രചന : ലത്തീഫ് പത്തനാപുരം ✍️
“സ്മാർട്ട്‌ഫോണിന്റെ ഡിജിറ്റൽ ലോകത്തിരുന്ന് പ്രൈവസിയെക്കുറിച്ച് സംസാരിക്കുന്ന ഇന്നത്തെ തലമുറയും, മനുഷ്യബന്ധങ്ങൾക്ക് മുൻഗണന നൽകുന്ന പഴയ തലമുറയും തമ്മിലുള്ള ഒരു കുഞ്ഞു കഥ. ഒരു അടഞ്ഞ മുറിക്കുള്ളിൽ തെരഞ്ഞാൽ കിട്ടാത്തത് പുറത്തെ മനുഷ്യർക്കിടയിലുണ്ടെന്ന തിരിച്ചറിവ്. രണ്ടു തലമുറകളുടെ ജീവിതരീതികളെയും ആശയങ്ങളെയും തൊട്ടറിയുന്ന മനോഹരമായ ഒരു കുടുംബകഥ…..”
കഥ
“പവിത്രയുടെ പ്രൈവസി “
പതിനേഴുകാരി പവിത്രയുടെ ലോകം അവളുടെ മുറിയുടെ അടച്ചിട്ട വാതിലുകൾക്ക് ഉള്ളിലായിരുന്നു. പ്ലസ് ടു കോമേഴ്‌സ് വിദ്യാർത്ഥിനിയായ അവൾക്ക്, ക്ലാസ്സ് കഴിഞ്ഞെത്തിയാൽ സ്വന്തം ലാപ്ടോപ്പും ഫോണും ഹെഡ്‌ഫോണുമാണ് ലോകം. “എന്റെ പ്രൈവസിയിൽ ആരും ഇടപെടേണ്ട” എന്നത് അവളുടെ സ്ഥിരം വാചകമായിരുന്നു.
എന്നാൽ നേരെ മറിച്ചായിരുന്നു അപ്പുപ്പൻ ഗോപാലകൃഷ്ണൻ നായർ. എഴുപത്തിയഞ്ചുകാരനായ അദ്ദേഹം നാട്ടിൻപുറത്തെ പഞ്ചായത്ത് പ്രസിഡന്റായി വിരമിച്ചയാളാണ്. ആൾക്കൂട്ടവും നാട്ടുകാരുടെ വിശേഷങ്ങളും കണ്ട് ശീലിച്ച അപ്പുപ്പന് നഗരത്തിലെ മകൻ പ്രകാശിന്റെ ഫ്ലാറ്റിലേക്ക് മാറിയപ്പോൾ ആകെ ഒരൊറ്റപ്പെടൽ അനുഭവപ്പെട്ടു.
അതുകൊണ്ടുതന്നെ, ഫ്ലാറ്റിൽ വരുന്ന ഗ്യാസ് വിതരണക്കാരനോടും ഓൺലൈൻ ഡെലിവറി ബോയിയോടും എന്തിന് സെക്യൂരിറ്റിയോട് പോലും അദ്ദേഹം വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. “നാടെവിടെയാ തമ്പി?”, “വീട്ടിൽ ആരൊക്കെയുണ്ട്?” എന്നൊക്കെയുള്ള അപ്പുപ്പന്റെ ചോദ്യങ്ങൾ പവിത്രയ്ക്ക് തീരെ ഇഷ്ടമായില്ല.
”അച്ഛാ… അപ്പുപ്പനോട് ഒന്ന് പറയുമായിരിക്കും! വരുന്നവരോടും പോകുന്നവരോടുമൊക്കെ നമ്മുടെ വീട്ടുവിശേഷങ്ങൾ പറയേണ്ട കാര്യമെന്താ? ഇതാണ് ഓവർ ഷെയറിംഗ്. എനിക്കിതൊന്നും ഇഷ്ടമല്ല, ഇതെന്റെ പ്രൈവസിയെ ബാധിക്കുന്നുണ്ട്,” ഒരു ദിവസം വൈകുന്നേരം ഓൺലൈൻ ഫുഡ് ഡെലിവറി കൊണ്ടുതന്ന പയ്യനോട് അപ്പുപ്പൻ കുശലം പറയുന്നത് കേട്ട് കടുപ്പത്തിൽ പവിത്ര പരാതിപ്പെട്ടു.
