രചന : ജിബിൽ പെരേര✍️
നാടൻ ചൂരുള്ള
പഴഞ്ചൻ കവിതകൾ മടുത്തു.
വിദേശ ഗന്ധമുള്ള ഒരു കവിത എഴുതണം..
ഞാൻ മനസ്സും ഭാവനയുമായി
നേരെ വിദേശത്തേക്ക് കടന്നു.
ഗ്രാമീണത വരയ്ക്കാൻ ആഫ്രിക്കയിലെ ഉൾനാടൻ ഗ്രാമങ്ങൾ മതിയാകുമോ?
നാഗരികതയ്ക്കു അമേരിക്കയും
കാടുകൾക്ക് ആമസോൺ മഴക്കാടുകളും ചേർക്കാം..
ആഡംബരത്തിനു
ബുർജ് ഖലീഫയാണുത്തമം.
ഇടയ്ക്കിടെ ഇംഗ്ലീഷ് ഭാഷയുടെ മംഗ്ളീഷ് ശകലങ്ങൾ
കവിതയിലുടനീളം വാരി വിതറണം.
മറുനാടൻ രുചിക്കായ്
പിസ്സയും ബർഗ്ഗറും
കുബ്ബൂസും സ്പാനിഷ് കേക്കുകളും ഷാംപെയ്‌നും ഒക്കെ മിക്സ് ചെയ്യാം.
വിദേശമദ്യം നിർബന്ധമാണ്.
എന്നാലേ കവിതയുടെ ലഹരിയും വിദേശിയാകുള്ളൂ .
ഒടുവിൽ വിദേശകവിതയെ
ഞാൻ ഇമ്പോർട്ട് ചെയ്തു.
നിയമപ്രകാരം
പതിനാലു ദിവസം
ക്വറന്റിനിൽ കിടത്തിയിട്ടാണ്
അവനെ വെളിയിൽ ഇറക്കിയത്.
അങ്ങനെ ഒരു നാൾ
ആ വിദേശി കവിതയെയും കൂട്ടി ഞാൻ നാട്ടിലേക്കൊന്നിറങ്ങി.
പാടമൊക്കെ കാണിച്ചു .
പുഴയിലൊന്നു കുളിപ്പിച്ചു.
മഴയിലൊന്നു നനച്ചു.
കുന്നും മലകളും കറങ്ങി.
പിന്നെ നാട്ടിലെ ഷാപ്പിൽ ഒന്നു കയറ്റി.
കപ്പയും നല്ല എരിവുള്ള മത്തിക്കറിയും
ഒന്നാന്തരം ചെത്തു കള്ളും വാങ്ങിക്കൊടുത്തു.
പോകുന്ന വഴികളിലൊക്കെ
ഞാൻ
വിദേശിയെ പുകഴ്ത്തിയും
നാടനെ പുച്ഛിച്ചും പറഞ്ഞുകൊണ്ടേയിരുന്നു.
എന്നാൽ
വിദേശകവിത
എല്ലാം കേട്ടു മിണ്ടാതെ ഇരുന്നതേയുള്ളൂ.
അവനപ്പോൾ
വേറെ ഏതോ മായാലോകത്തായിരുന്നു.
വയനാടൻ കാടിന്റെ
മുടിഞ്ഞ ഗ്ലാമർ കണ്ടു
വിദേശിയുടെ വരികളിലെ
ആമസോൺ കാടുകൾക്ക് കൊതിയായി.
അതിരപ്പിള്ളിയെ കണ്ടു
നയാഗ്രയ്ക്കു പ്രണയം തോന്നി.
ആലപ്പുഴ കായലിനെക്കുറിച്ചു
നൈൽ നദി ഒരു കവിതയെഴുതി.
ചെത്തുകള്ളിന്റെ ലഹരിയിലും
മീൻകറിയുടെ രുചിയിലും
വിദേശവിഭവങ്ങൾക്ക് മത്തായി.
ഞാനപ്പോഴും
നാടനെ തള്ളിയും
വിദേശിയെ പൊക്കിയും
പറഞ്ഞുകൊണ്ടേയിരുന്നു..
പെട്ടെന്ന്
ആ വിദേശ കവിത
എന്നോട് ഒരു കഥ പറഞ്ഞു .
സുന്ദരിയും സ്നേഹമതിയുമായ
ഭാര്യയുള്ളപ്പോൾ
ഊരും പേരുമറിയാത്ത
അടുത്തറിഞ്ഞിട്ടില്ലാത്ത
ഏതോ ഒരു സ്ത്രീ ശരീരം പ്രാപിച്ചു
പൊള്ളയായ അവളുടെ സൗന്ദര്യത്തെക്കുറിച്ചു
മതി മറന്നു പാടി നടക്കുന്ന
മൂഢനായ ഒരു ഭർത്താവിന്റെ കഥ.
വിദേശി
എന്തിനാണ് ആ കഥ പറഞ്ഞതെന്ന്
എനിക്ക് മനസ്സിലായില്ല.
വീണ്ടും ഞാൻ വിദേശിയെ പൊക്കിയും
നാടനെ താഴ്ത്തിയും പറഞ്ഞു കൊണ്ടിരുന്നപ്പോൾ
വരികളിൽ നിന്നു
നൈലും നയാഗ്രയും ആമസോൺ കാടുകളും
വിദേശ വിഭവങ്ങളും
എന്നെ പുച്ഛത്തോടെ നോക്കിയിട്ട്
എങ്ങോട്ടോ ഇറങ്ങിപ്പോയി.
