എന്റെ പേര് അനീഷ്. കൊച്ചിയിലെ ഒരു IT കമ്പനിയിൽ പ്രൊജക്ട് മാനേജരാണ്. കഴിഞ്ഞ മാസം ഞങ്ങളുടെ കമ്പനിയിലേക്ക് ഒരു പുതിയ ഓഡിറ്റർ വന്നു, ദുർവാസൻ നായർ. എല്ലാവരും അയാളെ ദുർവാസാവ് എന്നാണ് വിളിക്കുന്നത്.
ആദ്യ ദിവസം ഞാൻ ഒരു ക്ലയന്റ് മീറ്റിംഗിലായിരുന്നു. ഫയൽ റെഡിയല്ലാത്തതിന് അയാൾ മുഴുവൻ ഓഫീസിന്റെ മുന്നിൽ വെച്ച് എന്നെ വഴക്കു പറഞ്ഞു. എനിക്ക് ദേഷ്യം വന്നു. പക്ഷെ വൈകീട്ട് ഞാൻ ഓർത്തു, ഞാൻ ശരിക്കും അഹങ്കരിച്ചതാണ്. നമ്മൾ വിചാരിക്കും ദേഷ്യം ഒരു തിന്മയാണെന്ന്. അല്ല. ദേഷ്യം പോലും ഒരു ഊർജ്ജമാണ്. ദുർവാസാവിന്റെ ദേഷ്യം അങ്ങനെയാണ്. അയാൾക്ക് എന്നോട് വ്യക്തിപരമായ വെറുപ്പ് ഒന്നുമില്ല, പക്ഷെ എന്റെ ഉള്ളിലെ അലസതയോടും അഹങ്കാരത്തോടും അയാൾക്ക് വെറുപ്പുണ്ട്. ഒരു ഡോക്ടർ പഴുപ്പിനോട് ദേഷ്യപ്പെടുന്നത് പോലെ. നമ്മുടെ മനസ്സ് എപ്പോഴും നിയമത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കും, ദുർവാസാവ് ആ ഒളിച്ചോട്ടത്തെ തടയുന്നു.

പത്തു ദിവസം കഴിഞ്ഞപ്പോൾ എന്റെ ടീമിലെ ശ്രുതി എന്ന പെൺകുട്ടിയുടെ കാര്യം ഉണ്ടായി. അവൾ ജോലി മറന്ന് പ്രണയത്തിൽ മുഴുകിയിരിക്കുകയായിരുന്നു. ക്ലയന്റ് കംപ്ലയിന്റ് വന്നപ്പോൾ ദുർവാസൻ നായർ അവളെ പ്രോജക്ടിൽ നിന്ന് മാറ്റി. ശ്രുതി കരഞ്ഞു. ഇവിടെ ഒരു കാര്യം മനസ്സിലാക്കണം, നമ്മൾ സുഖത്തെയും ലഹരിയെയും ധ്യാനം എന്ന് തെറ്റിദ്ധരിക്കും. ശകുന്തള ദുഷ്യന്തനെ ഓർത്തിരുന്ന് ആശ്രമധർമ്മം മറന്നതു പോലെ. ഒരു മനുഷ്യൻ തന്റെ കടമ മറന്നു വേറെ എന്തിലോ ലയിക്കുമ്പോൾ, ജീവിതം തന്നെ അവനെ തട്ടി ഉണർത്താൻ ഒരു ദുർവാസാവിനെ അയക്കും. ആ ശാപം ഒരു ശിക്ഷയല്ല, ഒരു അലാറമാണ്. ഉറക്കത്തിൽ നിന്ന് ഉണർത്തുന്ന അലാറം.
ഇരുപതാം ദിവസം ഞങ്ങൾ ഒരു വലിയ ടെൻഡറിന് വേണ്ടി തയ്യാറെടുക്കുകയാണ്. ദുർവാസൻ നായർ എക്സ്പെൻസ് റിപ്പോർട്ട് ഇപ്പോൾ തന്നെ വേണം എന്ന് പറഞ്ഞ് നിർബന്ധിച്ചു. ഞങ്ങൾക്ക് ദേഷ്യം വന്നു. പക്ഷെ ആ റിപ്പോർട്ട് ഉണ്ടാക്കുന്നതിനിടയിൽ ഞങ്ങൾ ടെൻഡറിൽ പത്തു ലക്ഷം രൂപയുടെ ഒരു വലിയ തെറ്റ് ചെയ്തിരിക്കുന്നത് കണ്ടു. നമുക്ക് വലുതെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ ചെറിയ കാര്യങ്ങളെ നമ്മൾ നിസ്സാരമായി കാണും. പക്ഷെ ഈ ലോകത്തിൽ ചെറുതും വലുതും എന്നൊന്നില്ല. ദ്രൗപദിയുടെ പാത്രത്തിലെ ഒരു പയർ എടുത്തു കഴിച്ചാൽ ലോകം മുഴുവൻ വിശപ്പടങ്ങും എന്ന് കൃഷ്ണൻ കാണിച്ചു തന്നതുപോലെ. ഒരു ചെറിയ റിപ്പോർട്ട് ശ്രദ്ധിച്ചത് കൊണ്ടാണ് ഒരു വലിയ ടെൻഡർ രക്ഷപ്പെട്ടത്.

ആറു മാസം കഴിഞ്ഞ് ഞാൻ സീനിയർ മാനേജരായപ്പോൾ ഞാനും ദുർവാസാവായി. എന്റെ ടീമിലെ അർജുൻ എന്ന പയ്യനെ ഞാൻ എല്ലാവരുടെയും മുന്നിൽ വെച്ച് ശകാരിച്ചു. അന്ന് രാത്രി എനിക്ക് ഉറക്കം വന്നില്ല. നമ്മൾ എന്തിനാണ് ഒരാളെ ശകാരിക്കുന്നത്? അവനോടുള്ള വെറുപ്പ് കൊണ്ടോ അതോ അവൻ നന്നാകണം എന്ന സ്നേഹം കൊണ്ടോ? വ്യത്യാസം അവിടെയാണ്. വെറുപ്പ് കൊണ്ടുള്ള ദേഷ്യം അഹങ്കാരമാണ്, സ്നേഹം കൊണ്ടുള്ള ദേഷ്യം തപസ്സാണ്.
അവസാനമായി കാന്റീൻ നോക്കുന്ന തങ്കമ്മ ചേച്ചി എന്നെ പഠിപ്പിച്ച പാഠമാണ് ഏറ്റവും വലുത്. ഞാൻ അവരോട് ദേഷ്യപ്പെട്ടപ്പോൾ അവർ ക്ഷമിച്ചു. അന്ന് ഞാൻ തോറ്റു. ദുർവാസാവ് പോലും തോൽക്കുന്നത് അംബരീഷന്റെ ക്ഷമയുടെ മുന്നിൽ മാത്രമാണ്. തപസ്സുകൊണ്ട് ആർക്കും നേടാൻ പറ്റാത്തത് വിനയം കൊണ്ട് നേടാം എന്നതാണ് ഇതിലെ ആഴമുള്ള സത്യം. ദേഷ്യപ്പെടുന്നവനെക്കാൾ വലിയവൻ ക്ഷമിക്കുന്നവനാണ്.
അതുകൊണ്ട് ഇപ്പോൾ രാവിലെ ഓഫീസിൽ കയറുമ്പോൾ ഞാൻ എന്നോട് തന്നെ ചോദിക്കും, ഇന്ന് ടീമിന് സ്നേഹം വേണമോ തിരുത്തൽ വേണമോ എന്ന്. സ്നേഹം വേണമെങ്കിൽ ഞാൻ കൃഷ്ണനാകും, തിരുത്തൽ വേണമെങ്കിൽ ഞാൻ ദുർവാസാവാകും.
കൃഷ്ണനും ദുർവാസാവുമായി നടക്കാൻ തുടങ്ങിയിട്ട് മൂന്നു മാസം കഴിഞ്ഞപ്പോഴാണ് കമ്പനിയിൽ ആ വലിയ പ്രതിസന്ധി വന്നത്.

ഞങ്ങളുടെ ഏറ്റവും വലിയ ക്ലയന്റ്, ജർമ്മൻ കമ്പനി, പെട്ടെന്ന് കോൺട്രാക്ട് അവസാനിപ്പിക്കാൻ പോകുന്നു എന്ന് വാർത്ത വന്നു. കാരണം ഞങ്ങളുടെ ഡെലിവറിയിൽ വൈകി. സത്യത്തിൽ വൈകിയത് ഞങ്ങളുടെ ടീമിന്റെ കുഴപ്പം കൊണ്ടല്ല, അവരുടെ ഭാഗത്ത് നിന്ന് ഡാറ്റ തരാൻ വൈകിയത് കൊണ്ടാണ്. പക്ഷെ മാനേജ്മെന്റ് പറഞ്ഞു, ക്ലയന്റിനോട് ഒന്നും പറയരുത്, നമ്മൾ ക്ഷമ ചോദിച്ച് നിൽക്കണം എന്ന്.
ഞാൻ മീറ്റിംഗിൽ കൃഷ്ണനാകാൻ ശ്രമിച്ചു. സാർ, കുറച്ചു സമയം തന്നാൽ ഞങ്ങൾ ശരിയാക്കാം എന്ന് വിനയത്തിൽ പറഞ്ഞു. പക്ഷെ ആ ജർമ്മൻകാരൻ അതേറ്റില്ല. അവൻ പറഞ്ഞു, നിങ്ങൾ ഇന്ത്യക്കാർക്ക് സമയത്തിന് ഒരു വിലയുമില്ല എന്ന്. ആ മീറ്റിംഗിൽ ഇരുന്ന എന്റെ ടീമിന് മുഴുവൻ അപമാനം തോന്നി.

അപ്പോഴാണ് എന്റെ ഉള്ളിലെ ദുർവാസാവ് എഴുന്നേറ്റത്. ഞാൻ ലാപ്ടോപ്പ് തുറന്ന് എല്ലാ മെയിലുകളും കാണിച്ചു കൊടുത്തു. നോക്കൂ, നിങ്ങൾ ഡാറ്റ തന്നത് മൂന്നാഴ്ച വൈകിയാണ്, എന്നിട്ടും ഞങ്ങൾ രാത്രി ഉറക്കം കളഞ്ഞ് നിങ്ങൾക്ക് വേണ്ടി പണിയെടുത്തു, ഇനി നിങ്ങൾ ഞങ്ങളെ കുറ്റപ്പെടുത്തുകയാണോ എന്ന്. മുഴുവൻ മീറ്റിംഗും നിശബ്ദമായി. എന്റെ ബോസ് എന്റെ കാലിൽ ചവിട്ടുന്നുണ്ടായിരുന്നു, മതി എന്ന് പറഞ്ഞ്.
മീറ്റിംഗ് കഴിഞ്ഞു ഞാൻ വിചാരിച്ചു എന്റെ ജോലി പോയി എന്ന്. പക്ഷെ വൈകീട്ട് ആ ജർമ്മൻകാരൻ തന്നെ എന്നെ വിളിച്ചു. അവൻ പറഞ്ഞു, അനീഷ്, കഴിഞ്ഞ രണ്ടു വർഷമായി നിങ്ങൾ എപ്പോഴും യെസ് സാർ പറയുന്ന ഒരു ടീം ആയിരുന്നു, ഇന്ന് ആദ്യമായാണ് നിങ്ങൾ സത്യം തുറന്നു പറഞ്ഞത്, അതുകൊണ്ട് ഞാൻ കോൺട്രാക്ട് നീട്ടുന്നു എന്ന്.

അന്ന് എനിക്ക് മനസ്സിലായി, എപ്പോഴും കൃഷ്ണനായി നിന്നാൽ ലോകം നിങ്ങളെ മെരുക്കും. ചിലയിടത്ത് ദുർവാസാവാകണം, അല്ലെങ്കിൽ നിങ്ങളെ ആരും ബഹുമാനിക്കില്ല.
അതിന്റെ പിറ്റേ ആഴ്ച ദുർവാസൻ നായർ തിരിച്ചു വന്നു. ഇത്തവണ ഓഡിറ്റിനല്ല, അദ്ദേഹത്തിന്റെ പെൻഷന്റെ പേപ്പർ ശരിയാക്കാൻ. ആരും അദ്ദേഹത്തെ ശ്രദ്ധിച്ചില്ല. ഞാൻ അദ്ദേഹത്തെ എന്റെ ക്യാബിനിലേക്ക് വിളിച്ചു, ചായ കൊടുത്തു. അദ്ദേഹം പറഞ്ഞു, എടോ അനീഷ്, എന്റെ ജീവിതം മുഴുവൻ ഞാൻ ദുർവാസാവായി ജീവിച്ചു, അതുകൊണ്ട് എനിക്ക് ഒരു സുഹൃത്ത് പോലും ഇല്ല എന്ന്.
ഞാൻ ചോദിച്ചു, സാറിന് വിഷമം ഉണ്ടോ എന്ന്. അദ്ദേഹം ചിരിച്ചു. ഒരു കുഞ്ഞിനെ പോലെ ചിരിച്ചു. അദ്ദേഹം പറഞ്ഞു, ആദ്യം ഉണ്ടായിരുന്നു, ഇപ്പോഴില്ല. കാരണം ഞാൻ ഇപ്പോൾ മനസ്സിലാക്കി, ഞാൻ ശപിച്ചതൊന്നും ആരെയും നശിപ്പിക്കാൻ അല്ലായിരുന്നു, അവരെ ഉണർത്താൻ ആയിരുന്നു. പക്ഷെ ഞാൻ ഒരു തെറ്റ് ചെയ്തു, ശപിച്ചതിന് ശേഷം ഞാൻ തിരിഞ്ഞു നോക്കിയില്ല. ശകുന്തളയെ ശപിച്ചതിന് ശേഷം ദുർവാസാവ് തിരിഞ്ഞു പോയി, പക്ഷെ അവൾ എങ്ങനെ രക്ഷപ്പെടും എന്ന് പറഞ്ഞു കൊടുത്തില്ലായിരുന്നെങ്കിൽ അവളുടെ ജീവിതം എന്താകുമായിരുന്നു? ശപിക്കുന്നതോടൊപ്പം രക്ഷപ്പെടാനുള്ള വഴിയും പറഞ്ഞു കൊടുക്കണം, അതാണ് ശരിയായ ഗുരു ചെയ്യേണ്ടത്.

അദ്ദേഹം പോയതിന് ശേഷം ഞാൻ ആദ്യമായി എന്റെ ടീമിലെ അർജുനെ വിളിച്ചു. ഞാൻ അന്ന് നിന്നെ എല്ലാവരുടെയും മുന്നിൽ വെച്ച് വഴക്കു പറഞ്ഞല്ലോ, അതിൽ എനിക്ക് വിഷമം ഉണ്ട് എന്ന് പറഞ്ഞു. പക്ഷെ നീ ആളാകെ മാറിയതിൽ എനിക്ക് സന്തോഷവും ഉണ്ട് എന്നും പറഞ്ഞു. അവൻ കരഞ്ഞു പോയി.
അന്നാണ് ഞാൻ പഠിച്ചത്, കൃഷ്ണനും ദുർവാസാവും രണ്ടു വേറെ ആളുകളല്ല. ഒരാളുടെ ഉള്ളിൽ തന്നെയുള്ള രണ്ടു ഭാവങ്ങളാണ്. ദേഷ്യം വേണം, പക്ഷെ ആ ദേഷ്യത്തിന്റെ അവസാനം ഒരു കെട്ടിപ്പിടിത്തം ഉണ്ടാകണം. അതില്ലെങ്കിൽ ആ ദേഷ്യം വെറും അഹങ്കാരമായി പോകും.

ശശിധരൻ ഇ കെ

By ivayana

Leave a Reply

Your email address will not be published. Required fields are marked *