രചന : മറിയ ശബ്നം ✍️
കടലൊരൊറ്റത്തിരയാകുന്നു.
പടം പൊഴിച്ചൊരു പാമ്പ് കണക്കെ,
ഫണം വിടർത്തി താണ്ഡവമാടുന്നു.
ഇഹത്തെയാകെ വിഴുങ്ങാനായ്
കരയെടുത്തു ശരവേഗം കുതിക്കുന്നു.
‘എന്തൊരു വേഗതയാണെന്ന്!’
അല്പം പോലും ഭയമില്ലാതത്ഭുതപ്പെട്ട് ,
നിമജ്ജമാവാതെ ലോകത്തിനറ്റത്ത്
ഞാനും ഒരു തുണ്ട് ആകാശവും
നേർത്ത നിലാവും.
പെട്ടെന്നാരോ വാതിലടച്ചുതാഴിട്ടുപൂട്ടി
ഇരുട്ടു മൂടുന്നു ഭയമിരച്ചു വരും മുന്നേ,
പതഞ്ഞു നുരഞ്ഞൊരു കറുത്ത തിര
വാലിളക്കി പാഞ്ഞടുക്കും മുന്നേ
ഞെട്ടിയുണരുന്നു
പുലർക്കാലപക്ഷികൾ കരയുന്നു
മുൻപെത്രയോ വട്ടം മുങ്ങി നിവർന്നൊരു
ഭൂമി
വെയില് പാകിയ ജാലക വിരികൾ
വകഞ്ഞു മാറ്റി പുറത്തേക്കു നോക്കുന്നു
“ഓ… അതൊരു സ്വപ്നമായിരുന്നു..!”💕
