രചന : ശ്രീകല മോഹൻദാസ് ✍
മേലെ മാനത്തിൻ മുറ്റത്തു പൊൻ
നാണയം പോൽ
പൗർണ്ണമിച്ചന്ദ്രനുദിച്ചുയർന്നു..
അതു കണ്ടു താഴെ മയിൽപ്പേടകൾ
ആനന്ദ നൃത്തം ചവിട്ടുകയാണു..
ആൺ മയിലിനെപ്പോൽ പീലി നീർത്തി
ആടുവാനവയ്ക്കാവില്ലയെങ്കിലും
മുറ്റത്തു തത്തി ത്തത്തി ചുവടുകൾ വെച്ചു
ഉള്ളിലെ ആഹ്ലാദം പങ്കു വെക്കുന്നു ..
സ്വർണ്ണ ഗോളം പോൽ തികഞ്ഞ വൃത്ത ത്തിൽ
പൂർണ്ണചന്ദ്രനുദിച്ചു നിൽക്കുന്നിടം
ഇളം ചുവപ്പു രാശിയാർന്നു തുടുത്തു നിൽക്കുന്നു ..
അതിനും മേലെയായ് മേഘ മാലകൾ
നീന്തിത്തുടിക്കുവാൻ വെമ്പുന്ന പോലെ
മെല്ലെ മെല്ലെ ചലിക്കുന്നുമുണ്ടു…
മന്ദമാരുതൻ വന്നു തലോടുന്ന നേരം
കുളിർ കോരിയിട്ട പോൽ
ചുറ്റിലും നിൽക്കുന്ന തെങ്ങിൻ തലപ്പുകൾ
മന്ദമായ് അങ്ങനെ ഇളകിക്കളിക്കുന്നു..
പ്രപഞ്ചമാകെ വിസ്മയം കൊണ്ടു
ഒരനുഭൂതിയിൽ മുങ്ങി മുഴുകി നിൽക്കേ
മനുഷ്യനും മറ്റു ജീവജാലങ്ങളും
അതിനൊടു സമരസപ്പെടുന്ന കാഴ്ചയാണു
കണ്മുന്നിലങ്ങനെ തെളിഞ്ഞു കാണുന്നതു..
തുടുത്തു നിൽക്കുന്ന ചെമ്മാനവും
അതിനപ്പുറം കാണും നീരദ ശ്രേണിയും
അവയെ നോക്കി ഒരു കാന്തവലയത്തിൽ അകപ്പെട്ട പോലെ
നിർന്നിമേഷം നിൽക്കും കേര നിരകളും..
ഒക്കെയും ചേർന്ന് പ്രകൃതിയൊരുക്കിയ
ഈ മാസ്മര ഭാവത്താൽ
കണ്ടു നിൽപ്പോർക്കുള്ളിൽ എത്ര കണ്ടാലും മതി വരാ മട്ടിൽ
ഒരു ആനന്ദത്തിരമാല അലയടിക്കും എന്നതു സത്യമാണു..

