രചന : സുമംഗല സാരംഗി ✍️
ഏറെ നാളുകൾക്കു ശേഷം
വീട്ടിലേയ്ക്കെത്തുമ്പോൾ,
അപരാഹ്നത്തിന് വിഷാദഛായയേകി
പടിഞ്ഞാറെ ചക്രവാളത്തിലേയ്ക്ക്
സൂര്യൻ യാത്ര തുടങ്ങിയിരുന്നു
ഉമ്മറപ്പടി കടന്നെത്തുമ്പോൾ,
വലിയൊരു ഞരക്കത്തോടെ
ഓടാമ്പലിളക്കി കതകുകളെന്നോട്
അവ്യക്തമായെന്തോ
മന്ത്രിക്കുന്നുണ്ടായിരുന്നു
ഒരു ഗദ്ഗദത്തോടെ
അതെന്റെ കണ്ണുകളിൽ
നഷ്ടമായതെന്തിനെയോ
തിരഞ്ഞുകൊണ്ടേയിരുന്നു,
പൊടിപിടിച്ച മേശയും കസേരയും
ഉപയോഗമില്ലായ്മയുടെ
നരച്ച പ്രതീക്ഷകളേയും
സ്വപ്നങ്ങളേയും, വരച്ചുകാട്ടി
വാതിൽ തിരശ്ശീലകളിലും
ജാലകത്തിൻ്റെ നീലവിരികളിലും
കാലം കയ്യൊപ്പ് ചാർത്താൻ
മറന്നിരുന്നില്ലെന്നു തിരിച്ചറിവ്
ചുവരിൽ കോറിയിടപ്പെട്ട
അവ്യക്ത ചിത്രങ്ങൾക്ക് പറയാനുണ്ടായിരുന്നത്
എൻ്റെ ബാല്യകാലത്തെക്കുറിച്ചായിരുന്നു
മച്ചിൽ തൂങ്ങിയാടുന്ന
മാറാലകൾക്കും
മൊഴിയുവാനുണ്ടായിരുന്നത്
കാലക്കേടിന്റെ തീരാനൊമ്പരങ്ങൾ
നിറം മങ്ങിയ അലമാരകളിലെ
വായിക്കാൻ മറന്നു വെച്ച
പുസ്തകങ്ങൾ പറഞ്ഞത്,
പുറംചട്ടയ്ക്കുള്ളിലെ
ജീവിതങ്ങളുടെ ചിതലരിച്ച
കഥകളായിരുന്നു
കരിപുരണ്ട അടുക്കളച്ചുമരുകൾ
പറയാൻ കൊതിച്ചത്
ഉറികളിൽ തൂങ്ങിയാടിയ
രുചിമണങ്ങളുടെ കഥകളും
അടുക്കള പാത്രങ്ങളുടെ
കലമ്പലുകൾ കേൾക്കാതായ
നാളുകളിലെ ഏകാന്തതയെക്കുറിച്ച്
അടുപ്പുകല്ലുകൾ അടക്കം പറഞ്ഞു
മൺകലങ്ങളിൽ നിറഞ്ഞു വെന്ത
അന്ന,മനേകം പാത്രങ്ങളിൽ
വിളമ്പും കരങ്ങളുടെ കഥനങ്ങൾ
കാതുകൾക്കിമ്പമായിടുന്നു
മുറ്റത്തു കോണിലെ കിണറ്റിൽ
മുങ്ങിക്കുളിച്ചിരുന്ന തൊട്ടി
ആരാരുമില്ലായ്മയിൽ
കയറിന്റെയറ്റത്ത്
ആത്മഹത്യ ചെയ്തതും
ഓർമ്മകളുടെ ഭാണ്ഡക്കെട്ടുകൾ കുടഞ്ഞിട്ടപ്പോൾ
വീടെന്നോട് മൗനമായ്
മന്ത്രിക്കുന്നുണ്ടായിരുന്നു

