രചന : ശ്രീകുമാർ കൈമുക്ക് ✍️
നന്തുണി മീട്ടൂ, നന്തുണി മീട്ടൂ,
നാഗമുണരട്ടെ — നാദമുണരട്ടെ;
കാവിലെ മണ്ണിൽ കനലൊന്നു തെളിയട്ടെ,
കാറ്റിലെ മന്ത്രം ചിറകുവിടട്ടെ.
ആടിവാ നാഗമേ, ആടിവാ നാഗമേ,
ആയിരം ഫണത്തിലെ ദീപവുമായ്;
ആടിവാ നാഗമേ, ആടിവാ നാഗമേ,
ആദിമണ്ണിന്റെ അനുഗ്രഹമായ്.
മരതകമേനി മയക്കം വെടിഞ്ഞ്,
മഞ്ഞണിക്കാവിൽ മിഴിതുറക്കൂ;
വാസുകിനാമം നാവിലുണർത്തി,
വനദേവതയുടെ വഴിയിലിറങ്ങൂ.
ആടിവാ നാഗമേ, ആടിവാ നാഗമേ,
ആയിരം ഫണത്തിലെ ദീപവുമായ്;
ആടിവാ നാഗമേ, ആടിവാ നാഗമേ,
ആദിമണ്ണിന്റെ അനുഗ്രഹമായ്.
നാവൂറു പാടും പാണന്റെ നാവിൽ
നാദബ്രഹ്മാമൃതം തുളുമ്പിടുമ്പോൾ,
നന്തുണിത്തന്തിയിലെ ഓരോ വിറയലും
നാഗമന്ത്രാക്ഷരമായി വിരിയും.
ഓടിവാ നാദമേ, ഓടിവാ നാദമേ,
ഓർമ്മയുടെ കാവിലേയ്ക്ക് ഒഴുകിവാ;
പാടിവാ പാണനേ, പാടിവാ പാണനേ,
പാമ്പിന്റെ പുണ്യകഥ പാടിവാ.
കന്നിമണ്ണിൻ നെഞ്ചിലെ വേരുകൾ കാക്കൂ,
കാവിലെ നീർത്തുള്ളി കാത്തിടേണം;
മണ്ണും മനുഷ്യനും വേറല്ലെന്നൊരു
മൗനോപദേശം നീ ചൊല്ലിടേണം.
ആടിവാ നാഗമേ, ആടിവാ നാഗമേ,
ആയിരം ഫണത്തിലെ ദീപവുമായ്;
ആടിവാ നാഗമേ, ആടിവാ നാഗമേ,
ആദിമണ്ണിന്റെ അനുഗ്രഹമായ്.
നന്തുണി മൗനത്തിൽ താഴുന്ന നേരം
നാഗനാമം ഉള്ളിൽ നിലച്ചിടരുതേ;
തലമുറ മാറിയാലും കാവിന്റെ ഹൃദയം
താളമായി ഭൂമിയിൽ തുടർന്നിടട്ടെ.

