രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️
പറയുവാനില്ലയൊന്നും
പ്രിയതമേ
പിരിയുവാൻ നേരമായൊരീ
സന്ധ്യയിൽ
വഴിപിരിഞ്ഞവർ
നാം,
നമ്മളെത്തന്നെ
മറവിയിലേക്കു
പറഞ്ഞയക്കുന്നവർ…..
പ്രകൃതി പോലും തുണക്കില്ല
നമ്മളെ
ഇരുൾപരത്തുന്നു
കാർമേഘപാളികൾ,
കിളികളൊന്നും പറക്കാതെ
നിശ്ചലം,
ഇരുളിലേക്കുള്ള യാത്രയിൽ
സൂര്യനും…..
പകിടകളിയാണു
ജീവിതമെന്നുനീ,
കരുതി ജീവിച്ച നാളുകൾ
നാൾക്കുനാൾ,
പടുകുഴികളിൽ
കൊണ്ടുപോയെത്തിച്ചു,
ചെവികൊടുത്തില്ല നീയാരു
ചൊന്നതും…..
ഒടുവിലിവിടെയീ പെരുവഴിയെത്തി
നാം
വഴിപിഴച്ചെന്നു ശങ്കിച്ചു
നിൽപ്പു നീ,
ഇനി തിരിച്ചുപോക്കാവില്ല
കാലത്തെ
തിരികെ മാടിവിളിക്കുവാനാവില്ല……
ഇവിടെയൊരു ജന്മമേയുള്ളൂ
സർവ്വരും,
കരുതുമതിനേറെ
ദൈർഘ്യമുണ്ടെന്നപോൽ,
വളരെചെറുതാണ് ജീവിതം,
അറിയുവാൻ,
വെറുതെ നാമൊന്നു ജീവിച്ചു
നോക്കണം…..
