ പ്രാർത്ഥനകളൊന്നും ചൊല്ലാറില്ല..
വെറുതെയിങ്ങനെ ഉള്ളിലുറഞ്ഞ ഭാരങ്ങളൊക്ക..
അവന്റെ കാൽ ചുവട്ടിൽ
ഇറക്കി വയ്ക്കും..
അവയെല്ലാം ഉതിർന്ന ഇലകളായി..
അവന് ചുറ്റുമങ്ങനെ കിടക്കും..
ചിലപ്പോഴൊക്കെ
ഞാൻ അവനോട് ചിരിക്കും,
വഴക്കിടും,കൂട്ടുകൂടും,പരാതി പറയും..
അപ്പോഴും അവൻ മിണ്ടാറില്ല..
വിശുദ്ധമായ നിശബ്ദതയോടെ
എത്രയൊക്കെ പരിഭവിച്ചാലും
അവൻ മുഖം തിരിക്കാതെ കേട്ടിരിക്കും.
ആത്മാവിൽ തൊട്ട ചന്ദനകുളിരായി..
ആകെ പൊതിഞ്ഞോരിളം കാറ്റായ്..
അവൻ സാന്നിധ്യമാകും.
✍️വിദ്യ💕