അച്ഛൻ പ്രകാശ് അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു: “മോളേ, അപ്പുപ്പൻ പണ്ടുമുതലേ ആളുകൾക്കിടയിൽ ജീവിച്ചയാളാ. ആ മനുഷ്യരോടൊക്കെ സംസാരിക്കുമ്പോൾ പുള്ളിക്ക് കിട്ടുന്ന സന്തോഷം അതാ…”
“അതിന് ഇതാണോ വഴി? ആളുകൾക്ക് ഒരു പേഴ്‌സണൽ സ്‌പേസ് ഒക്കെ കാണില്ലേ?” പവിത്ര ദേഷ്യത്തോടെ മുറിയിലേക്ക് പോയി വാതിലടച്ചു. ഇതൊക്കെ കേട്ട് ഉമ്മറത്തെ കസേരയിലിരുന്ന അപ്പുപ്പൻ ഒന്നും മിണ്ടാതെ ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.
അതിനിടയിലാണ് പവിത്രയുടെ പ്രൊജക്റ്റ് സബ്മിഷൻ ഡേറ്റ് അടുത്തത്. ഗ്രാമപ്രദേശങ്ങളിലെ അപൂർവ്വമായ പാരമ്പര്യ കരകൗശല വിദഗ്ദ്ധരെക്കുറിച്ചും അവരുടെ സാമ്പത്തിക അതിജീവനത്തെക്കുറിച്ചും ഡാറ്റയും കേസ് സ്റ്റഡിയും തയ്യാറാക്കുക എന്നതായിരുന്നു വിഷയം. നല്ല മാർക്ക് കിട്ടേണ്ട ഫൈനൽ പ്രൊജക്റ്റാണ്.
പവിത്ര ഇന്റർനെറ്റിലും ഗൂഗിളിലും മണിക്കൂറുകളോളം തിരഞ്ഞു. ചില സ്ഥാപനങ്ങളുടെ ഫോൺ നമ്പറുകൾ കിട്ടിയെങ്കിലും വിളിച്ച് ചോദിച്ചപ്പോൾ ആരും കൃത്യമായി മറുപടി നൽകിയില്ല. അജ്ഞാതരായ മനുഷ്യരോട് ഫോണിൽ സംസാരിക്കാനും അവളിലെ ഉള്ളൊതുക്കം അനുവദിച്ചില്ല. ദിവസങ്ങൾ കടന്നുപോയി. കൈയിൽ കൃത്യമായ വിവരങ്ങളോ പ്രായോഗിക ഉദാഹരണങ്ങളോ ഇല്ലാതെ അവൾ ആകെ മാനസികസമ്മർദ്ദത്തിലായി. പ്രൊജക്റ്റ് സമർപ്പിക്കാൻ ഇനി രണ്ടു ദിവസം മാത്രം!
രാത്രിയിൽ ഭക്ഷണം കഴിക്കാൻ പോലുമാവാതെ മുറിയിൽ ഇരുന്ന് കരയുന്ന മകളെ കണ്ട് അമ്മ ശോഭ കാര്യമന്വേഷിച്ചു. വിവരം അറിഞ്ഞപ്പോൾ പ്രകാശും വഴികൾ ആലോചിച്ചെങ്കിലും ആർക്കും പെട്ടെന്ന് ഒരു സഹായവും ചെയ്യാൻ കഴിഞ്ഞില്ല.
പെട്ടെന്ന്, വാതിലിൽ ഒരു മുട്ട് കേട്ടു. അപ്പുപ്പനായിരുന്നു അത്.
”മോളേ… നിനക്ക് പരമ്പരാഗത മൺപാത്ര നിർമ്മാണത്തെക്കുറിച്ചും ഈറ്റത്തൊഴിലിനെക്കുറിച്ചുമൊക്കെയല്ലേ വിവരങ്ങൾ വേണ്ടത്?”
പവിത്ര കണ്ണുതുടച്ച് തലയാട്ടി. അപ്പുപ്പൻ തന്റെ പഴയ ചെറിയ ഡയറിയും ഫോണും കൈയിലെടുത്തു.
“നീ വിഷമിക്കേണ്ട, എനിക്ക് കുറച്ചുപേരെ അറിയാം. നമുക്കൊന്ന് വിളിച്ചു നോക്കാം.”
അപ്പുപ്പൻ ആദ്യം വിളിച്ചത് പത്തനംതിട്ടയിലുള്ള കേശവേട്ടനെയായിരുന്നു. “കേശവാ… ഞാൻ ഗോപാലകൃഷ്ണനാടാ… സുഖമല്ലേ? നിന്റെ മോന്റെ കല്യാണം കഴിഞ്ഞോ?” എന്ന് തുടങ്ങി തികച്ചും ഊഷ്മളമായ സുഖവിവരങ്ങൾ ചോദിച്ചുകൊണ്ട് അപ്പുപ്പൻ സംസാരിച്ചു. കേശവേട്ടന്റെ മുഖത്ത് വിരിഞ്ഞ ചിരി ശബ്ദത്തിലൂടെത്തന്നെ വ്യക്തമായിരുന്നു. തുടർന്ന് അപ്പുപ്പൻ വിഷയം അവതരിപ്പിച്ചു.
