ഐഫോണും സാംസങ്ങുമൊക്കെ പുതിയ പതിപ്പുകൾ പുറത്തിറക്കുമ്പോൾ, കടം വാങ്ങിയും ലക്ഷങ്ങൾ മുടക്കിയും അത് സ്വന്തമാക്കാൻ ഓടുന്ന സാധാരണക്കാരോട് ഒരു ചോദ്യം,
എന്തിനാണ് നിങ്ങൾ ഈ ഫോൺ വാങ്ങിയത്? ഇതുകൊണ്ട് നിങ്ങൾക്ക് ഉണ്ടായ യഥാർത്ഥ ഗുണം എന്താണ്? പലപ്പോഴും ഈ ചോദ്യത്തിന് മുന്നിൽ മൗനമായിരിക്കും മറുപടി.
ഒരു സാധാരണ വ്യക്തിക്ക് ഫോൺ കൊണ്ട് എന്താണ് പ്രധാന ഉപയോഗം?

  • ഫോൺ വിളിക്കുക, വരുന്ന കോളുകൾ എടുക്കുക.
  • അത്യാവശ്യം ഫോട്ടോകൾ എടുക്കുക.
  • സോഷ്യൽ മീഡിയ ഉപയോഗിക്കുക.
  • ഗൂഗിൾ മാപ്പ്, അലാറം തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ.

  • സത്യത്തിൽ ഒരു ഫോണിൽ കമ്പനികൾ നൽകുന്ന ഭൂരിഭാഗം ഇൻബിൽറ്റ് ആപ്ലിക്കേഷനുകളും ഫീച്ചറുകളും പലരും തുറന്നുപോലും നോക്കാറില്ല. ഈ പറഞ്ഞ അടിസ്ഥാന ആവശ്യങ്ങൾക്ക് മാത്രം ലക്ഷങ്ങൾ മുടക്കി പ്രീമിയം ഫോണുകൾ തന്നെ വാങ്ങണോ? വളരെ കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുള്ള എത്രയോ സ്മാർട്ട്‌ഫോണുകൾ ഇന്ന് മാർക്കറ്റിലുണ്ട്.
    പിന്നെന്തിനാണ് ആളുകൾ ഇതിന് പിന്നാലെ പായുന്നത്? മറ്റുള്ളവരുടെ മുന്നിൽ അല്പം “ഗമ” കാണിക്കാൻ വേണ്ടി മാത്രം. “എന്റെ എല്ലാ ആവശ്യങ്ങളും ഈ ഫോണിൽ നടക്കും” എന്നതാണ് പ്രീമിയം ഫോൺ വാങ്ങുന്നവരുടെ സ്ഥിരം ന്യായം. എന്നാൽ ആ ഫോണിന്റെ പത്തു ശതമാനം ശേഷി പോലും അവർ ഉപയോഗിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

  • കൈയ്യിൽ ധാരാളം പണമുള്ളവർ വാങ്ങട്ടെ, അത് അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാധാരണക്കാരുടെ കാര്യമാണ് സങ്കടക്കരം. മറ്റുള്ളവരുടെ മുന്നിൽ വലിയ ആളാകാൻ ശ്രമിച്ച് നിങ്ങൾ നഷ്ടപ്പെടുത്തുന്നത്, നാളത്തെ നിങ്ങളുടെ സുരക്ഷയ്ക്കായി കരുതേണ്ട സമ്പാദ്യമാണ്. ഇത്തരം ഫോണുകൾക്ക് വേണ്ടി വീട്ടിൽ വഴക്കുണ്ടാക്കുന്ന മക്കളും, അവർക്കായി പലരുടെയും മുന്നിൽ കൈനീട്ടേണ്ടി വരുന്ന മാതാപിതാക്കളും ഇന്നു വലിയൊരു സാമൂഹിക പ്രശ്നമാണ്.
    ഇത്രയും വലിയ തുക കൊടുത്തു വാങ്ങുന്ന ഫോൺ നമ്മൾ എത്ര നാൾ ഉപയോഗിക്കും? പരമാവധി രണ്ട് അല്ലെങ്കിൽ മൂന്ന് വർഷം. അപ്പോഴേക്കും അടുത്ത പല മോഡലുകളും ഇറങ്ങും. നിലവിലുള്ളത് “പഴയതാകും”. വീണ്ടും ലക്ഷങ്ങൾ മുടക്കി പുതിയത് വാങ്ങാൻ മനസ്സ് തുടിക്കും. ഇതൊരു അവസാനമില്ലാത്ത ചക്രമാണ്.

  • എനിക്ക് അറിയാവുന്ന ഗൾഫിൽ ഉള്ള ഒരു മലയാളിയെ കുറിച്ച് പറയാം. മാസം പത്ത് ലക്ഷത്തോളം രൂപ ശമ്പളമുള്ള, വർഷത്തിൽ ഇരുപതിലേറെ വിദേശയാത്രകൾ നടത്തുന്ന, ഒരുപാട് ബിസിനസ്സ് മീറ്റിംഗുകളുള്ള വളരെ തിരക്കുള്ള ഒരാളാണ് അദ്ദേഹം. കഴിഞ്ഞ 5 വർഷമായി അദ്ദേഹം ഉപയോഗിക്കുന്നത് വളരെ സാധാരണമായ ഒരു സ്മാർട്ട്‌ഫോണാണ്. അത്യാവശ്യ ഓഫീസ് ആവശ്യങ്ങൾക്ക് ഒരു ലാപ്ടോപ്പും.
    യഥാർത്ഥത്തിൽ ശേഷിയുള്ളവർ ലളിതമായി ജീവിക്കുമ്പോഴാണ്, സാധാരണക്കാർ ഇല്ലാത്ത ഗമ കാണിക്കാൻ കടക്കെണിയിലാകുന്നത്.

  • വിലകൂടിയ ഫോണുകൾ വാങ്ങുന്നത് വ്യക്തിസ്വാതന്ത്ര്യമാണെങ്കിലും, അനാവശ്യമായി കളയുന്ന ഈ പണം നാളത്തെ നമ്മുടെ സാമ്പത്തിക ഭദ്രതയ്ക്കുള്ളതാണെന്ന് ഓർക്കുക. വർഷം തോറും ട്രെൻഡിന് പിന്നാലെ പോയി ഫോൺ മാറ്റുന്ന ശീലം സാധാരണക്കാരെ കടക്കെണിയിലാക്കുകയേ ഉള്ളൂ.
    ചിന്തിക്കുക… ലളിതമായ തീരുമാനങ്ങൾ നമ്മളെ വലിയ സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് രക്ഷിക്കും.

By ivayana

Leave a Reply

Your email address will not be published. Required fields are marked *