അളമുട്ടിയപ്രണയക്കെടുതിയിൽ
അങ്ങേയറ്റം വലഞ്ഞുരുകുമ്പോൾ
അകപ്പെട്ടൊരു കേളികളോർത്തു
അപമാനത്താലെ അന്ത:ക്കരണം.

അടമഴപ്പോലതുജലകണികകളായി
അടിക്കാണാനുള്ളൊരു നോവാൽ
അങ്കക്കലിയായതു തുള്ളി തുള്ളി
അക്കിടിയായതുമോർക്കാൻ വയ്യ !

അന്തം വിട്ടൊരു പ്രണയ പടയണി
അണിയണിയാത്തുളളുന്നുളളിൽ
അടിക്കളിയും ചവിട്ടുമായങ്ങനെ
അന്ധാളിച്ചൊരുതീയാട്ടക്കേളീരവം.

അലറുന്നൊരു അരക്കയക്ഷിയോ
അലയുന്നെൻരക്തത്തിനായുയ്യോ
അടിമുടിയുലയും ജഢയുമടിച്ചവൾ
അടപടയിളകികൊതിയോടോടുന്നു.

അഞ്ചിതമായൊരു പ്രപഞ്ചതാളം
അതിലഴലേറിയൊരാർത്തനാദം
അകലേക്കാരവം ചിതറി ചിതറി
അവതാളത്തിലായൊരു അമളി.

അനുരാത്രംജാഗരരൂപിയായതു
അനുരാഗത്താലുരുകിയൊഴുകേ
അന്യോന്യമലിയാനായിക്കൊതിച്ച്
അപായമേറിയ അറുകൊലയായി.

അങ്ങാടിപ്പാട്ടായകേളികളാലെല്ലാം
അടപ്പിട്ടിനിയെങ്ങനെ മൂടാപ്പാക്കും
അമ്പമ്പോയമലതയില്ലാതായപഥം
അടിവേരറുക്കാനായിയൊരുങ്ങേ.

അന്തകനാമധീശപ്പാശത്താലെത്തി
അപഹരിക്കാനുള്ളൊരു വിനയോ
അനുമതിയില്ലാതോർക്കാപ്പുറത്ത്
അറുതിയാക്കിയമൃതിയടവുകളാൽ .

അധികാരത്തോടെയണിയത്തുണ്ടേ
അഗ്നിക്കെരിച്ചു ചാമ്പലാക്കാനായി
അടിമക്കിടന്നൊരു പ്രാണനുമുള്ളിൽ
അടിപ്പണിയാനൊരുങ്ങിയൊരുങ്ങി.

അന്ത്യത്തിനായുള്ളയന്ത്യശാസനം
അയനത്തിലുണ്ടായാദ്യാന്തംവരേ
അറച്ചറച്ചുള്ളഭിമതമാകെയാകെ
അടിമാന്താനുള്ള വഴിയായെത്തി.

അരുണനുദിച്ചൊരു നേരത്തൂന്നേ
അടയിരുപ്പാണാമൃതി മുറ്റത്തായി
അണയാനായാറിയസമയമെത്തേ
അകതളിരിലകലാനൊരുയങ്കലാപ്പ്.

അരുമയായതുമനുബന്ധമായതും
അനുനയമോടെയടുത്തായിരിക്കേ
അധന്മാരാലന്ത്യവടംവലിയധികരിച്ച്
അനുഗമിക്കാനായിയുള്ള ഉൾവിളി.

അളയേറിയമരാജൻ ദണ്ഡുമേന്തി
അകലേകാണാമയ്യോയിരുണ്ടരുപം
അതുകണ്ടാലാരുമലറിവിളിച്ചോടും
അവതാരമാകിയകൊടുംക്രൂരരൂപം.

അതിരില്ലാതെ അടിയിലാക്കാനായി
അവധാനത്തോടെ കച്ച കെട്ടിയങ്ങു
അടിയറവു പറയുമേതുകേമനുമന്ത്യം
അടവുകളൊന്നുമവിടെച്ചിലവാകില്ല.

അലയുന്നുണ്ടെന്നുംപ്രണയമറുതകൾ
അൻപാലലിവോടെ നിശാചരിയായി
അശനിയായിച്ചോരകുടിച്ച്കുടിച്ചവൾ
അന്വയമാക്കിസുരതക്രിയയേകാൻ.

അഡ്വ: അനൂപ് കുറ്റൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *