“ഒരു പെങ്ങളുടെ നൊമ്പരം,
ഒരു ആങ്ങളയുടെ നിസ്സഹായാവസ്ഥ”
ഒരമ്മതൻ വയറ്റിൽ പിറന്നവർ നമ്മൾ,
ഒരേ മടിയിൽ വളർന്നവർ…
ചിരിച്ചും കരഞ്ഞും പിണങ്ങിയും ചേർന്നവർ,
കാലമേ… എന്തിനീ അകലം?
എൻ കുഞ്ഞുകൈ പിടിച്ചുനടന്നവൻ,
വീണപ്പോൾ കൈത്താങ്ങായവൻ,
എൻ കണ്ണുനിറയുമ്പോൾ നിൻ കണ്ണും നനഞ്ഞ
സ്നേഹമായിരുന്നു നീ…
കാലം കടന്നു, മംഗല്യവും കഴിഞ്ഞു,
രണ്ടു ദിക്കിലായി നമ്മുടെയീ ജീവിതം,
നമ്മൾ പിരിഞ്ഞാലും ഹൃദയം പിരിയില്ലെന്ന്
ഞാനന്ന് കരുതി.
പതിയെ നിൻ വാക്കുകൾ മാറി,
വിളികളും വിരളമായി,
സ്നേഹത്തിൻ വാതിൽ മെല്ലെയടഞ്ഞപ്പോൾ,
മൗനം മാത്രം ബാക്കിയായി…
കണിക്കൊന്ന പൂത്തൊരു വിഷുപ്പുലരിയിൽ
കൈനീട്ടത്തിനായി ഞാൻ കാത്തിരുന്നു,
പണ്ടു നീ തന്നൊരു നാണയത്തുട്ടിലെ
സ്നേഹം വീണ്ടും മാടിവിളിച്ചു..
വാതിൽപ്പടിയിൽ കാത്ത കൈകളിൽ
കൈനീട്ടത്തിനു പകരം,
നനഞ്ഞൊരു നിശ്ശബ്ദത മാത്രമിന്ന്
നിറഞ്ഞുനിൽക്കുന്നു…
സഹോദരാ… നിൻ ഹൃദയത്തിലും
പറയാത്തൊരു നോവുണ്ടെന്നറിയാം,
നിന്നോടൊപ്പം വന്നവൾക്കും സ്നേഹം വേണം,
അവളുടെ കണ്ണീരും നീയൊപ്പണം…
“സഹോദരന്റെ മനസ്സ്”
ബന്ധങ്ങൾക്കിടയിൽ വാക്കുകൾ മതിലാകുമ്പോൾ,
പറയാത്ത സ്നേഹം തടവിലാകുന്നു…
മൗനത്തെ വെറുപ്പായി കാണരുതേ,
നീയെൻ പ്രിയ സഹോദരീ…
മാറിപ്പോയതല്ല ഞാനൊരിക്കലും,
സ്നേഹത്തിനൊട്ടും കുറവുമില്ല,
ഒരു നിമിഷമെങ്കിലും ബാല്യത്തിലേക്ക്
നമുക്കൊന്നു മടങ്ങിപ്പോകണം…
കാലം നമ്മളെ അകറ്റിയാലും,
രക്തബന്ധം മായില്ലൊരിക്കലും,
എൻ ബാല്യത്തിന്റെ പകുതി നീ,
എൻ ഓർമ്മകളിലെ കുസൃതിയും നീ…
സഹോദരീ…
നീ എനിക്കിന്നും പ്രിയപ്പെട്ടവൾ തന്നെ,
കാലമേതുമകന്നാലും,
നിൻ സ്ഥാനമെന്നുള്ളിൽ മായുകയില്ല…

By ivayana

Leave a Reply

Your email address will not be published. Required fields are marked *