പാകം ചെയ്ത പലതരം ഭക്ഷണങ്ങളുടെ സമ്മിശ്രഗന്ധം മുറ്റിനിന്ന ആ കവലയിൽ, ഒരുപാട് നാളുകൾക്കുശേഷം ഞാൻ വന്നിറങ്ങി.
എന്റെ മുന്നിൽ ഒരു വലിയ ഷോപ്പിംഗ് കോംപ്ലക്സ്.
ഒരിക്കൽ ഒരു അങ്ങാടിക്ക് പോലും തികയാതിരുന്ന സ്ഥലത്ത് ഇന്ന് ഒരു കെട്ടിടം മാത്രം അതിനേക്കാൾ വലുതായി നിൽക്കുന്നു.
കോംപ്ലക്സിനകത്ത് നിറയെ കടകൾ.
ഹോട്ടലുകൾ, കഫേകൾ, കൂൾബാറുകൾ, ബേക്കറികൾ…
ഭക്ഷണവിഭവങ്ങളുടെ ആ ബാഹുല്യം എന്നെ അമ്പരപ്പിച്ചു.
ആളുകൾ കടകളിലേക്ക് തിക്കിത്തിരക്കി കയറുകയും ഇറങ്ങുകയും ചെയ്യുന്നു.
ആ തിരക്ക് ഒരു നിമിഷം എന്നെ പരിഭ്രാന്തനാക്കി.
അത്യാധുനിക സൗകര്യങ്ങളിൽ തീർത്ത ആ ബഹുവർണ കെട്ടിടം കളപ്പുരക്കൽ മൊയ്തീൻ ഹാജിയുടേതാണ്.
പക്ഷേ, എന്റെ കണ്ണുകൾ തിരഞ്ഞത് അതൊന്നുമായിരുന്നില്ല.
ആ വലിയ കെട്ടിടം നിൽക്കുന്ന സ്ഥലത്ത് ഒരിക്കൽ രണ്ട് ചെറിയ അപ്പക്കൂടുകളുണ്ടായിരുന്നു.
അതിനപ്പുറത്ത്, അങ്ങാടിക്ക് കാവലായി തല ഉയർത്തിനിന്ന ഒരു ആൽമരവും.അങ്ങാടിയുടെ ആത്മാവായിരുന്നു ആ വലിയ ആൽമരം. പഴയ ഓർമകളുടെയും ഐഹീത്യങ്ങളുടെയും ചരിത്ര പുസ്തകം കുടിയായിരുന്നു ആ മരം.
കടകളിലൊന്ന് ഭരതേട്ടന്റേത്.
മറ്റൊന്ന് സുരേന്ദ്രന്റേത്.
ആൽമരത്തിനരികിലൂടെ പടിഞ്ഞാറോട്ട് നീളുന്ന ഒരു ചെമ്മൺ റോഡിലായിരുന്നു ഭരതേട്ടന്റെ അപ്പക്കൂട്.
മീൻചാപ്പയ്ക്ക് നേരെ മുന്നിൽ സുരേന്ദ്രന്റേത്.
“പീടിക” എന്നായിരുന്നു അന്ന് ആളുകൾ കടകളെ വിളിച്ചിരുന്നത്.
രണ്ട് ചില്ലുകൂടുകൾ.
കുറച്ച് ഭരണികൾ.
ഒരു പുകക്കുഴൽ.
റൊട്ടി, മധുരബൺ, റസ്ക്, വിരലിലെണ്ണാവുന്ന ബിസ്ക്കറ്റുകൾ.
അത്രയുമായിരുന്നു അന്നത്തെ വിഭവങ്ങൾ.
എന്നാൽ ആ ചെറിയ കടകൾക്കു ചുറ്റും ഒരു ഗ്രാമം മുഴുവൻ ജീവിച്ചിരുന്നു.
പുലർച്ചെ പുക ഉയരും.
പിന്നെ മണം.
ചൂടുള്ള റൊട്ടിയുടെയും ബണ്ണിന്റെയും മണം.
വഴിയിലൂടെ പോകുന്നവർ അറിയാതെ ഒന്ന് തിരിഞ്ഞുനോക്കും.
പുകച്ചുരുലുകൾ ആകാശത്തേക്ക് ഉയർന്നു പോകുന്നത് കണ്ടു നിൽക്കാൻ എനിക്ക് എന്തെന്നില്ലാത്ത കൗതുകമായിരുന്നു. ഭൂമിയിൽ നിന്ന് ഉയർന്നു പറക്കുന്ന പുകച്ചുരുളുകൾ ആണ് ആകാശത്തെ മേഘ പാളികൾ എന്നായിരുന്നു കുട്ടിക്കാലത്തെ എന്റെ ധാരണ.
അന്ന് റൊട്ടി വെറുമൊരു ഭക്ഷണമായിരുന്നില്ല.
ഒരു വീട്ടിൽ പനി വന്നാൽ റൊട്ടി ഓർമ്മ വരും.
ആരെങ്കിലും കിടപ്പിലായാൽ റൊട്ടി വാങ്ങാൻ ആളെത്തും.
രോഗിക്ക് ആശ്വാസം.
പാവപ്പെട്ടവർക്ക് താങ്ങ്.
അത്രയേ ഉണ്ടായിരുന്നുള്ളൂ.
പക്ഷേ, ചില സാധാരണ വസ്തുക്കളുടെ വില നമുക്ക് മനസ്സിലാകാൻ കാലമെടുക്കും
റൊട്ടിയും അങ്ങനെയായിരുന്നു.
കടയ്ക്ക് ബോർഡില്ല.
പേരുമില്ല.
കടക്കാരന്റെ പേരായിരുന്നു കടയുടെ പേര്.
“ഭരതേട്ടന്റെ അപ്പക്കൂട്.”
“സുരേന്ദ്രന്റെ അപ്പക്കൂട്.”
രണ്ട് കടകളും അടുത്തടുത്ത്.
രണ്ടുപേരും പരിചയക്കാർ.
പക്ഷേ രണ്ടുപേരും ഒരുപോലെയായിരുന്നില്ല.
സുരേന്ദ്രൻ കച്ചവടക്കാരനായിരുന്നു.
ഭരതേട്ടൻ മനുഷ്യരെ വിശ്വസിച്ചിരുന്ന ഒരാളും.
ആ വ്യത്യാസം അന്ന് എനിക്ക് മനസ്സിലാകുമായിരുന്നില്ല.
പിന്നെയാണ് മനസ്സിലായത്.

ഭരതേട്ടന്റെ ശരീരത്തിൽ എപ്പോഴും ജോലിയുടെ ക്ഷീണമുണ്ടായിരുന്നു.
കൈലിമുണ്ട്.
നിറം മങ്ങിയ കൈമുറിയൻ ബനിയൻ.
കവിളുകൾ ഒട്ടിക്കുഴിഞ്ഞ മുഖം.
ആഴത്തിലേക്ക് പോയ കണ്ണുകൾ.നെറ്റിയിലേക്കും ചെവികളിലേക്കും വീണുകിടക്കുന്ന ചെമ്പിച്ച മുടി.
അയാളെ നോക്കിയാൽ ആദ്യം ശ്രദ്ധയിൽപ്പെടുന്നത് ദാരിദ്ര്യമല്ലായിരുന്നു.
ഒറ്റപ്പെടലായിരുന്നു.
ഭാര്യ ചെറുപ്പത്തിലേ മരിച്ചിരുന്നു.
അതിനുശേഷം അയാൾ ജീവിതത്തോട് സംസാരിക്കുന്നത് നിർത്തിയതുപോലെയായിരുന്നു.
ആരും അതിനെക്കുറിച്ച് ചോദിച്ചില്ല.
ഭരതേട്ടനും പറഞ്ഞില്ല.
ചില ദുഃഖങ്ങൾ മനുഷ്യൻ മറ്റുള്ളവരോട് പറയാതെ ശരീരത്തിൽ തന്നെ ഒളിപ്പിച്ചുവെക്കും.
ഭരതേട്ടൻ അത്തരത്തിലൊരാളായിരുന്നു.
രാവിലെ അടുപ്പിൽ തീ കൊളുത്തുമ്പോൾ ആ തീയുടെ വെളിച്ചം അയാളുടെ മുഖത്ത് വീഴും.
വൈകുന്നേരം തീ അണഞ്ഞുകഴിഞ്ഞാൽ ആ മുഖം വീണ്ടും ഇരുട്ടിലാകും.
ആ വ്യത്യാസം അന്ന് ഞങ്ങൾ ശ്രദ്ധിച്ചിരുന്നില്ല.