മിനുട്ടുകൾക്കുള്ളിൽ കേശവേട്ടൻ തന്റെ തൊഴിലിന്റെ എല്ലാ വിശദാംശങ്ങളും, പ്രായോഗിക ബുദ്ധിമുട്ടുകളും, നിർമ്മാണഘട്ടങ്ങളുടെ അപൂർവ്വ ചിത്രങ്ങളും ഫോണിലൂടെ അയച്ചു കൊടുത്തു. അത്രയുമല്ല, “മോളോട് വിഷമിക്കേണ്ട എന്ന് പറ, ആവശ്യമുള്ളത് എന്ന് വെച്ചാൽ ഞാൻ പറഞ്ഞുതരാം” എന്ന് ഉറപ്പും നൽകി.
പിന്നീട് അപ്പുപ്പൻ ആറന്മുള കണ്ണാടി നിർമ്മാണവുമായി ബന്ധപ്പെട്ട മറ്റൊരു പഴയ സുഹൃത്തിനെ വിളിച്ചു. അവിടെനിന്നും അതുപോലെതന്നെ സന്തോഷത്തോടെ വിവരങ്ങൾ ഒഴുകിയെത്തി. ഗൂഗിളിലോ പുസ്തകങ്ങളിലോ കിട്ടാത്ത, അനുഭവത്തിന്റെ ആഴമുള്ള യഥാർത്ഥ വിവരങ്ങളായിരുന്നു അവയെല്ലാം.
രണ്ടു മണിക്കൂർ കൊണ്ട് പവിത്രയുടെ പ്രൊജക്റ്റ് പൂർത്തിയായി! അത് സാധാരണ ഒരു പ്രൊജക്റ്റ് ആയിരുന്നില്ല, യഥാർത്ഥ മനുഷ്യരുടെ ജീവിതം തുടിക്കുന്ന ഒന്നായിരുന്നു.
പ്രൊജക്റ്റ് സേവ് ചെയ്ത് കഴിഞ്ഞ് പവിത്ര അപ്പുപ്പന്റെ മുറിയിലേക്ക് നടന്നു. അപ്പുപ്പൻ കിടക്കാൻ തുടങ്ങുകയായിരുന്നു. അവൾ അപ്പുപ്പന്റെ അടുത്തേക്ക് ചെന്ന് ആ കൈകൾ മുറുകെ പിടിച്ചു.
”അപ്പുപ്പനോട് ഞാൻ അന്നങ്ങനെ സംസാരിക്കാൻ പാടില്ലായിരുന്നു… സോറി അപ്പുപ്പൻ.” അവളുടെ ശബ്ദം ഇടറി.
അപ്പുപ്പൻ പുഞ്ചിരിച്ചു: “ഏയ്… അതിനെന്താ മോളേ, ഓരോ തലമുറയ്ക്കും ഓരോ ചിന്തകളല്ലേ…”
”അതല്ല അപ്പുപ്പൻ… ഇന്റർനെറ്റിൽ സെർച്ച് ചെയ്താൽ ലോകത്തിലെ എന്തും കിട്ടുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ മനുഷ്യരുടെ മനസ്സിലേക്ക് സെർച്ച് ചെയ്യാൻ ഒരു ഗൂഗിളിനും കഴിയില്ലെന്ന് എനിക്ക് ഇന്ന് മനസ്സിലായി. അപ്പുപ്പൻ ആ മനുഷ്യരോട് കാണിക്കുന്ന ആ സ്നേഹവും തുറന്ന മനസ്സാണു അവരുടെയൊക്കെ ഹൃദയം തുറന്നത്…”
പ്രകാശും ശോഭയും ഉമ്മറത്തുനിന്ന് ആ കാഴ്ച കണ്ട് പുഞ്ചിരിച്ചു.
നാല് ചുവരുകൾക്കുള്ളിലെ അടച്ചിട്ട ‘സ്വകാര്യത’ മാത്രമല്ല ജീവിതം, മനുഷ്യരോട് മനസ്സ് തുറക്കുന്നതിലും ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിലുമാണ് യഥാർത്ഥ ജീവിതത്തിന്റെ ഭംഗിയെന്ന് ആ പതിനേഴുകാരി അന്ന് തിരിച്ചറിഞ്ഞു.

