പ്രേംനസീറും, സത്യനും മലയാള ചലച്ചിത്രലോകത്ത് മുടിചൂടാമന്നന്മാരായി വിരാജിച്ചിരുന്ന കാലത്താണ് നാഗർകോവിലിലെ കോളേജുകളിൽ ഹിന്ദി അധ്യാപകനായി മുൻകാലങ്ങളിൽ ജോലിചെയ്തിരുന്ന തിരുവനന്തപുരത്തുകാരനും, സമ്പന്നകുടുംബാംഗവുമായ മാധവൻ നായർ എന്ന യുവാവ് 1963 ൽ’നിണമണിഞ്ഞ കാൽപ്പാടുകൾ’ എന്ന ചിത്രത്തിലൂടെ അഭിനേതാവായി ഉദയം കൊള്ളുന്നത്.

സ്കൂൾ തലം മുതൽതന്നെ ജന്മസിദ്ധമായ അഭിനയത്തിന്റെ നേരിയ പ്രതിഭാനൂപുരങ്ങൾ കിലുങ്ങികൊണ്ടിരുന്ന മാധവൻ നായർ എന്ന വിദ്യാർഥി, സ്കൂൾ മത്സരങ്ങളിലെ നാടകങ്ങളിൽ അഭിനയിക്കുകയും സമ്മാനങ്ങൾ നേടുകയും പതിവായിരുന്നു. കെട്ടടങ്ങാത്ത ഈ വാസനയുടെ ജ്വാലകൾ ഊണിലും, ഉറക്കത്തിലും, കർമ്മ സരണികളിലും കൊണ്ടുനടന്നിരുന്ന ആ യുവാവ് 1959 ൽ ഇന്ത്യയിൽ ആദ്യമായി ‘നാഷണൽ സ്കൂൾ ഓഫ് ഡ്രാമ’ ആരംഭിച്ചപ്പോൾ അധ്യാപനതൊഴിൽ വലിച്ചെറിഞ്ഞ് അതിലെ ആദ്യബാച്ചിൽ ആദ്യ മലയാളി വിദ്യാർഥിയായി ചേർന്ന് തന്റെ മോഹങ്ങളിലേക്കുള്ള വഴികൾ തുറക്കുകയായിരുന്നു.
പൗരമുഖ്യനായ പിതാവിന്റെ വിലക്കുകളെ അതിജീവിച്ചുകൊണ്ടാണ് തന്റെ ഉള്ളിൽ തിങ്ങിനിന്നിരുന്ന അഭിനയമോഹത്തെ വിടർത്താൻ മാധവൻ നായർ ഒരുമ്പെട്ടത്.
അവിടുന്ന് സ്വായത്തമാക്കിയ വിശാലമായ കലാലോകത്തിലേക്കുള്ള പ്രവേശനമാണ് മാധവൻ നായരെ പി. ഭാസ്ക്കരനിലേക്കും, രാമു കാര്യാട്ടിലേക്കും അവിടുന്നങ്ങോട്ടുള്ള സകലലോകത്തേക്കുമുള്ള ഗോവണിപ്പടികൾ കയറാൻ പ്രേരകമായി തുറക്കപ്പെട്ടത്.

ചലച്ചിത്രലോകത്ത് ബഹുമുഖങ്ങളുടെ ചക്രവർത്തി
1963 ൽ പി. ഭാസ്കരന്റെ ‘അമ്മയെ കാണാൻ’
എന്ന ചിത്രത്തിൽ സിനിമാഭിനയത്തിന് തുടക്കം കുറിച്ചെങ്കിലും 1963 ഫെബ്രു. 22 ന് പുറത്തിറങ്ങിയ
എൻ. എൻ. പിഷാരടി സംവിധാനം ചെയ്ത
‘നിണമണിഞ്ഞ കൽപ്പാടുകൾ’ എന്നചിത്രത്തിലെ പട്ടാളക്കാരനായ സ്റ്റീഫൻ എന്ന കഥാപാത്രത്തിനാണ് ആദ്യമായി
ജനങ്ങളിലേക്ക് ഇറങ്ങിവരാനുള്ള യോഗം ഉണ്ടായത്. തിരശ്ശീയിൽ തന്റെ പേര് തെളിഞ്ഞുവരുന്നത് കാണാൻ ആദ്യപ്രദർശനത്തിൽ തന്നെ തിരക്കിട്ട് തിയ്യറ്ററിലെത്തിയ മാധവൻ നായർക്ക് thante പേര് കാണാനാവാതെ നിരാശനായി ഇരിക്കേണ്ടിവന്നു. പരിഭവത്തോടെ നിർമ്മാതാവായ ശോഭന പരമേശ്വരൻ നായരെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. “നിങ്ങളുടെ പേര് അതിലുണ്ടല്ലോ. ചെറിയൊരു വ്യത്യാസം തിക്കുറിശ്ശി ചേട്ടൻ വരുത്തിയെന്നുമാത്രം”. അമ്പരപ്പോടെ പരമേശ്വരൻ നായരുടെ കണ്ണുകളിലേക്ക് നോക്കിയ യുവാവിനോട്
“ഇനിമുതൽ ‘മധു’ എന്ന പേരിലാണ് നിങ്ങൾ അറിയപ്പെടുക, ആ പേരാണ് ഇതിൽ ചേർത്തിട്ടുള്ളത്” എന്നും പറഞ്ഞു.

അങ്ങനെ മലയാളത്തിൽ ഒരു മധു പിറന്നു.
മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരവും മധുവിന്റെ ഈ കന്നിച്ചിത്രം നേടുകയുണ്ടായി.
‘അമ്മയെ കാണാനി’ലെ ബാലചന്ദ്രൻ മുതൽ
മലയാളിമനസ്സിൽ കയറിക്കൂടിയ മധു
നിണമണിഞ്ഞ കാൽപ്പാടുകൾ, മൂടുപടം,ഭാർഗ്ഗവിനിലയം, കുട്ടിക്കുപ്പായം, മണവാട്ടി, തച്ചോളി ഒതേനൻ, പട്ടുതൂവാല,സുബൈദ,തൊമ്മന്റെ മക്കൾ,കാട്ടുപൂക്കൾ, മുറപ്പെണ്ണ് തുടങ്ങിയ മലയാളിക്ക് മറക്കാനാവാത്ത ചിത്രങ്ങളിലെ വ്യത്യസ്തങ്ങളായ വേഷപ്പകർച്ചകളിലൂടെ ബാലഗോപാലനായും, സ്റ്റീഫനായും, കുഞ്ഞുകുഞ്ഞാ യും, സാഹിത്യകാരനായും, സിദ്ദിഖായും, ബാബു, പാപ്പച്ചൻ, ജോർജ്, കുഞ്ഞച്ചൻ, അഹമ്മദ്, ഡോ. ജോണി, കേശവൻകുട്ടി തുടങ്ങിയ ശക്തരായ കഥാപാത്രങ്ങളായും സത്യന്റെയും, പ്രേനസീറിന്റെയും ഇടയിലൂടെ അഭിനയത്തിന്റെ പുതിയൊരു പാത സിനിമാ ചരിത്രത്തിൽ വെട്ടിതുറക്കുകയായിരുന്നു.

സമഭാവനയുടെ അമരക്കാരൻ
ഇതിനിടയിൽ തൃശ്ശൂരിലെ പ്രശസ്ത നാടൻകലാ സംരക്ഷകനായിരുന്ന
ഡോ. ചുമ്മാർ ചൂണ്ടലിന്റെ ആദ്യ നാടകമായ ‘വീട്ടുമൃഗങ്ങ’ളിൽ മത്തായി മാഷ് എന്ന വൃദ്ധകഥാപാത്രത്തിനെ അവതരിപ്പിച്ചത് ശ്രീ. മധുവായിരുന്നു. ചുമ്മാർ മാഷുമായി മധുവിനുണ്ടായിരുന്ന സൗഹൃദ ബന്ധത്തിന്റെ പ്രകാശനം കൂടിയായിരുന്നു തൃശ്ശൂരിൽ അരങ്ങേറിയ ആ നാടകം.
നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പുറത്തുവന്ന നടന്റെ പ്രകടനം അക്കാലത്ത് ജനങ്ങളിൽ ഏറെ മതിപ്പുളവാക്കിയിരുന്നു എന്നാണ് കേട്ടറിവ്.
ഇന്ത്യൻ സിനിമയിലെ അതികായനായിരുന്ന ദിലീപ്കുമാറിനോടാണ് മധുസാറിനെ താരതമ്യം ചെയ്യാൻ എനിക്ക് താൽപ്പര്യം. അതേസമയം തന്നെ ഈജിപ്ഷ്യൻ സിനിമയിലെ
നൂർ ഉൾ ഷെരീഫും, യൂറോപ്യൻ സിനിമയിലെ സ്റ്റീഫ് മാക് ക്വീനും മധു സാറിന്റെ ചില കഥാപാത്രഭാവങ്ങളിലൂടെ മിന്നിമറയുന്നതായും എനിക്ക് തോന്നിയിട്ടുണ്ട്.
1966 ൽ പുറത്തിറങ്ങിയ രാമു കാര്യാട്ടിന്റ ‘ചെമ്മീൻ’ വിശ്വപ്രസിദ്ധമായതോടുകൂടി അതിലെ പരീക്കുട്ടിയായി ഹൃദയംകവർന്ന കൊച്ചുമുതലാളി ചരിത്രത്തിന്റെ ചുമരിലെ മായാശില്പമായി അനശ്വരതയിലേക്ക് ഉയർന്നു.

അനവധി സിനിമകളുടെ നിർമ്മാതാവുകൂടിയാണ് മധു. ‘ഉമ സ്റ്റുഡിയോ’ എന്ന ഒരു സിനിമാ സ്റ്റുഡിയോയും അദ്ദേഹത്തിന്റെതായി ഉണ്ടായിരുന്നു. അതാണ്‌ പിൽക്കാലത്ത് ഏഷ്യാനെറ്റ്‌ ചാനലിന്റെ ഓഫീസ് ആയി രൂപാന്തരപ്പെട്ടത്.
“പ്രൊഡ്യൂസർ എന്ന് പറഞ്ഞാൽ കാശ് മുടക്കുന്ന ആൾ മാത്രമാകരുത്. അയാളായിരിക്കണം സിനിമ യുടെ All in all ” എന്ന് ധൈര്യപൂർവം പറയുന്ന കാലഘട്ടത്തിന്റെ പ്രതിനിധിയാണ് ശ്രീ. മധു.
അദ്ദേഹം നിർമ്മിച്ച സിനിമകളിലൊക്കെ അദ്ദേഹത്തിന്റെ ശ്രദ്ധ വേണ്ടപോലെ ചെലുത്തുവാനും, വിജയം വരിക്കുവാനും അദ്ദേഹത്തിനായിട്ടുണ്ട്.
സ്നേഹസാന്ദ്രമായ
നടനസാഗരം
സഹചാരികളോട് സമഭാവനയോടെ ഇടപഴകുന്നതിൽ അതീവ തല്പരനായിട്ടുള്ള മധുസാറുമായി തിരുവനന്തപുരം ഫിലിം ഫെസ്റ്റിവൽ സമയങ്ങളിൽ ഇടപഴകാനുള്ള അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രിയ സുഹൃത്തും സംവിധായകനുമായ പവിത്രനായിരുന്നു അതിനുള്ള കാരണഭൂതൻ.

