പെട്ടെന്ന്
മേൽക്കൂരയിൽ കൂടുകൂട്ടിയ
വെള്ളരിപ്രാവുകളുടെ
ചുണ്ടുകൾ കൂർത്തുവരുന്നു
കണ്ണുകളിൽ ഹിംസ ചുവക്കുന്നു
ഗോതമ്പുമണികളുപേക്ഷിച്ച്‌
മണ്ണിലേക്ക് താണുപറന്നിറങ്ങി
അവ കോഴിക്കുഞ്ഞുങ്ങളെ റാഞ്ചുന്നു
മരച്ചില്ലയിൽ വന്നിരുന്ന്
മാംസം കൊത്തിവലിച്ച്
കൊക്കുകളിൽ ചോര പുരട്ടുന്നു
തെങ്ങോലകളിൽ
ബഹളം വെച്ചിരുന്ന കാക്കകൾ
പൊടുന്നനെ ഏകാകികളും
മൗനികളുമാകുന്നു
കുഞ്ഞിന്റെ കയ്യിലെ നെയ്യപ്പം
ചത്ത എലിയുടെ ചീഞ്ഞ ദേഹം
ഒന്നും കാക്കകളെ പ്രലോഭിപ്പിക്കാതാകുന്നു
കൂട്ടക്കരച്ചിൽ നിർത്തി
മണ്ണിൽ നിന്ന് ധാന്യമണികൾ
കൊത്തിത്തിന്ന്
ശാന്തരായി കാക്കകൾ
നിശ്ശബ്ദം കൂടുകളിൽ ചേക്കേറുന്നു
പാമ്പുകൾ വൈഡൂര്യ കിരീടം ചൂടി
മുറ്റത്ത്‌ കളിക്കുന്ന കുഞ്ഞുങ്ങൾക്ക്
കളിപ്പാട്ടങ്ങളാകുന്നു
വിഷസഞ്ചി വറ്റിയ പല്ലുകൾ
മുല്ലമൊട്ടുകൾ പോലെ കൊഴിഞ്ഞുവീഴുന്നു
കുഞ്ഞുങ്ങൾ അവയെടുത്ത് മാലകോർക്കുന്നു
കോഴികൾ വറ്റു കൊടുത്ത കൈക്ക്
ആഞ്ഞുകൊത്തി ചോരകുടിക്കുന്നു
മുട്ടകൾ ഓംലെറ്റോ റോസ്‌റ്റോ
ഉണ്ടാക്കാൻ കൊടുക്കാതെ
അടയിരുന്ന് വിരിയിക്കുന്നു
വീടിനെ കോഴികൾ നായാടിപ്പിടിച്ചടക്കുന്നു
കോഴികളുടെ കൊത്തേറ്റ്
വീട്ടുകാർ വിഷംതീണ്ടി ചാവുന്നു
പുലികൾ തൊഴുത്തുകളിൽ
തല താഴ്ത്തി നിന്ന് പുല്ലുതിന്നുന്നു
കറവക്കാരന് അനുസരണയോടെ
അകിടുകൾ ചുരത്തിക്കൊടുക്കുന്നു
പശുക്കൾ കൂർത്ത ദ്രംഷ്ടകളും
കാൽനഖങ്ങളുമായി
കാടുകളിലേക്ക് പലായനം ചെയ്യുന്നു
ഇടയ്ക്കൊക്കെ ഒറ്റയ്ക്കും കൂട്ടമായും
നാട്ടിലിറങ്ങി മനുഷ്യരെ വേട്ടയാടിപ്പിടിക്കുന്നു
കൊന്നുതിന്നുന്നു
പൂച്ചകൾ ഒന്നുകൂടി പൊക്കം വെച്ച്
മ്യാവൂ മ്യാവൂ എന്ന കരച്ചിലിനെ
ഗർജ്ജനമാക്കി വിവർത്തനം ചെയ്യുന്നു
എലികളെ വെറുതെവിട്ട്
മുയലുകളുടെ പിന്നാലെ
ശരവേഗത്തിൽ പായുന്നു
നഖങ്ങളിൽ ചോരപറ്റുന്നു
അടുക്കള മുറ്റത്ത്‌
സിംഹക്കുഞ്ഞുങ്ങൾ
മീൻ തല തിന്ന് കോട്ടുവായിട്ടുറങ്ങുന്നു
ഇതെന്തു കാലമെന്ന്
മൂക്കത്തു വിരൽ വെച്ച്
അന്തംവിട്ടു നിൽക്കവേ
കഴുകന്മാർ
ഒലീവ് ചില്ലകളുമായി
ഭൂമിയിലേക്ക് പറന്നുവരുന്നു…

എം ബഷീർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *