രചന : സിദ്ദിഖ് പട്ട ✍️
കഴിഞ്ഞ ദിവസം എന്റെ ഒരു പഴയ സുഹൃത്ത് രഘുവിന്റെ ഗൃഹപ്രവേശനത്തിന് പോയി..
ഞായറാഴ്ച പോകാൻ പറ്റാത്തത് കൊണ്ട് ശനിയാഴ്ച രാത്രിയായിരുന്നു പോയത്..
എന്നെ കണ്ട ഉടനെ രഘുവിന്റെ പ്ലസ് ടുവിന് പഠിക്കുന്ന മകനും ഡിഗ്രിക്ക് പഠിക്കുന്ന മകളും ഓടിവന്ന് “സിദ്ദിക്ക” എന്നും വിളിച്ച് മകൻ എന്റെ കയ്യിൽ പിടിച്ച് വീട്ടിലേക്ക് ആനയിച്ചു..
രഘുവും അവന്റെ ഭാര്യയും എന്നെ ഊഷ്മളമായി വരവേറ്റു..
രഘുവിന്റെ പഴയ വീട്ടിൽ ഞാൻ പലപ്പോഴും പോയിട്ടുണ്ട്..
അവർക്കെല്ലാം ഞാൻ സുപരിചിതനാണ്..
രഘു എന്റെ കൈപിടിച്ച് വലിച്ച് ഒരിടത്തേക്ക് മാറ്റി എന്നോട് പറഞ്ഞു,
“ബാങ്ക് മാനേജരും അസിസ്റ്റന്റ് മാനേജരും ഉൾപ്പെടെ എന്റെ കൂടെ ജോലി ചെയ്യുന്നവരെല്ലാം മുകളിൽ സ്മാൾ അടിച്ചു കൊണ്ടിരിക്കുന്നുണ്ട് .നീ അവരുടെ കൂടെ കൂടി അവർക്ക് ഒരു കമ്പനി കൊടുക്കൂ” എന്ന്..
രഘുവിന് എന്നെ വർഷങ്ങളായി അറിയാം..
അവന്റെ അവസ്ഥ മനസ്സിലാക്കിയ ഞാൻ സന്തോഷത്തോടെ ആ ഉദ്യമം ഏറ്റെടുത്തു..
ഞാൻ നേരെ രണ്ടാം നിലയിലുള്ള മാസ്റ്റർ ബെഡ്റൂമിലേക്ക് ചെന്നു..
ശീതീകരിച്ച ആ മുറിയിൽ ഏഴ് പേർ ഉണ്ട്..
ആ ഏഴ് മുഖങ്ങളിൽ എനിക്ക് പരിചയമുണ്ടായിരുന്ന ഏകമുഖം ഉണ്ണികൃഷ്ണൻ മാഷിന്റെതായിരുന്നു..
അദ്ദേഹമായിരുന്നു ആ ബാങ്കിന്റെ മാനേജർ..
ബസ് സ്റ്റാൻഡിലെ സ്റ്റേജിന്റെ സ്റ്റോറൂം ആയി ഉപയോഗിച്ചിരുന്ന മുറി രണ്ട് ഭാഗം പൊളിച്ച് ഷട്ടർ ഇട്ടതാണ് എന്റെ കട..
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും എംപിമാരും തുടങ്ങി ഏത് നേതാക്കന്മാരും പ്രസംഗിച്ചിരുന്നത് എന്റെ കടയുടെ മുമ്പിലുള്ള ആ സ്റ്റേജിൽ നിന്നാണ്..
നാട്ടിലെ സ്വാതന്ത്ര്യ ചിന്തകരുടെ കൂട്ടായ്മ നടത്തിയ ഒരു പരിപാടിയുടെ ഭാഗമായി മുഖ്യപ്രഭാഷണം നടത്തിയിരുന്നത് ഉണ്ണികൃഷ്ണൻ മാഷ് ആയിരുന്നു..
അതിന്റെ സംഘാടകർ അങ്ങോട്ട് നൂറ് ചായ ഏൽപ്പിച്ചിരുന്നത് എന്നെയാണ്..
കൂടെക്കൂടെ ചായയും കൊണ്ട് സ്റ്റേജിലേക്ക് പോകേണ്ടി വന്നതുകൊണ്ട് ഉണ്ണികൃഷ്ണൻ മാഷിന്റെ പ്രഭാഷണം മുഴുവനും എനിക്ക് കേൾക്കാൻ കഴിഞ്ഞു..
പത്തോ പതിനഞ്ചോ മിനിറ്റേ അദ്ദേഹം സംസാരിച്ചുള്ളൂ..
മതത്തിനെ കൂട്ടുപിടിച്ച് മതത്തിന്റെ പേര് പറഞ്ഞ് ചിലർ നടത്തുന്ന പ്രവർത്തനങ്ങൾ നമ്മുടെ ഇന്ത്യയെ ഓരോ ദിവസവും താഴേക്ക് താഴേക്ക് കൊണ്ടുപോവുകയാണ് എന്നത് ഏതൊരു കടുത്ത വിശ്വാസിയെയും വേദനപ്പെടുത്താത്ത രീതിയിലായിരുന്നു ഉണ്ണികൃഷ്ണൻ മാഷ് സംസാരിച്ചത്..
പ്രസംഗത്തിനുശേഷം മാഷ് എന്റെ കടയിൽ വന്നായിരുന്നു ചായ കുടിച്ചത്..
അങ്ങനെയാണ് ഞങ്ങൾ പരിചയപ്പെടുന്നത്..
പിന്നീട് പലപ്പോഴും അദ്ദേഹം എന്റെ കടയിൽ ചായ കുടിക്കാൻ വന്നിട്ടുണ്ട്..
റൂമിലേക്ക് കയറിവന്ന എന്നെ കണ്ടയുടനെ മാഷ് ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് മുക്കാൽ ഭാഗത്തോളം കുടിച്ചുതീർത്ത മദ്യം നിറച്ച ഗ്ലാസ് വലത്തെ കയ്യിൽ നിന്ന് ഇടത്തെ കയ്യിലേക്ക് മാറ്റി ഹസ്തദാനത്തിനായി കൈ നീട്ടി..
കുറഞ്ഞ വാക്കുകൾ കൊണ്ട് ഞങ്ങൾ വിശേഷങ്ങൾ പങ്കുവെച്ചു..
ഞാൻ മറ്റ് ആറു പേർക്കും ഹസ്തദാനം നൽകി പേര് പറഞ്ഞ് പരസ്പരം പരിചയപ്പെട്ടു..
എല്ലാവരും മദ്യപിച്ചിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി..
സ്മോൾ ഒഴിച്ച് എന്റെ നേരെ ഗ്ലാസ് നീട്ടിയത് കൂട്ടത്തിലെ ചെറുപ്പക്കാരൻ റഹീസ് ആയിരുന്നു..
ഉണ്ണികൃഷ്ണൻ മാഷും കൂട്ടത്തിൽ പ്രായം തോന്നിക്കുന്ന കരുണാകരൻ സാറും ചെറുപ്പക്കാരനായ റഹീസും അവർ സംസാരിച്ചതിന്റെ തുടർച്ചയെന്നോണം വീണ്ടും സംസാരിച്ചു തുടങ്ങി..
മതങ്ങൾ ആയിരുന്നു അവരുടെ സംസാര വിഷയം..
മതങ്ങളും മതവിശ്വാസങ്ങളും മത ആചാരങ്ങളും നമ്മെ എങ്ങനെയൊക്കെയാണ് പിന്നോട്ട് നയിക്കുന്നത് എന്നതായിരുന്നു ഉണ്ണികൃഷ്ണൻ മാഷ് സംസാരിച്ചത്..
അജ്ഞതയും സാമ്പത്തിക ദാരിദ്ര്യവും അനാരോഗ്യവും ഉള്ള ഇടം മതങ്ങളെ തഴച്ച് വളരാൻ അനുവദിക്കും എന്നും അദ്ദേഹം പറഞ്ഞു..
