ശാലീനമാമെന്റെ ഗ്രാമത്തിൻ ഭംഗിയിൽ,
ആടിത്തിമിർത്തു നടന്ന, ബാല്യകാലം.
ശാശ്വതമാണീ തോടും പാടവുമെല്ലാം,
വ്യാമോഹക്കോട്ടകൾ കെട്ടിയ കാലം.
നല്ലവരാണെന്നും ഗ്രാമീണവാസികൾ,
സ്നേഹത്തിൻ സേതുക്കൾ നിർമ്മിച്ചവർ.
ഒത്തില്ല ഇത്രയും നാളായെന്റെയീ,
ഗ്രാമീണഭംഗി ആസ്വദിപ്പതിന്നായ് .
ജോലിയും കുടുംബവും കെട്ടിപ്പടുക്കെ,
ഓർത്തില്ല ഞാനെന്റെ ഗ്രാമത്തെ പോലും.
ഒത്തിരി ന്യായമാം വാദങ്ങൾ ഉണ്ടെന്നിൽ;
കാലപ്രവാഹത്തിൻ കുത്തൊഴുക്കിലതു മാറാ!
നാഗരികത്തിന്റെ വർണപ്പകിട്ടിൽ നാം,
ജീവിതത്തിനു ചായം പൂശുമ്പോൾ,
കൃത്രിമതുരുത്തിൽ ചേക്കേറിപ്പോയവർ,
മാറിപ്പോയത് എത്രയും കഷ്ടം!
ആണ്ടുകൾ കഴിഞ്ഞു വിശ്രമവേളയിൽ,
താണ്ടി ഞാനെന്റെ കുഗ്രാമത്തിൽ വീണ്ടും.
തേടി നടന്നു ഞാൻ പഴയയെന്നെയും,
പാടവരമ്പത്തിൻ കാൽപ്പാടുകളെയും.
കണ്ണീരണിഞ്ഞുപോയ് കാഴ്ചയെന്നിൽ;
കണ്ടതൊക്കെയൊരു വിറങ്ങൽപ്പാടുകൾ.
പച്ചപ്പണിഞ്ഞ നാടെങ്ങോപോയ്പോയ്,
സിമന്റു കാടുകൾ കോട്ടകെട്ടീടുന്നു,
ഒഴുകിപാഞ്ഞൊരു തോടുകൾ വറ്റിയീ,
മാലിന്യകൂമ്പുകൾ പേറിനിൽക്കുന്നു.
കുരുവികൾ പാടിപ്പറന്നിട്ട പാടങ്ങൾ,
യന്ത്രങ്ങൾ കവർന്നങ്ങു ശൂന്യമാക്കി,
മുത്തശ്ശിക്കഥകൾ പറഞ്ഞയീ പര്യായം
മൗനത്തിലാണ്ടുപോയ് ശോകമൂകമായി.
കൂട്ടുകാരെല്ലാം പലവഴി പിരിഞ്ഞുപോയ്
ഓർമ്മകൾ മാത്രം ബാക്കിയീ മണ്ണിൽ.
മാറിയകാലത്തിൻ ക്രൂരമാം മായാജാലം.
കണ്ടു വിറങ്ങലിച്ചു നിന്നീടുന്നു ഞാൻ.
ശാശ്വതമെന്നു ഞാൻ മോഹിച്ചതെല്ലാം
കാലത്തിന്റെ കൈകളിൽ മാഞ്ഞുപോയീ.
എങ്കിലും നെഞ്ചിന്റെ കോണിലൊളിപ്പിച്ചു
കുരുന്നുനാളത്തെ മാധുര്യമാസ്വദിക്കട്ടെ!

പ്രഭാകരൻ പയ്യാടക്കൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *