രചന : സുരേഷ് പൊൻകുന്നം ✍️
പക, പുക പോലെ, പുകഞ്ഞു പുകഞ്ഞു മൂടൽമഞ്ഞു പോലെ,
കാഴ്ച്ചയെ മറച്ചു അസത്യാങ്കിതമായ
പുകമറ സൃഷ്ടിച്ചു അധർമ്മത്തിന്റെ തടങ്കൽ പാളയത്തിലടയ്ക്കുന്നു,
പക…….
വിശുദ്ധരെന്നു നാം നിരൂപ്പിക്കും അധമ മാധ്യമ, മത, പുരോഹിതർ പോലെ….
നമ്മെ അനുനയിപ്പിച്ച് നയിച്ചു വിരുദ്ധ വേഴ്ചകളിൽ അഭിരമിപ്പിക്കുന്നു,
നമ്മെ ഭീഷണിപ്പെടുത്തുന്നു,
നാം വിളിക്കുന്നു…
ശ്രീറാം.. യേശുവേ ..അള്ളാ..
(Sorry അള്ളാ… അല്ല ദൈവം…
അങ്ങനെയാണിപ്പോൾ
മുസ്ലിം ലീഗ് M. L. A. മന്ത്രിമാർ
സത്യപ്രതിജ്ഞ ചെയ്യുന്നത്.)
പക ലഹരിയും വീഞ്ഞും നിറച്ച
ഇരട്ട മുലകൾ പോലെ…
അവ…
നമ്മുടെ വായിലേക്കു തിരുകി
നമ്മെ വിവസ്ത്രരാക്കി അരാജകത്വത്തിന്റെ മുറിയിൽ തള്ളി വിടുന്നു,
പകയുടെ ഭാഷ,
ലിപിയില്ലാത്തത്
ലോകമെങ്ങുമൊരുപോലെ,
അതൊരു ആംഗ്യഭാഷയും കൂടിയാണ്…
കണ്ണ് ചുവന്നു, പുരികം വളഞ്ഞു
പല്ലിറുമ്മി കലിയുറഞ്ഞ ഭാഷ,
ദൈവത്തിനും പകയുണ്ടോ..?
മതപുസ്തകങ്ങൾ ഭീതി പരത്തുന്നുണ്ട്,
ദാ……ദൈവമിപ്പോൾ കോപിക്കും
ശപിക്കും
സ്വർഗ്ഗ കവാടം നിനക്കായി തുറക്കില്ല,
നരകത്തീയിൽ തള്ളും
ചുട്ടീ,ർക്കിലിയിൽ കോർത്തെടുക്കും,
പാവം മീനുകളെ ജീവനോടെ കോർത്തെടുക്കുന്ന തീരദേശവാസികൾ പേടിക്കും,
(അവരും ചെയ്യുന്നത് കൊലപാതകങ്ങൾ ആണല്ലോ.)
തീരദേശത്തു കോടികളുടെ
പള്ളികൾ ഉയരും..
മീനുകളെ കൊന്നിട്ട് അവരും
മുട്ടിപ്പായി പ്രാർത്ഥിക്കും…
എന്റെ ഈശോയെ
അള്ളാ..
ശ്രീറാം..
ദൈവമിതൊക്കെയറിയുന്നുണ്ടോ?
ഉണ്ട്…
ദുഷ്ടനെ പനപോലെ വളർത്തുമെങ്കിൽ അതു
നല്ലവനോടുള്ള പകയാണ്,
എന്തായാലും ചെകുത്താന്
അങ്ങനെയൊരു ഭേദമില്ല,
ചെകുത്താനേ..നീ വലിയവൻ
നീ ദൈവത്തെ പോലെയല്ലല്ലോ,
പകയില്ലാത്തവൻ,
പിന്നെ. നുകത്തിന്നടിയിലായ അടിമയുടെ പക, അതു
സ്വയം എരിഞ്ഞൊടുങ്ങുന്നു,
എങ്കിലുമവന്റെ ചിതയ്ക്ക്
ഒരു മണമുണ്ട്,
ഒരു പകപ്പുകയുടെ മണം,
പക
ഒരു ചെറു തീപ്പൊരിയിൽ
ഒരു വിപ്ലവബീജം സ്ഖലിപ്പിക്കുന്നു
കവികൾക്ക് പകയുണ്ടോ?
ഉണ്ടാകണം..
അതു ദുഷ്ടനെ വളർത്തുന്നവന്നെതിരാകണാം
നുകത്തിനടിയിലുള്ള
അടിമയുടെ പക പോലാകണം,
അതാകണം…കവിത.
