രചന : അഫ്സൽ ബഷീർ തൃക്കോമല ✍️
എല്ലാ വർഷവും സെപ്റ്റംബർ 25 ആണ് ലോക ഫാർമസിസ്റ്റ് ദിനം (World Pharmacists Day) ആയി ആചരിക്കുന്നത്.
ഇന്റർനാഷണൽ ഫാർമസിസ്റ്റ് ഫെഡറേഷൻ 1912 സെപ്റ്റംബർ 25 സ്ഥാപിക്കപ്പെട്ടതൻ്റെ ഓർമ്മ പുതുക്കൽ ആണ് സെപ്റ്റംബർ 25 ഫാർമസിസ്റ്റ് ദിനമായി ആചരിക്കുന്നത്. 2009-ൽ തുർക്കിയിൽ നടന്ന കൗൺസിൽ യോഗത്തിലാണ് ഈ ദിനാചരണത്തിന് തുടക്കം കുറിച്ചത്.
ആതുര സേവന രംഗത്ത് എന്നും രണ്ടാം കിട അവഗണന നേരിടുന്ന വിഭാഗമാണ് ഫാർമസിസ്റ്റുകൾ. വൈദ്യശാസ്ത്ര രംഗത്ത് ഡോക്ടർക്കും നേഴ്‌സിനുമുളള അതേ പ്രാധാന്യമാണ് ഫാർമസിസ്റ്റുകൾക്കുമുളളത് എന്ന് സമ്മതിച്ച് തരാൻ ആരോഗ്യ പ്രവർത്തകരിൽ ബഹു ഭൂരിപക്ഷത്തിനും ഇന്നും വലിയ പ്രയാസമാണ്.മരുന്നുകൾ നിർമ്മിക്കുകയും, അവയുടെ സുരക്ഷാ പരിശോധനകൾ നിർവഹിക്കുകയും, രോഗികൾക്ക് കൃത്യമായ അളവിൽ മരുന്ന് വിതരണം ചെയ്യുകയും, ഉപയോഗക്രമം ശാസ്ത്രീയമായി പറഞ്ഞു കൊടുക്കുകയും, പാർശ്വഫലങ്ങൾ വിലയിരുത്തുകയും ചെയ്യുന്ന വിദഗ്ദരാണ് ഫാർമസിസ്റ്റുകൾ (pharmacists). ഇന്ന് ഫാക്ടറികളിൽ മരുന്ന് നിർമ്മിക്കുന്നത് യന്ത്രങ്ങളുടെ സഹായതോടെയാണെങ്കിലും. പലപ്പോഴും ഫാർമസിസ്റ്റുകളുടെ മേൽനോട്ടത്തിൽ ആവും ഇത് നടക്കാറുള്ളത്. പല രാജ്യങ്ങളിലും ക്ലിനിക്കൽ ഫാർമസി പ്രാക്ടീസ്, ഡ്രഗ് തെറാപ്പി തുടങ്ങി ഫാർമസി പ്രവർത്തനങ്ങൾ വലിയ വികസനത്തിൻ്റെ പാതയിലാണ്.
ലോകത്ത് ഏതാണ്ട് 40 ലക്ഷത്തോളം രജിസ്‌ട്രേഡ് ഫാർമിസിസ്റ്റുകൾ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. മരുന്നിന്റെ ഗവേഷണം മുതൽ അത് ജനങ്ങളിൽ എത്തിക്കുന്നത് വരെ ഫാർമസിസ്റ്റിന്റെ സേവനം വലിയ പ്രാധാന്യമുള്ളതാണ്. രോഗികൾക്ക് ശരിയായ മരുന്ന് യാതോരു ദൂഷ്യവുമില്ലാതെ നൽകേണ്ട ഉത്തരവാദിത്വവേം ഫാർമസിസ്റ്റുകളുടേത് തന്നെ . ഡോക്ടർ നൽകുന്ന മരുന്നിന്റെ കുറുപ്പടി അനുസരിച്ച് രോഗിക്ക് മരുന്ന് നൽകാനുളള അനുമതി അംഗീകാരമുളള ഫാർമസിസ്റ്റുകൾക്ക് മാത്രമാണ്. 1948ലെ ഫാർമസി നിയമ പ്രകാരം ഫാർമസിസ്റ്റ് അല്ലാത്തവർ മരുന്ന് നൽകിയാൽ ആറ് മാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
