രചന : അൻസൽന ഐഷ ✍️
മറന്നുപോയ പ്രണയത്തിന്റെ
മാറ്ററിയാൻ, ഉരച്ചുനോക്കുന്ന
തിരക്കിലാണോ?
അടച്ചിട്ട മുറിക്കുള്ളിലെ
ചുമരുകൾ പറയില്ലേ,
നഷ്ടപ്പെടുത്തിയ
നിശ്വാസങ്ങളുടെ
ഗതിവിഗതികളെക്കുറിച്ച്.
വിശാലമായൊരാകാശം
കാണാൻ ജനലഴികൾ
പരിമിതമാണെന്നറിഞ്ഞിട്ടും
കരകര ശബ്ദമുണ്ടാക്കുന്ന
വാതിൽ തുറക്കാൻ
പേടിയാണോ?
ചിറകുമുളച്ചിട്ട് പറക്കാനിരുന്ന
വിഡ്ഢിവേഷത്തിന്റെ
കരിഞ്ഞുപോയ സ്വപ്നങ്ങളുടെ
ഭാണ്ഡമെടുക്കാൻപോലു-
മാവതില്ലാത്ത ചുക്കിച്ചുളുങ്ങിയ
വിരലുകൾക്ക് അടച്ച
വാതിലൊന്നു തുറക്കാൻ
കെൽപ്പില്ലെന്നാണോ?
മനഃപൂർവമല്ലാത്ത
ത്യാഗത്തിന്റെ നിരാശച്ചിറകുകൾ
മുളച്ചിട്ടും
പറക്കാതെപോയ
ദേഹത്തിനെ
ഉള്ളറകളിലൊളിപ്പിച്ച
തേങ്ങലുകൾ
ഓർമ്മിപ്പിക്കുന്നുണ്ടോ?
ഇനിയും സ്വപ്നങ്ങൾക്കു
പറക്കാൻ ചിറകുകൾ
തുന്നേണ്ടതുണ്ടോയെന്ന്..?

