📌മുംബൈയിലെ കുർളയിൽ വെറും 8×10 അടി വലിപ്പമുള്ള ഒരു കൊച്ചുമുറിയിൽ നിന്നാണ് ജയ്കുമാർ ജതിൻകുമാർ വൈദ്യ എന്ന ആ വിദ്യാർത്ഥി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയിൽ (NASA) എത്തിനിൽക്കുന്നത്.
ചൊവ്വയെയും ചന്ദ്രനെയും ഭൂമിയുടെ അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുന്ന നാസയുടെ ഗോഡാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ നിർണ്ണായക ഉപകരണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് ഇന്ന് ഈ യുവാവിന്റെ ബുദ്ധിയാണ്.
📌പട്ടിണിയും പരിവട്ടവും നിറഞ്ഞതായിരുന്നു ജയ്കുമാറിന്റെ ബാല്യം.
വിവാഹമോചിതയായ അമ്മ നളിനി ഒരൊറ്റമുറിയിലാണ് അവനെ വളർത്തിയത്.
2003-ൽ അമ്മയ്ക്ക് ജോലി കൂടി നഷ്ടപ്പെട്ടതോടെ ആ ചെറിയ കുടുംബത്തിന്റെ താളംതെറ്റി.
വടപാവിലും സമോസയിലും കട്ടൻചായയിലുമായി പലപ്പോഴും അവരുടെ അന്നത്തെ ഭക്ഷണങ്ങൾ ഒതുങ്ങി.
രാത്രികളിൽ തെരുവുവിളക്കിന്റെ വെളിച്ചത്തിലിരുന്നാണ് അവൻ പലപ്പോഴും പാഠങ്ങൾ പഠിച്ചുതീർത്തത്.
ഫീസടക്കാൻ പണമില്ലാത്തതുകൊണ്ട് സ്കൂളിൽ നിന്നും മാർക്ക് ലിസ്റ്റ് പോലും ലഭിക്കാതിരുന്ന അവസ്ഥയുണ്ടായി.
മകനെ ഒരു ഡ്രൈവറായി എങ്കിലും ജോലിക്ക് വിടാൻ പലരും അമ്മയെ ഉപദേശിച്ചെങ്കിലും ആ അമ്മ അതിന് വഴങ്ങിയില്ല.
സന്നദ്ധ സംഘടനകളുടെയും മറ്റും സഹായത്തോടെ അവൻ പഠനം തുടർന്നു.
മാസം വെറും 4000 രൂപയ്ക്ക് ടിവി നന്നാക്കിയും ചെറിയ കുട്ടികൾക്ക് ട്യൂഷനെടുത്തുമാണ് ജയ്കുമാർ തന്റെ വിദ്യാഭ്യാസത്തിനുള്ള പണം സ്വയം കണ്ടെത്തിയത്.
📌മറ്റുള്ളവരുടെ വീടുകളിലെ ടിവിയിൽ കണ്ട ബഹിരാകാശ ഡോക്യുമെന്ററികൾ അവനിൽ വലിയ സ്വപ്നങ്ങൾ നിറച്ചു.
മുംബൈയിലെ കെ.ജെ സോമയ്യ കോളേജിൽ എഞ്ചിനീയറിംഗ് പഠനത്തിന് ചേർന്നതോടെയാണ് അവന്റെ ജീവിതം മാറിമറിയുന്നത്.
റോബോട്ടിക്സിലെ മികവ് അവനെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ (TIFR) എത്തിച്ചു.
അവിടുത്തെ നിർണ്ണായക ഗവേഷണങ്ങൾ അമേരിക്കയിലെ വിർജീനിയ സർവകലാശാലയിലേക്കും,
തുടർന്ന് 2021-ൽ സാക്ഷാൽ നാസയിലേക്കും ആ ചെറുപ്പക്കാരന് വലിയൊരു വഴിതുറന്നു കൊടുത്തു.
📌ഇന്ന് നാസയുടെ സോളാർ സിസ്റ്റം എക്സ്പ്ലോറേഷൻ ഡിവിഷനിലെ ഗ്രഹങ്ങളുടെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കുന്ന പ്രധാന ഉപകരണങ്ങളുടെ ചുമതലക്കാരനാണ് ജയ്കുമാർ.
ചൊവ്വയിലെ വാതകങ്ങളെക്കുറിച്ച് പഠിക്കുന്ന MAVEN NGIMS, ഭൂമിയുടെ അന്തരീക്ഷത്തെ നിരീക്ഷിക്കുന്ന DISSIPATION-MoSAIC,
ചന്ദ്രനെക്കുറിച്ച് പഠിക്കുന്ന SEAL തുടങ്ങിയ നിർണ്ണായക ദൗത്യങ്ങളിൽ ഈ ഇന്ത്യക്കാരന്റെ കയ്യൊപ്പുണ്ട്.
ദാരിദ്ര്യവും കഷ്ടപ്പാടുകളും ഒരു മനുഷ്യന്റെയും വലിയ സ്വപ്നങ്ങൾക്ക് തടസ്സമാകില്ലെന്ന് ലോകത്തിന് മുന്നിൽ തെളിയിക്കുകയാണ് ജയ്കുമാർ.
സ്വന്തം കഴിവും,
പതറാത്ത നിശ്ചയദാർഢ്യവും ഒരു മനുഷ്യന്റെ തലവരയെ എങ്ങനെ മാറ്റിയെഴുതും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കുർളയിലെ ആ ഇടുങ്ങിയ മുറിയിൽ നിന്നും നാസയിലേക്കുള്ള ഈ ദൂരം.

By ivayana

Leave a Reply

Your email address will not be published. Required fields are marked *