കൊമ്പിന്റെ അഗ്രത്തിൽ കനകം തെളിയുമ്പോൾ
പുലരിതൻ കൺകളിൽ കൗതുകമുണരും;
മഞ്ഞയുടെ നൂറുനൂറു വർണഭേദങ്ങളാൽ
മന്ദസ്മിതം തൂകും മനോഹരീ, ചെമ്പകം!

ഇതളുകൾ മെല്ലവേ വിടരുന്ന വേളയിൽ
ഇളംകാറ്റിലാരോ വിപഞ്ചിക മീട്ടും;
പൂവിന്റെ ഹൃദയത്തിൽ പിറക്കുന്ന സൗരഭം
ഭൂമിതൻ ശ്വാസത്തിൽ സംഗീതമാകും.

അരികിലെ വൃക്ഷങ്ങൾ ശാഖകൾ താഴ്ത്തുന്നു,
അലസമാം പല്ലവം മെല്ലെ വിറയ്ക്കുന്നു;
വനലതകളെല്ലാം വിരലുകൾ നീട്ടുന്നു,
വാസന്തഗന്ധത്തിൻ വരവേൽപ്പിനെന്നപോൽ!

ചിറകുകൾ കുടഞ്ഞൊരു കിളിയുടെ ചുണ്ടിലും
ചെറുമാനിൻ ശ്വാസത്തിൻ മൃദുലചലനത്തിലും,
പുൽക്കൊടിത്തുമ്പിലെ മഞ്ഞിൻ കണങ്ങളിലും
പൂവിന്റെ പരിമളം പുണ്യമായ് പടരുന്നു.

വഴിയാത്രക്കാരന്റെ ഹൃദയം കുളിർക്കുന്നു,
വാത്സല്യമുണരുന്നു വൃദ്ധന്റെ മിഴികളിൽ;
കുഞ്ഞിന്റെ പുഞ്ചിരി പൂവിതൾ പോലെയായ്,
കാണാത്ത ഗന്ധത്തിൻ കാന്തിയിൽ വിടരുന്നു.

പകലുകൾ കൊഴിയുന്നു, രാത്രികൾ വരുന്നു,
പരിമളം മായാതെ പരിസരം നിറയുന്നു;
നക്ഷത്രമുറങ്ങാത്ത നിശ്ശബ്ദയാമത്തിലും
നഭസ്സിന്റെ അതിരോളം സൗരഭമൊഴുകുന്നു.

ഒടുവിലൊരുനാളാ പൂവിതൾ താഴുമ്പോൾ
ഒരുനൊമ്പരമില്ലാതെ മണ്ണിനെ പുണരുന്നു;
അപ്പോഴതാ, കൊമ്പിൻ അരുണിമയാർന്നൊരു
പുതുമൊട്ട് ജീവിതരഹസ്യം തുറക്കുന്നു!

കൊടുത്തതൊന്നും തിരികെ ചോദിക്കാതെ,
കൊഴിഞ്ഞതൊന്നും നഷ്ടമെന്നോർക്കാതെ,
അപരന്റെ ശ്വാസത്തിൽ അമൃതം നിറയ്ക്കുന്ന
അനന്തമാം സ്നേഹത്തിൻ അക്ഷയസൗരഭം!

എത്ര ജന്മങ്ങൾ മനുഷ്യനായ് പിറന്നാലും
ഇത്രമേൽ മധുരമായ് ജീവിതം തീർക്കാമോ?
ഈ പ്രപഞ്ചത്തിൻ ശ്വാസത്തിൽ സ്നേഹം നിറയ്ക്കുവാൻ
ഒരു ചെമ്പകപ്പൂവായ് ജനിച്ചെങ്കിലെൻ ഹൃദയം!

ശ്രീകുമാർ കൈമുക്ക്

By ivayana

Leave a Reply

Your email address will not be published. Required fields are marked *