രചന : ഷാഹുൽ കാടഞ്ചേരി ✍️
തളർന്ന രാവിന്റെ മടിയിൽ
നേരത്തെയൊന്നു കണ്ണടയ്ക്കണം
നാളെ ആവട്ടെ…
പുലരി മഞ്ഞിന്റെ കുളിരിൽ
കിളിപ്പാട്ടിനൊപ്പം അല്പം നടന്നു താളമിടണം
നാളെ ആവട്ടെ…
പ്രപഞ്ചരഹസ്യങ്ങൾ ഒളിപ്പിച്ച പച്ചിലകളിൽ
ജ്ഞാനത്തിന്റെ പുതിയ വെളിച്ചം തിരയണം
നാളെ ആവട്ടെ
അക്ഷരച്ചെപ്പ് തുറന്നുതന്ന പഴയ വിദ്യാലയമുറ്റത്ത്
ഒന്നുകൂടി ചെന്നുനിൽക്കണം
നാളെ ആവട്ടെ
ആത്മവെളിച്ചമേകിയ ഗുരുപാദങ്ങളിൽ
പ്രണാമപ്പൂവുകളർപ്പിക്കണം
നാളെ ആവട്ടെ
ഉമ്മറക്കോലായിൽ തഴുകുന്ന
പ്രഭാതക്കുളിരിലേക്ക് മനസ്സു തുറന്നിടണം
നാളെ ആവട്ടെ
അടുക്കളത്തോട്ടത്തിൽ കുറച്ചു ചീരയും വെണ്ടയും
നട്ടുനനച്ചു പച്ചപ്പുണ്ടാക്കണം
നാളെ ആവട്ടെ
കൈക്കോട്ടെടുത്ത് തട തുറന്ന്
തെങ്ങിൻചുവട്ടിലേക്ക് ജീവന്റെ ജലമൊഴിക്കണം
നാളെ ആവട്ടെ
കാലം ചോരയിൽ കലർത്തിയ തീക്ഷ്ണരോഗങ്ങളും
ധമനികളിൽ നിശ്ശബ്ദം പടരുന്ന നഗരവിഷങ്ങളും
വൈദ്യന്റെ കണ്ണാടിയിലൂടെയൊന്നു പരിശോധിക്കണം
നാളെ ആവട്ടെ
രക്തബന്ധങ്ങളുടെ ഊഷ്മളതയിലേക്ക്
ഒന്നുകൂടി തിരിഞ്ഞുനടക്കണം
നാളെ ആവട്ടെ
ഉടപ്പിറപ്പുകളോട് കൂട്ടുകാരോട്
വഴിയരികിൽ നിൽക്കുമ്പോഴെങ്കിലും കുശലം പറയണം
നാളെ ആവട്ടെ
വീട്ടുപടിയ്ക്കൽ കാത്തിരിക്കും ഭാര്യയോടും മക്കളോടുമൊപ്പം
ഹൃദയം തുറന്നൊന്നു പൊട്ടിച്ചിരിക്കണം
നാളെ ആവട്ടെ
പാടവരമ്പിലെ പഴയ കൗതുകങ്ങളിലേക്ക്
ഒരു കുട്ടിയായി മടങ്ങണം
നാളെ ആവട്ടെ
പ്രഭാത കിരണങ്ങൾ മുഖത്ത് പതിഞ്ഞിട്ടും
അയാൾ മാത്രം ഇന്നുണർന്നില്ല…
ആരോ പതുക്കെ മന്ത്രിച്ചു,
ഇന്നിന്റെ മിഴിയടഞ്ഞു…
“നാളെയാണത്രേ…”