പിന്നീട് ഞാൻ നിർമ്മിച്ച ‘അറിയാതെ ‘ എന്ന ടെലിഫിലിമിന്റെ ഷൂട്ടിങ് സമയങ്ങളിൽ തിരുവനന്തപുരത്തെ ലൊക്കേഷനിലും അദ്ദേഹം സൗഹൃദസന്ദർശനം നടത്താറുണ്ടായിരുന്നു.
കുക്കു പരമേശ്വരൻ സംവിധാനം നിർവഹിച്ച ആ ചിത്രത്തിലെ നായിക പ്രസിദ്ധ ദക്ഷിണേന്ത്യൻ നടി ശ്രീവിദ്യയായിരുന്നു. അവർ ഇരുവരുമായി ക്യടുംബബന്ധം പോലെ ഹൃദയബന്ധം ഉണ്ടായിരുന്നതുകൊണ്ടായിരുന്നു മധുസാറിന്റെ ആ സ്നേഹസന്ദർശനം. മാത്രവുമല്ല, വൈവിധ്യമാർന്ന കലകളുടെ സമ്മേളനദേഹമായിരുന്ന ശ്രീവിദ്യയുടെ വൈഭവങ്ങളോട് അദ്ദേഹത്തിന് ബഹുമാനവുമായിരുന്നു. സ്വന്തം ശബ്ദത്തിൽ മാത്രം ഭിന്നങ്ങളായ ഭാഷയിൽ സംവദിക്കാനുള്ള വിദ്യാമയുടെ കഴിവിൽ.

ഒരു മനുഷ്യന് തന്റെ മനുഷ്യായുസ്സിനിടയിൽ എത്തിപ്പെടണമെന്ന് ആഗ്രഹിച്ചുപോകാനിടയുള്ള വ്യത്യസ്തമായ ഇരിപ്പിടങ്ങളിൽ ഉദിച്ചുയരാനുള്ള ഭാഗ്യം ലഭിച്ച ഒരാളാണ് ശ്രീ. മധു.
400 ലേറെ സിനിമ കളിൽ അഭിനയിച്ചു. 12 സിനിമകൾ സംവിധാനം ചെയ്തു. 15 സിനിമകളുടെ നിർമ്മാതാവായി. 2004 ൽ ജെ. സി. ഡാനിയേൽ പുരസ്‌കാരം നൽകി കേരളസംസ്ഥാനം ആദരിച്ചു. 2013 ൽ രാജ്യം പദ്മശ്രീ പുരസ്കാരവും നൽകി ആദരിച്ചു.
അദ്ധ്യാപകൻ, നടൻ, നിർമ്മാതാവ്, സംവിധായകൻ, ഫിലിം സ്റ്റുഡിയോ ഉടമ എന്ന വൈവിധ്യമാർന്ന മേഖലകളിൽ മിഴിവ് തെളിയിച്ചിട്ടുള്ള മലയാളികളുടെ മധു സാറിൽ നിന്ന് 93 കഴിഞ്ഞിട്ടും ഊർജ്ജസ്വലതയും, കൂർമ്മബുദ്ധിയും
ഇനിയും വിടപറഞ്ഞിട്ടില്ല.

തന്നെ പുൽകാൻ മടികാണിക്കുന്ന മരണത്തെ പഴിപറഞ്ഞ് നിസംഗ ഭാവത്തോടെ വിശ്രമിക്കുകയാണ് മലയാളത്തിന്റെ പ്രിയങ്കരനായിരുന്ന കാമുകനായകൻ.
വിധിയുടെ പരിശുദ്ധകരങ്ങൾ അദ്ദേഹത്തെ കരുണയോടെ തഴുകി സംരക്ഷിക്കട്ടെ!

ജയരാജ്‌ പുതുമഠം.

By ivayana

Leave a Reply

Your email address will not be published. Required fields are marked *