അമ്മച്ചി അപ്പനായി
ദേഷ്യം വന്നാൽ
അപ്പൻ അമ്മച്ചിയെ തല്ലും
കണ്ണിൽകണ്ടതെല്ലാം
തവിട്പൊടിയാക്കും
ഞാൻ
കട്ടിലിനടിയിൽ ഒളിക്കും
അമ്മച്ചി കരയാറില്ല
തടയാറുമില്ല
അതപ്പന് എരികേറ്റും
അപ്പൻ്റെ ചൂടറിഞ്ഞ ഉമ്മറവാതിൽ
കുറ്റിയിടാൻ വല്യ പാടാണ്
അപ്പനധികം മിണ്ടാറില്ല
ചിരിക്കാറുമില്ല
പഞ്ചർകട പൂട്ടിവരുമ്പോൾ
ഉണ്ടംപൊരിയോ
സമൂസയോ
പൊതിഞ്ഞു പിടിച്ചിട്ടുണ്ടാകും
തൈലമിടുമ്പോൾ
അമ്മച്ചിയപ്പനെ വാഴ്‌ത്തി
സ്നേഹമുള്ളത് കൊണ്ടാ
തിന്നാൻ തരണത്
അപ്പൻ്റെ ഒടുക്കത്തെ സ്നേഹാ
നെറ്റിയിൽ
ഉണക്കമുളക് വലുപ്പത്തിൽ
തുന്നിവെച്ചിരിക്കുന്നത്
അപ്പനെന്നാൽ
എനിക്ക് ബീഡി മണമാണ്
മുഷിഞ്ഞ കാക്കിക്കുപ്പായമാണ്
ഞായറാഴചയും കുപ്പായമഴിക്കില്ല
പഞ്ചർ കടക്ക് മുടക്കമില്ല
കെടാത്ത അടുപ്പ് പോലെ
അപ്പൻ്റെ വായ്.
വലുതായിൽ ചോദിക്കണം
എന്തിനാണിങ്ങനെ
ചൂടാവുന്നതെന്ന്.
അപ്പൻ തിണ്ണയിലിരിക്കും
അമ്മച്ചി തറയിലും.
പിന്നെയാർക്കാണ് ചൂരൽ കസേര
അതപ്പന് തല്ലിപ്പൊളിക്കാനുള്ളതെന്ന്
അമ്മച്ചിക്കണ്ണുകൾ
ആക്രിക്കാരൻ എല്ലാവെള്ളിയാഴചയും
മുടങ്ങാതെ വന്നു
വെറുംകയ്യോടെ
ഇത് വരെ മടങ്ങിയിട്ടില്ല
എൻ്റെ ആദ്യ വണ്ടിയുടെ ടയർ
അപ്പൻ്റെ ചെരുപ്പാണ്
ടാാാാ അത് പുത്യേ താടാാ
അല്ലന്ന് പറഞ്ഞില്ല
തർക്കുത്തരത്തിന് വേടെ കിട്ടും
തേഞ്ഞ വാറ് പൊട്ടി
കട്ടിലിന്നടിയിൽ ഉപേക്ഷിച്ചതാണ്
വഴക്ക് കേട്ടെങ്കിലും
ആദ്യ പരീക്ഷണഓട്ടം വിജയിച്ചു
അമ്മച്ചിക്ക്
റേഡിയോ ജീവനായിരുന്നു
ഒരീസം അപ്പൻ
യേശുദാസിനേയും ജാനകിയേയും
പാട്ട് മുഴുമിപ്പിക്കാൻ സമ്മതിക്കാതെ
നിലയം പൂട്ടിച്ചു
അന്നമ്മച്ചി കരഞ്ഞു
അന്നാണപ്പൻ കുഴഞ്ഞുവീണത്
തെറിവിളിച്ച വായിൽ
കഞ്ഞി കോരിക്കൊടുത്ത്
അമ്മച്ചി പ്രതികാരം ചെയ്തു.
അമ്മച്ചി
പഞ്ചറടക്കാൻ പഠിച്ചു
അമ്മച്ചി അപ്പനായി.

By ivayana

Leave a Reply

Your email address will not be published. Required fields are marked *