ഭരതേട്ടന്റെ അപ്പക്കൂടുമായി ബന്ധപ്പെട്ട ഒരു കാര്യം മാത്രമാണ് പിന്നീട് എന്റെ ബാല്യത്തിന്റെ ഓർമ്മയിൽ ഏറ്റവും ആഴത്തിൽ പതിഞ്ഞത്.
ഒരു ദിവസം ഒരാൾ റൊട്ടി വാങ്ങി.
പണം കൊടുത്തില്ല.
ഭരതേട്ടൻ ചോദിച്ചില്ല.
അടുത്ത ദിവസം അയാൾ വീണ്ടും വന്നു.
ഭരതേട്ടൻ വീണ്ടും റൊട്ടി പൊതിഞ്ഞുകൊടുത്തു.
“പണം?”
അടുത്തുനിന്ന ആരോ ചോദിച്ചു.
ഭരതേട്ടൻ തല ഉയർത്തി.
“കയ്യിലുണ്ടെങ്കിൽ അവർ തരും.”
അത്ര മാത്രം.
അയാൾ പറ്റുബുക്ക് സൂക്ഷിച്ചില്ല.
കണക്കുകൾ എഴുതി വെച്ചില്ല.
പണം ചോദിച്ച് ആരുടെയും പിന്നാലെ നടന്നില്ല.
“പണമുള്ളപ്പോൾ അവർ വന്ന് തരും.”
അയാൾക്ക് കണക്കിനേക്കാൾ മനുഷ്യരെ വിശ്വസിക്കാനായിരുന്നു ഇഷ്ടം.
അത് കച്ചവടത്തിന് നല്ലതായിരുന്നോ എന്നറിയില്ല.
പക്ഷേ മനുഷ്യനായി ജീവിക്കാൻ അതൊരു വലിയ സമ്പത്തായിരുന്നു.
ഒരിക്കൽ ഞാൻ ചോദിച്ചു:
“ഭരതേട്ടാ, എല്ലാവരും പണം തരുമോ?”
അയാൾ ചിരിച്ചു.
“തരാതിരിക്കുമോ?”
അത് ചോദ്യം ആയിരുന്നില്ല.
വിശ്വാസമായിരുന്നു.

സുരേന്ദ്രന്റെ കടയിൽ പക്ഷേ കണക്ക് തെറ്റില്ല.
അവന്റെ വിരലുകൾക്ക് പണത്തിന്റെ വില നന്നായി അറിയാമായിരുന്നു.
ഒരു പൈസയ്ക്കുപോലും കണക്ക് പറയും.
എല്ലാ കാര്യങ്ങൾക്കും ഭാര്യയും അയാൾക്ക് കൂടെയുണ്ടായിരുന്നു.
അവന്റെ ജീവിതത്തിന് ഒരു കച്ചവടക്കാരന്റെ കൗശലമുണ്ടായിരുന്നു.
ഭരതേട്ടന്റെ കച്ചവടത്തിലെ കുറവുകൾ മുതലെടുക്കുന്ന ചെറിയ ചെറിയ പൊടിക്കൈകളും അയാൾ കാണിക്കാറുണ്ടായിരുന്നു.
ഭരതേട്ടന്റെ കടയിൽ നിന്ന് കടം വാങ്ങിയവരോട് ചിലപ്പോൾ അവൻ പറയും:
“അവിടത്തെ കണക്കല്ല ഇവിടെ.”
അത് തമാശപോലെയായിരുന്നു.
ആരും വലിയ കാര്യമായി കണ്ടില്ല.
അന്ന് നമ്മൾ പല കാര്യങ്ങളുടെയും അർത്ഥം മനസ്സിലാക്കാതെ ചിരിക്കും.
കാലം കഴിഞ്ഞാണ് ചില ചിരികളുടെ പിന്നിലെ കയ്പും മധുരവും തിരിച്ചറിയുന്നത്.

ഞാൻ അന്ന് കുട്ടിയായിരുന്നു.
ഒരു ദിവസം ഞാൻ സുരേന്ദ്രന്റെ കടയിൽ പോയി.
അവൻ ഒരു ചുവന്ന ദ്രാവകം തന്നു
“ഇത് കുടിക്ക്.”
ഞാൻ വേണ്ടെന്ന് പറഞ്ഞു.
അവൻ കേട്ടില്ല.
ബലംപ്രയോഗിച്ച് കുടിപ്പിച്ചു.
അതെന്തായിരുന്നെന്ന് ഇന്നും അറിയില്ല.
പിറ്റേന്ന് വയറിളക്കവും ഛർദ്ദിയും.
അമ്മ എന്നെ പ്രഭാകരൻ ഡോക്ടറുടെ അടുത്തെത്തിച്ചു.
ഡോക്ടർ പരിശോധിച്ചു.
“റൊട്ടിയും ബാർലി വെള്ളവും മാത്രം.”
മരുന്നും കുറിച്ചുതന്നു.
പുറത്തിറങ്ങുമ്പോൾ കമ്പോണ്ടർ ഗോവിന്ദൻ എന്നെ അടുത്തേക്ക് വിളിച്ചു.
അയാളുടെ ശബ്ദം എപ്പോഴും പതിഞ്ഞതായിരുന്നു.
അന്നും അതേ ശബ്ദം.
“സൂക്ഷിക്കണം.”
ചുവന്ന വെള്ളത്തിന്റെ കഥ ഞാൻ ആരോടും പറഞ്ഞില്ല.
കുട്ടികൾക്ക് ചില കാര്യങ്ങൾ പറയാൻ കഴിയില്ലല്ലോ
അതിനുശേഷം സുരേന്ദ്രന്റെ അപ്പക്കൂടിലേക്കുള്ള വഴി ഞാൻ ഒഴിവാക്കി.
പിന്നീട് മനസ്സിലായി—
ചില ചെറിയ സംഭവങ്ങൾ ജീവിതത്തിൽ അന്ന് നമ്മൾ അറിയാതെ തന്നെ ചില വഴികൾ അടയ്ക്കും.
മറ്റുചില വാതിലുകൾ തുറക്കും.
എന്റെ മുന്നിൽ തുറന്നത് ഭരതേട്ടന്റെ അപ്പക്കൂടിലേക്കുള്ള വാതിലായിരുന്നു.
അവിടെ റൊട്ടി വാങ്ങുമ്പോൾ പണമില്ലെങ്കിൽ ഭരതേട്ടൻ ചോദിക്കില്ല.
“കയ്യിലുണ്ടെങ്കിൽ അവർ തരും.”
ആ വാക്ക് പതിയെ എന്റെ ബാല്യത്തിന്റെ ഒരു സുരക്ഷയായി മാറി.

പിന്നെ കാലം മാറി.
ഞങ്ങൾ വളർന്നു.
ഓരോരുത്തരും ഓരോ വഴിക്ക് പോയി.
അങ്ങാടി പതിയെ നഗരമായി.
ആൽമരം പോയി.
ചെമ്മൺ റോഡ് ടാറായി.
ഓടിട്ട കടകൾ പോയി.
ബഹുനിലക്കെട്ടിടങ്ങൾ വന്നു.
കൂൾബാറുകൾ.
ഹോട്ടലുകൾ.
പുതിയ ബേക്കറികൾ.
പുതിയ രുചികൾ.
പുതിയ ആളുകൾ.
പഴയ മണം പതിയെ അപ്രത്യക്ഷമായി.
നഗരങ്ങൾ മാറുമ്പോൾ ആദ്യം പോകുന്നത് കെട്ടിടങ്ങളല്ല.
ഓർമ്മകളാണ്.
അവയെ പിടിച്ചുനിർത്തിയിരുന്ന ചെറിയ അടയാളങ്ങളാണ്.

അങ്ങാടിയുടെ മാറ്റങ്ങൾക്കിടയിൽ ആദ്യം മാറിയത് സുരേന്ദ്രന്റെ ജീവിതമായിരുന്നു.
അവൻ കട വിറ്റു.
കാസർകോട്ടുനിന്നെത്തിയ ഒരാളായിരുന്നു പുതിയ ഉടമ.എന്നാൽ സുരേന്ദ്രന് ആ കട പൂർണമായി ഉപേക്ഷിക്കാൻ കഴിഞ്ഞില്ല.
ഉടമ മാറിയെങ്കിലും അയാൾ അവിടെത്തന്നെ നിന്നു.
കടക്കാരനിൽ നിന്ന് ജോലിക്കാരനായി.
ഒരിക്കൽ മറ്റുള്ളവരുടെ കണക്കുകൾ എഴുതിയിരുന്ന കൈകൾ പിന്നീട് മറ്റൊരാളുടെ ശമ്പളത്തിനായി ജോലി ചെയ്തു.
അത് കാലത്തിന്റെ ഒരു ചെറിയ പരിഹാസമായിരുന്നോ?
.
ഭരതേട്ടന്റെ ജീവിതം അതിലും നിശ്ശബ്ദമായി തകർന്നു.
അയാളുടെ ഏകമകൻ ലഹരിയിൽ മുങ്ങി.
അങ്ങാടിയിലൂടെ മുഷ്ടി ചുരുട്ടി വിപ്ലവഗാനങ്ങൾ പാടി നടന്നു.
ആളുകൾ അവനെ നോക്കി ചിരിച്ചു.
ചിലർ കരുണയോടെ.
ചിലർ പരിഹാസത്തോടെ.
ഭരതേട്ടൻ മാത്രം ഒന്നും പറഞ്ഞില്ല.
അവനെ തിരുത്താൻ ഭരതേട്ടൻ ശ്രമിച്ചിരിക്കണം.
പക്ഷേ ചില മനുഷ്യരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സ്നേഹത്തിന് മാത്രം കഴിയില്ല.
മകൻ പോയ വഴികൾക്കു പിന്നാലെ ഭരതേട്ടന്റെ ചിന്തകൾ പോകാതായി.
അയാൾ വീണ്ടും കടയിലേക്ക് മടങ്ങും.
അടുപ്പിൽ തീ കൊളുത്തും.
റൊട്ടി ചുടും.
ആർക്കെങ്കിലും കൊടുക്കും.
ആർക്കെങ്കിലും കടം കൊടുക്കും.
സ്വന്തം വീട്ടിലെ ഇരുട്ടിനെക്കുറിച്ച് ഒന്നുമറിഞ്ഞില്ല.