രജിസ്‌ട്രേഡ് ഫാർമസിസ്റ്റിന്റെ സാന്നിദ്ധ്യത്തിൽ മാത്രമേ മറ്റുളളവർക്ക് മരുന്ന് നൽകാനാവൂ എന്ന് നിയമം അനുശാസിക്കുമ്പോഴും ഇതൊക്കെ നടപ്പാക്കുന്നുണ്ടോ? എന്നത് പരിശോധിക്ക പെടേണ്ടതുണ്ട്. ഇന്ത്യയിൽ ഒരു രജിസ്റ്റേർഡ് ഫാർമസിസ്റ്റ് ആകാൻ വേണ്ട ഏറ്റവും കുറഞ്ഞ യോഗ്യത ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (PCI) അംഗീകരിച്ച ഒരു സ്ഥാപനത്തിൽ നിന്നുള്ള ഡിപ്ലോമ ഇൻ ഫാർമസി (D.Pharm) വിജയകരമായി പൂർത്തിയാക്കുക എന്നതാണ്. അത് വിദേശ രാജ്യങ്ങളിൽ ലഭ്യമല്ല. മറ്റ് രാജ്യങ്ങളിൽ B.Pharm (ബാച്ചിലർ ഓഫ് ഫാർമസി) 4 വർഷത്തെ ബിരുദം നേടിയവർക്ക് മാത്രമേ ഫാർമസിസ്റ്റ് ആകാൻ കഴിയൂ.കോഴ്സ് പാസായ ശേഷം മാത്രം ജോലി ചെയ്യാൻ സാധിക്കില്ല. ഇന്ത്യയിൽ നിയമപരമായി ഫാർമസിസ്റ്റായി ജോലി ചെയ്യുന്നതിനും സ്വന്തമായി മെഡിക്കൽ ഷോപ്പ് തുടങ്ങുന്നതിനും അതത് സ്റ്റേറ്റ് ഫാർമസി കൗൺസിലിൽ (State Pharmacy Council) രജിസ്റ്റർ ചെയ്ത് ലൈസൻസ് സ്വന്തമാക്കേണ്ടത് നിർബന്ധമാണ്.ഇതിന് മുകളിൽ 6 വർഷത്തെ Pharm.D (ഡോക്ടർ ഓഫ് ഫാർമസി) യോഗ്യത നേടുന്നവർക്ക് വലിയ തൊഴിൽ സാധ്യതകളാണ് മുൻപിൽ ഉള്ളത്.
2026-ലെ ഫാർമസിസ്റ്റ് ദിനത്തിന്റെപ്രമേയം (Theme):"Empowering pharmacists for healthier futures" (ആരോഗ്യകരമായ ഭാവിക്കായി ഫാർമസിസ്റ്റുകളെ ശാക്തീകരിക്കുക) എന്നതാണ് . ഫാർമസിയുടെ മുൻനിരയിലുള്ളവർക്ക് ക്ഷമയും അനുകമ്പയും . അവരുടെ പ്രതിബദ്ധത, ബുദ്ധിമുട്ടുള്ള രോഗികളെ കൈകാര്യം ചെയ്യാനുള്ള കഴിവ്, ഡോക്ടർമാരുടെ കൈയക്ഷരം മനസ്സിലാക്കാനുള്ള കഴിവ്, അധിക സമയം ജോലി ചെയ്യുമ്പോൾ പോലും നിരന്തരമായ പുഞ്ചിരി.ഇതൊക്കെ ഒരു ഫാർമസിസ്റ്റനു ഉണ്ടാകേണ്ട ഗുണങ്ങളാണ് . കഴിഞ്ഞ കാലങ്ങളിൽ പല ഡോക്ടർമാരുഡേയും കൈയക്ഷരം ഇവരെ കുഴപ്പിച്ചത് കുറച്ചൊന്നുമല്ല.തീരെ മനസിലാക്കാൻ പറ്റാത്ത രീതിയിൽ എഴുതുന്ന ഡോക്ടർമാർ വരെ ഉണ്ടായിരുന്നു. വർത്തമാന കാലത്ത് കമ്പ്യൂട്ടർ ശൃംഖല ഇതിന് വലിയൊരശ്വാസമായി മാറി എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു.
കേവലം മരുന്ന് വിതരണത്തിനപ്പുറം രോഗീ പരിചരണത്തിലും ആരോഗ്യ സംവിധാനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിലും ഇവർ മുൻ നിരയിലുണ്ടെങ്കിലും ഇക്കൂട്ടരോടുള്ള ചിറ്റമ്മ നയം അവസാനിപ്പിക്കാൻ ഡോക്ടർ സമൂഹം ഉൾപ്പടെയുള്ള മറ്റ് ആരോഗ്യ പ്രവർത്തകർ തയ്യാർ ആകണം എന്നതാണ് ഈ ദിനത്തിൽ പ്രത്യേകം പറയാനുള്ളത്.