മാഷ് സംസാരിച്ചതെല്ലാം മനുഷ്യരുടെ ഉന്നമനത്തിന് വേണ്ടിയായിരുന്നു..
വിശ്വാസിയാകാൻ വിദ്യാഭ്യാസമോ അറിവോ ഒന്നും ആവശ്യമില്ല. പക്ഷേ ഒരു അവിശ്വാസിയാകാൻ അതെല്ലാം വേണം എന്നാണ് റഹീസ് പറഞ്ഞുകൊണ്ടിരുന്നത്..
കരുണാകരൻ സാർ പറഞ്ഞത് മറ്റൊരു രീതിയിലായിരുന്നു..
കർമ്മം തന്നെയാണ് ആരാധന എന്നാണ് ഓരോ മതങ്ങളും പറയുന്നത് എന്നായിരുന്നു..
ആ കർമ്മങ്ങൾ ചെയ്യാൻ മനുഷ്യ മനസ്സിനെ ഉത്തേജിപ്പിക്കാനുള്ളതാണ് എല്ലാ ആരാധനകളും പ്രാർത്ഥനകളും എന്നാണ് അദ്ദേഹത്തിന്റെ പക്ഷം..
റഹീസിന്‍റെ സംസാരത്തിൽ മുഴുവൻ മുഴച്ചു നിന്നത് മതമാണ് അവന്റെ ഏക ശത്രു എന്നതാണ്..
മനസ്സിലായിട്ടും മനസ്സിലാകാതെയും പലപ്പോഴും ഉള്ളിൽ തോന്നിയ അനിഷ്ടം ഉള്ളിൽ ഒതുക്കിയും ചിരിച്ചും തലയാട്ടിയും വിനീത വിധേയന്റെ വേഷമണിഞ്ഞ് ഉന്നതാധികാരിയും സഹപ്രവർത്തകരും പറയുന്നത് കേൾക്കുകയായിരുന്നു അവരുടെ കൂടെയുണ്ടായിരുന്ന മറ്റ് നാലുപേർ..
.
റഹീസിനോടുള്ള അനിഷ്ടം ആ നാലുപേരിലും പ്രകടമായിരുന്നു..
ഞാൻ തുടക്കം മുതൽ നല്ല ഒരു ശ്രോതാവ് മാത്രമായിരുന്നു..
ഉണ്ണികൃഷ്ണൻ മാഷ് പറയുന്നതും കരുണാകരൻ സാർ പറയുന്നതും ശരിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് അവരോട് എനിക്ക് ഒന്നും ചോദിക്കാൻ ഉണ്ടായിരുന്നില്ല..
റഹീസിന് ഒരു മറുപടി കൊടുക്കണം എന്ന് എനിക്ക് തോന്നി..
ഞാൻ അവരോട് ഒരു കഥ പറയാൻ ആരംഭിച്ചു..
“അവളുടെ ഉമ്മയുടെ ഗർഭപാത്രത്തിൽ അവൾക്ക് രണ്ടുമാസം പ്രായമായപ്പോഴാണ് അവളുടെ ഉപ്പ മരിക്കുന്നത്”..
“എല്ലാ അർത്ഥത്തിലും അരക്ഷിതത്വം അനുഭവിച്ച് വളർന്ന അവൾ വിവാഹിതയായി. ആറുമാസം തികയുന്നതിന് മുമ്പ് വിവാഹമോചിതയും”..
“ഭർത്താവിനെയും ഭർത്താവിന്റെ വീട്ടുകാരെയും മക്കളെ പ്രസവിച്ച് അവരേയും പരിചരിക്കുക എന്നത് മാത്രമായിരുന്നു അന്നത്തെ പല മുസ്ലിം കുടുംബത്തിലെയും സ്ത്രീകളുടെ അവസ്ഥ”..
“പല യാതനങ്ങൾക്കും ഒടുവിൽ അവൾ വീണ്ടും വിവാഹിതയായി”..
“ഭർതൃവീട്ടുകാരുടെ പീഡനവും ഭർത്താവിന്റെ അവഗണനയും വായിൽ വിരലിട്ടാൽ പോലും കടിക്കാത്ത ആ പാവം സ്ത്രീയെ യാതനകളുടെ കൊടുമുടിയിൽ എത്തിച്ചു”..
“എല്ലാം സഹിച്ച് അവൾ ജീവിച്ചു”..
“5 കുട്ടികൾക്ക് ജന്മം നൽകി”..
“മൂപ്പാത്തിയഞ്ച് നാൽപ്പത് വയസ്സായപ്പോഴേക്കും അവൾ ഒരു പ്രമേഹ രോഗിയായി”..
“രണ്ട് ആൻജിയോ പ്ലാസ്റ്റി (സർജറി) ചെയ്തു”..
“പ്രമേഹം ചിലപ്പോൾ 500ഉം 600ഉം ഒക്കെ ആവാറുണ്ട്”..
“രണ്ട് നേരം ഇൻസുലിൻ എടുക്കുന്നുണ്ട്”..
“70 വയസ്സിനടുത്ത് പ്രായമുള്ള ആ സ്ത്രീയുടെ കൈവിരൽ ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട് അറിഞ്ഞ് അവരുടെ മകൻ ഡോക്ടറെ കാണിക്കാൻ പോകാൻ പറഞ്ഞപ്പോൾ ആ ഉമ്മ പറഞ്ഞത്, വർഷങ്ങളായി മരുന്ന് കഴിക്കുന്നത് കൊണ്ട് ഇങ്ങനെ ഉണ്ടാകും എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു എന്നും ഇത്രയൊക്കെ ആയില്ലേ?, ഇങ്ങനെയൊക്കെ മതിയിനി” എന്നുമാണ്”..
“ഇത്രയും കൊടിയ യാതനകൾക്കിടയിലും ആ സ്ത്രീയെ പ്രതീക്ഷയോടെ ജീവിക്കാൻ പ്രേരിപ്പിച്ചത് അവര് വിശ്വസിക്കുന്ന മതവും ദൈവവുമാണ്”..
“ഈ ജീവിതം നശ്വരമാണെന്നും ശാശ്വതമായ പരലോക ജീവിതത്തിൽ തനിക്ക് മഹത്തായ സ്ഥാനം ലഭിക്കാൻ വേണ്ടി ദൈവം തനിക്ക് തന്നതാണ് തന്റെ ഈ യാതനകളെല്ലാം എന്ന് ആ സ്ത്രീ വിശ്വസിക്കുന്നു”..
ഞാൻ പറഞ്ഞു തീർക്കുന്നതിന് മുമ്പാണ് രഘു ഭക്ഷണം കഴിക്കാൻ ക്ഷണിക്കാനായി റൂമിലേക്ക് വന്നത്..
ഞാൻ പെട്ടെന്ന് ചുരുക്കി വളരെ വേഗത്തിൽ എല്ലാവരോടുമായി, പ്രത്യേകിച്ച് റഹീസിനോട് പറഞ്ഞു,
“ആ സ്ത്രീയെ പോലെയുള്ള നമ്മുടെ അമ്മമാർക്കും മുത്തശ്ശിമാർക്കും നിരാലംബരായ മറ്റുള്ളവർക്കും വിശ്വാസം അവരുടെ ജീവിതത്തിൽ ഒരു വിളക്ക് ആകുമെങ്കിൽ അവർ വിശ്വസിക്കട്ടെ” എന്ന്..
ഭക്ഷണം കഴിക്കാനായി ഡൈനിങ് ഹാളിലേക്ക് പടിയിറങ്ങുകയാണ് മറ്റുള്ളവർ കേൾക്കെ ഞാൻ മാഷിനോട് ചോദിച്ചത്,
“ആ സ്ത്രീ ആരാണ് എന്ന് അറിയുമോ മാഷിന്?”..
മാഷ് ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി..
“അത് എന്റെ പ്രിയപ്പെട്ട ഉമ്മയാണ് മാഷേ”..
ഞങ്ങൾ ഭക്ഷണം കഴിക്കാനായി ഇരുന്നു..