ഒടുവിൽ അപ്പക്കൂടും അടഞ്ഞു.
പക്ഷേ ഭരതേട്ടൻ പോയില്ല.
കടമുറി തന്നെയായി വീട്.
പകലും രാത്രിയും അവിടെ.
ഒരിക്കൽ റൊട്ടിയുടെ ചൂടിൽ നിറഞ്ഞിരുന്ന മുറിയിൽ പിന്നീട് പഴമയുടെ ഗന്ധം മാത്രം ബാക്കിയായി
അടുപ്പ് തണുത്തുകിടന്നു.
ചില്ലുകൂടുകൾ ശൂന്യമായി.
ഭരണികൾ കാലിയായി.
എന്നിട്ടും ഭരതേട്ടൻ അവിടെനിന്നും പോയില്ല.
അയാളുടെ അവസാനത്തെ മേൽവിലാസമായിരുന്നു അത്.

അങ്ങനെയിരിക്കെയാണ് കളപ്പുരക്കൽ മൊയ്തീൻ ഹാജി സ്ഥലമൊഴിപ്പിക്കാൻ കോടതിയെ സമീപിച്ചത്.
കോടതി വിധി വന്നു.
സ്ഥലം ഒഴിയണം.
വാർത്ത ഭരതേട്ടനിലെത്തി.
അയാൾക്ക് പറയാൻ ഒന്നുമുണ്ടായിരുന്നില്ല
വൈകുന്നേരം പതിവുപോലെ വാതിൽ അടഞ്ഞു
പുറത്ത് ഇരുട്ട്.
അയാളുടെ മുന്നിൽ ഇനി കടയുമില്ല.
വീടുമില്ല.
കാത്തിരിക്കാൻ ആരുമില്ല.
പിറ്റേന്ന് പുലർച്ചെ ആളുകൾ ഓടിയെത്തി.
ഒരിക്കൽ കറുത്ത പുക ഉയർന്നിരുന്ന പുകക്കുഴൽ അന്ന് നിശ്ശബ്ദമായിരുന്നു.
മറ്റുള്ളവരുടെ വിശപ്പ് തീർത്തിരുന്ന ആ മനുഷ്യന്റെ ജീവിതത്തിലെ അവസാന തീയും അവിടെ അണഞ്ഞു.
അവശേഷിച്ചത് ഒരു മുറി.
കുറച്ച് ഒഴിഞ്ഞ ഭരണികൾ.
ഒരു പുകക്കുഴൽ.
ഒരു ഗ്രാമത്തിന്റെ മിണ്ടാതെയുള്ള കുറ്റബോധം.

വർഷങ്ങൾ വീണ്ടും കടന്നുപോയി.
ഭരതേട്ടന്റെ അപ്പക്കൂട് നിന്നിരുന്നിടത്ത് വലിയൊരു കെട്ടിടം ഉയർന്നു.
ആൽമരം പോയി.
ചെമ്മൺ റോഡ് പോയി.
പഴയ കടകൾ പോയി.
ഒടുവിൽ അങ്ങാടി തന്നെ മറ്റൊന്നായി.
ഇന്ന് അവിടെ വലിയൊരു ഷോപ്പിംഗ് കോംപ്ലക്സാണ്.
ഹോട്ടലുകൾ.
കഫേകൾ.
കൂൾബാറുകൾ.
ബേക്കറികൾ.
എപ്പോഴും തെളിഞ്ഞുകത്തുന്ന വെളിച്ചങ്ങൾ.
അവിടെ ആർക്കും ഭരതേട്ടനെ അറിയില്ല.
പക്ഷേ ചില സ്ഥലങ്ങൾ അവിടെ ജീവിച്ചിരുന്ന മനുഷ്യരെ മറക്കാറില്ല.
മനുഷ്യരാണ് മറക്കുന്നത്.

അങ്ങനെയൊരു ദിവസമായിരുന്നു ഞാൻ വർഷങ്ങൾക്കുശേഷം ആ വഴിയിലൂടെ വീണ്ടും കടന്നുപോയത്.
പാകം ചെയ്ത ഭക്ഷണങ്ങളുടെ പലതരം ഗന്ധങ്ങൾക്കിടയിൽ പെട്ടെന്ന് മറ്റൊരു മണം എന്നെ തേടിയെത്തി.
ചൂടുള്ള റൊട്ടിയുടെ മണം.
ഞാൻ ബൈക്ക് നിർത്തി.
എവിടെ നിന്നാണ് ആ മണം വന്നതെന്ന് ആദ്യം മനസ്സിലായില്ല.
ഞാൻ കണ്ണുകളടച്ചു.
അപ്പോൾ നഗരം പതിയെ ഇല്ലാതായി.
ബേക്കറി ഇല്ലാതായി.
ഗ്ലാസ് ചില്ലുകൾ ഇല്ലാതായി.
എയർകണ്ടീഷന്റെ തണുത്ത കാറ്റ് അകന്നുപോയി.
ആൽമരം തിരിച്ചുവന്നു.
ചെമ്മൺ റോഡ് തിരിച്ചുവന്നു.
രണ്ട് ചില്ലുകൂടുകൾ.
കുറച്ച് ഭരണികൾ.
പുകക്കുഴലിൽനിന്ന് ഉയരുന്ന കറുത്ത പുക.
അവിടെ ഭരതേട്ടൻ.
ഒന്നും ചോദിക്കാതെ.
ഒന്നും പറയാതെ.
ഒരു റൊട്ടി പൊതിയുന്നു.
ഞാൻ വീണ്ടും കുട്ടിയായി.
കയ്യിൽ പണമില്ല.
എന്നിട്ടും അയാൾ റൊട്ടി എന്റെ കയ്യിൽ വെച്ചു.
പിന്നെ ആ പഴയ ശബ്ദം.
വളരെ ദൂരത്തുനിന്നെന്നപോലെ.
“കയ്യിലുണ്ടെങ്കിൽ അവർ തരും.”
ഞാൻ കണ്ണുതുറന്നു.
മുന്നിൽ വീണ്ടും വലിയ ബേക്കറി.
ആളുകൾ വരുന്നു.
പോകുന്നു.
വാഹനങ്ങൾ കടന്നുപോകുന്നു.
വെളിച്ചങ്ങൾ തെളിയുന്നു.
പക്ഷേ ആ മണം—
അത് മാത്രം മാറിയിട്ടില്ല.
കാലം മനുഷ്യരെ കൊണ്ടുപോയി.
പഴയ കെട്ടിടങ്ങളെ കൊണ്ടുപോയി.
ആൽമരത്തെ കൊണ്ടുപോയി.
ചെമ്മൺ റോഡിനെ കൊണ്ടുപോയി.
ഒരു ഗ്രാമത്തെപ്പോലും കൊണ്ടുപോയി.
പക്ഷേ ചില ഓർമ്മകളെ കാലത്തിനു തൊടാനാകില്ല.
അവയ്ക്ക് ഒരു മണം മതി.
ഒരു ചൂടുള്ള റൊട്ടിയുടെ മണം.
അപ്പോൾ മരിച്ചുപോയ മനുഷ്യരും,
പൂട്ടിപ്പോയ കടകളും,
നമ്മൾ മറന്നുപോയ വഴികളും—
ഒരിക്കൽ കൂടി
നമ്മുടെ മുന്നിൽ
ജീവിച്ചുതുടങ്ങും.
അന്നേരമാണ് മനസ്സിലാകുക
ചില കടകൾ അടക്കുന്നത് വാതിലുകളാണ്.
മറ്റു ചിലതാവട്ടെ കാലത്തെ തന്നെയാണ്.

യൂനുസ് കൈതയിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *