സ്കൂളിലേക്ക് പോകുന്ന വഴിയാണ് തത്തമ്മയുടെ വീട്… തത്തമ്മ എന്ന പേര് ഓർമ്മ വച്ച നാൾ മുതൽ കേൾക്കുന്നതാണ്..
അവരുടെ വീട് വയലിന്റെ അരികിലാണ്.. വീടിനു തൊട്ടുമുൻപിൽ ഒരു കൈത്തോടുണ്ട്.. അവിടെ പരൽമീനുകളെ പിടിക്കാൻ അവധി ദിവസം തോർത്തും കുപ്പിയുമൊക്കെയായി ഒരു പോക്കുണ്ട്.
ഈ തത്തമ്മയെ കുറിച്ച് ആർക്കും നല്ലത് പറയാനില്ല.. അവർ ചീത്ത സ്ത്രീയാണെന്നാ തെക്കേലമ്മ എന്റെ അമ്മയോട് എപ്പോഴും പറയുന്നേ..
ഞാൻ തത്തമ്മയോട് ചിരിക്കുന്നത് ഒരു ദിവസം അവർ കണ്ടുവത്രെ… അമ്മയോട് പറഞ്ഞു കൊടുക്കുകയും ചെയ്തു.അന്നു വീട്ടിൽ വന്നപ്പോൾ പുളിങ്കമ്പ് കൊണ്ട് നല്ല പെട കിട്ടിയത് ഇപ്പോഴും ഓർമ്മയുണ്ട്…

പക്ഷെ എനിക്ക് തത്തമ്മയെ ഭയങ്കര ഇഷ്ടമായിരുന്നു. അവർ എങ്ങനെ ആണ് ചീത്തസ്ത്രീ ആവുന്നേ. എപ്പോഴും കുളിച്ചു കുറി തൊട്ട് സുന്ദരിയായിട്ടാണ് ആയമ്മയുടെ നിൽപ്പ്… അവരുടെ അടുത്ത് നിൽക്കുമ്പോൾ നല്ല മുല്ലപ്പൂവിന്റെ മണമാണ്…
അവർ എപ്പോഴും രാധാസ് സോപ്പ് ആണ് കുളിക്കാൻ ഉപയോഗിക്കുന്നത്.. തത്തമ്മേടെ വീടിന്റെ മുൻപിൽ ചെറിയൊരു അലക്ക് കല്ലൊക്കെ ഉണ്ട്.. അതൊരു കുഞ്ഞ് കുളിക്കടവാണ്… ഞങ്ങൾ എപ്പോഴും അവിടെയാണ് കുളിക്കാനും അലക്കാനും ഒക്കെ പോകുന്നെ…അവിടെ രാധാസ് സോപ്പിന്റെ പരിമളം എപ്പോഴും തങ്ങി നിൽക്കും. പ്രത്യേകിച്ച് സന്ധ്യാ സമയങ്ങളിൽ…
തത്തമ്മ എന്നോട് മിണ്ടിയിട്ടേയില്ല.ആരും കാണാതെ ചിരിക്കും.. ചിരിക്കുമ്പോൾ തത്തമ്മേടെ മൂക്കുത്തി തിളങ്ങുന്നത് കാണാൻ നല്ല ഭംഗിയാണ്…

ചിലപ്പോൾ സ്കൂളിൽ പോകുമ്പോൾ ആരും കാണാതെ എനിക്ക് ഉണ്ണിയപ്പവും മിട്ടായിയും ഒക്കെ തരും.. അതൊരു മൗനമായുള്ള രഹസ്യഉടമ്പടി ആയിരുന്നു….
തത്തമ്മയുടെ വീടിന്റെ ചുറ്റും കമ്പുകൾ കെട്ടിവച്ച വേലിയാണ്.. അതിന്റെ സൈഡിലായി ചെറിയൊരു കലം വച്ചിരിക്കും.. അതിൽ എനിക്കായിട്ടുള്ള സമ്മാനങ്ങളൊക്കെ കൊണ്ട് വയ്ക്കും…
ചിലപ്പോൾ വളയും മാലയും കണ്മഷിയുമൊക്കെ ഉണ്ടാവും…
ഇതൊക്കെ എവിടെ നിന്നാണെന്ന് വീട്ടിൽ ചോദ്യം വരുമ്പോൾ കൂട്ടുകാരി ലക്ഷ്മി തന്നതാണെന്ന് കള്ളവും പറയും…
അങ്ങനെ നാൾക്കുനാൾ ഞങ്ങളുടെ സംസാരമില്ലാത്ത ചങ്ങാത്തം കൂടിക്കൂടി വന്നു…ആരുമറിയാതെ…

എനിക്ക് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു. ഈ ആണുങ്ങളൊക്കെ അതുവഴി പോകുമ്പോൾ ചൂളമടിക്കുകയും തത്തമ്മക്കിളിയെ വർണ്ണിച്ചു പാട്ടുകൾ പാടുകയുമൊക്കെ ചെയ്യുന്നത് എന്തിനാണെന്ന്…
അതൊക്കെ സംശയം ചോദിച്ചാൽ എന്റെ ചേച്ചിയൊക്കെ നല്ല കിഴുക്ക് തരും.. അവരൊക്കെ മുതിർന്നവരല്ലേ.. ഞങ്ങളൊക്കെ പൊടികുട്ടികളാണെന്നാ വയ്പ്പ്… ഒന്നും ചോദിക്കാൻ പാടില്ലത്രേ…
എനിക്ക് തത്തമ്മയോട് ചോദിക്കാൻ ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു..പക്ഷെ അവരോട് മിണ്ടിയാൽ പുളിയനുറുമ്പുള്ള മാവിന്മേൽ കെട്ടിയിട്ട് അടിക്കുമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.
ആ നാട്ടിൽ അവരോട് നേരെ മിണ്ടുന്ന ആരും ഉണ്ടായിരുന്നില്ല.. അല്ല ഉണ്ടായിരുന്നു… അക്കരെക്കരയിലെ തങ്കച്ചിയമ്മ… അവർ ചന്തയിൽ പോകാൻ അക്കരെ നിന്നും ഇക്കരെ വന്നിട്ടാണ് പോകുന്നത്… അവർ ചിലപ്പോൾ വഴിയിൽ നിന്നും തത്തമ്മയോട് സംസാരിക്കും.. ചിലപ്പോൾ വീടിന്റെ തിണ്ണയിൽ കാലും നീട്ടിയിരുന്ന് മുറുക്കാനും ചവച്ചു കൊണ്ട് സംസാരിക്കും..
അന്നൊക്കെ അവധി ദിനങ്ങളിലും സ്കൂളിൽ നിന്നു വരുന്ന വഴിയും റബ്ബർ കായ പെറുക്കിയെടുത്തു കൊണ്ടുവന്നു രാത്രിയിൽ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ചുറ്റിക വച്ചു തല്ലിപ്പൊട്ടിച്ചു പിറ്റേന്ന് ചന്തയിൽ കൊണ്ടുപോയി കൊടുക്കും.. അതിന് ചിലപ്പോൾ 5 രൂപ വരെ കിട്ടും… തൂക്കത്തിനു അനുസരിച്ചു പൈസ കിട്ടും..

അങ്ങനെ കായപെറുക്കി കൊണ്ട് നിൽക്കുമ്പോൾ അതുവഴി തങ്കച്ചിയമ്മ വന്നു.
” ആഹാ ആരായിത് കുഞ്ഞിപ്പെണ്ണ് എന്തെടുക്കുവാ ഇവിടെ “
ഞാൻ നാണത്തോടെ ചിരിച്ചു..
ഞാൻ വിചാരിച്ചു.
ഇപ്പോൾ ആരുമില്ല ഇവരോട് ചോദിച്ചാലോ തത്തമ്മയെക്കുറിച്ച്…
അവർക്ക് മാറ്റാരുമില്ലേ? ഭർത്താവ് ഇല്ലേ? മക്കളില്ലേ? പിന്നെ അവരെ എന്തിനാണ് നാട്ടുകാർ വെറുക്കുന്നത്…? ഇങ്ങനെ ഒരായിരം സംശയങ്ങൾ ഉണ്ടായിരുന്നു എനിക്ക്..
ഞാൻ മടിച്ചു മടിച്ചു തങ്കച്ചിയമ്മയോട് ചോദിച്ചു..
“:അതേയ്…തങ്കച്ചിയമ്മേ ഈ തത്തമ്മയ്ക്ക് സ്വന്തക്കാർ ആരുമില്ലേ? ആയമ്മ എന്താ ഒറ്റയ്ക്ക് അവിടെ താമസിക്കുന്നെ അവരോട് ആരും മിണ്ടാത്തതെന്താ? എല്ലാരും പറയുവാ അവരൊരു ചീത്തസ്ത്രീയാണെന്ന്? പക്ഷെ തത്തമ്മ പാവമാണല്ലോ?.
” അതെ മോളെ.. ആ കൊച്ചൊരു പാവമാ. അതിനു ആരുമില്ല. കെട്ട്യോനൊണ്ടായിരുന്നു.. പക്ഷെ അവൻ ആ പാവത്തിനെ പെരുവഴിയിൽ ഉപേക്ഷിച്ചു പോയി.. പിന്നെ അത് ജീവിക്കാൻ വേണ്ടി….. ങ്ങാ ഇതൊന്നും പറഞ്ഞാൽ ഇപ്പോൾ കുഞ്ഞിപ്പെണ്ണിന് മനസ്സിലാവില്ല. അവള് ഹൃദയമുള്ളോളാ.. പാവം “

ജീവിക്കാൻ വേണ്ടി എന്ന് പറഞ്ഞത് വരെ മനസ്സിലായി ബാക്കി അന്നത്തെ ആ അഞ്ചാം ക്ലാസുകാരിക്ക് മനസ്സിലായില്ലെങ്കിലും പിന്നീട് കാലക്രമേണ തത്തമ്മയുടെ ജീവിതത്തിന്റെ നിഗൂഢത എനിക്ക് മുൻപിൽ വെളിപ്പെട്ടു…
ചെക്കന്മാര് ചൂളമടിക്കുന്നതും പാട്ടുപാടുന്നതുമൊക്കെ എന്തിനാണെന്ന് മനസ്സിലായി…
പത്താം ക്ലാസിൽ പഠിക്കുന്ന സമയം…ഒരു ദിവസം ടൗണിൽ പോയി ഞാനും അച്ഛനും അമ്മയും കൂടി തിരികെ വന്നപ്പോൾ രാത്രി ആയി… തത്തമ്മയുടെ വീടിന്റെ അരികിലൂടെ പോയപ്പോൾ രാധാസ് സോപ്പിന്റെ മണം മാത്രമല്ല എനിക്ക് അനുഭവപ്പെട്ടത്.. സിഗററ്റിന്റെ ഗന്ധം..
ആരുടെയോ അടക്കിപ്പിടിച്ച സംസാരങ്ങളും ചിരിയുമൊക്കെ കേട്ടു…
അതൊരാണിന്റെയാണെന്ന് മനസ്സിലായപ്പോൾ തങ്കച്ചിയമ്മ പറഞ്ഞ ജീവിക്കാൻ വേണ്ടി എന്ന വാക്കിന്റെ ബാക്കി എന്റെ മനസ്സ് പൂരിപ്പിച്ചു തന്നു.
പക്ഷെ എനിക്ക് അവരോട് വെറുപ്പ് തോന്നിയില്ല…
പിറ്റേന്ന് സ്കൂളിൽ പോകുന്ന വഴി വെള്ളയിൽ ചുവന്ന പൂക്കളുള്ള നൈറ്റിയുമിട്ട് മുട്ടോളമുള്ള മുടിയും അഴിച്ചിട്ടു തത്തമ്മ മുറ്റത്തു നിൽക്കുന്നു.. എന്നെ കണ്ടതും വേലിയ്ക്കരികിലുള്ള കലത്തിലേക്ക് കണ്ണ് കാണിച്ചു…

ഞാൻ ചുറ്റും നോക്കിയിട്ട് അതിനടുത്തേക്ക് ചെന്നു.. നോക്കിയപ്പോൾ കുറെയധികം വിലയുള്ള ചോക്ലേറ്റുകൾ…പെട്ടെന്ന് തലേ ദിവസത്തെ ആ പുരുഷന്റെ ചിരി എന്റെ കാതിൽ മുഴങ്ങി…
അന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു ഒരു പുതിയ അറിവ്… അവരെ കാണുവാൻ വരുന്ന ആളുകൾ കൊടുക്കുന്നതിന്റെ ഒരു വിഹിതമാണ് അവർ എനിക്ക് നൽകികൊണ്ടിരുന്നത്… അതായത് ഈ നാട്ടുകാർ അവരെ ചീത്തസ്ത്രീ എന്ന് വിളിക്കുന്ന കാരണത്തിന്റെ പ്രതിഫലം…
ആദ്യമായി തത്തമ്മയോട് എനിക്കന്നൊരു വല്ലായ്മ തോന്നി.
ഞാൻ തിരിഞ്ഞു നടന്നു…
“മോളെ”
അന്നാദ്യമായി അവരെന്നെ നോക്കി വിളിച്ചു…
അറിയാതെ എന്റെ കണ്ണുനിറഞ്ഞു.. ഞാൻ തിരിഞ്ഞു നോക്കാതെ ഓടിപ്പോയി…
പിന്നീട് ആ വഴി പോകാതെ ഞാൻ മറ്റൊരു വഴി തിരഞ്ഞെടുത്തു…തോട്ടിലുള്ള അലക്കലും കുളിയുമൊക്കെ മതിയാക്കി…
അവർ ഒറ്റക്കല്ലേ ഉള്ളു. അവർക്കെന്താ ജോലി ചെയ്തു ജീവിച്ചാൽ ഇങ്ങനെ ഒക്കെ ഞാൻ ചിന്തിക്കാൻ തുടങ്ങി…

“അവരുമായി ചങ്ങാത്തം കൂടിയാ കൂടുന്നവരും നശിച്ചു പോകും..”
അമ്മയുടെ വാക്കുകളോർത്തു…
എങ്കിലും ഞാൻ അറിയാതെ എന്റെ മനസ്സ് വേദനിച്ചുകൊണ്ടേയിരുന്നു….
അവരുടെ ജീവിതം അറിയില്ല
എന്താ ഇങ്ങനെ ആകാൻ കാരണം എന്ന് അറിയില്ല…
എന്റെ മനസ്സിൽ അസ്വസ്ഥത നിറയാൻ തുടങ്ങി.. ആരോടെങ്കിലും പറയാൻ പറ്റുമോ?
അങ്ങനെ മനസ്സ് ഒന്ന് ശരിയാവാൻ ഞാൻ എന്റെ മാമന്റെ വീട്ടിൽ പോയി നിൽക്കാൻ തീരുമാനിച്ചു…
വേനലവധി ആയതിനാൽ രണ്ടു മാസം കഴിഞ്ഞാണ് ഞാൻ തിരികെ വന്നത്…
അന്നു തിരികെ മാമൻ എന്നെ വീട്ടിൽ കൊണ്ടാക്കിയത് തത്തമ്മയുടെ വീടിന്റെ മുൻപിലൂടെ ആണ്..

അറിയാതെ എന്റെ നോട്ടം അങ്ങോട്ട് പോയി
ആള് താമസം ഇല്ലാത്തത് പോലെ കിടക്കുന്ന മുറ്റം…. വീടൊക്കെ പൂട്ടിയിട്ടിരിക്കുന്നു…
അറിയാതൊരു വേവലാതി മനസ്സിൽ കയറി…
വീട്ടിൽ അമ്മയോട് ചോദിക്കാമെന്ന് വച്ചാൽ കൊന്നുകളയും… ഇപ്പോഴത്തെപ്പോലെയല്ല അന്ന് കുട്ടികൾ വല്യ വർത്തമാനം പറഞ്ഞാൽ കൊലക്കുറ്റം പോലെയാണ്..
പിറ്റേ ദിവസം കാവിൽ വച്ചു തങ്കച്ചിയമ്മയെ കണ്ടു….
” ആഹാ കുഞ്ഞിപ്പെണ്ണേ നിന്നെ കണ്ടിട്ട് കുറെ ആയല്ലോ. എവിടെയായിരുന്നു? “
” ഞാൻ മാമന്റെ വീട്ടിൽ ആയിരുന്നു “
” ങ്ങാ മോളെ കാണുമ്പോ തരാൻ തത്തമ്മ എന്റെ കയ്യിൽ ഓരെഴുത്ത് തന്നിട്ടുണ്ട് “
” തത്തമ്മ എവിടെപ്പോയി “
ആ പെൺകൊച്ചു ഒരുപാട് അനുഭവിച്ചതാ… നൊന്തു പ്രസവിച്ച സ്വന്തം കുഞ്ഞിനെ വരെ അവൾക്ക് നഷ്ടപ്പെട്ടു… ഭർത്താവ് തന്നെ അവളെ ആ തൊഴിലിലേക്ക് തള്ളിവിടുകയായിരുന്നു.ഒടുവിൽ തിരിച്ചു കര കയറാനാവാത്ത വിധം അവൾ ആ കുഴിയിൽ വീണുപോയി….
ഇടയ്ക്കു എന്നെ കണ്ടപ്പോ പൊട്ടിക്കരഞ്ഞു.. നിന്നെ അവൾക്ക് നഷ്ടപ്പെട്ടു പോയ അവളുടെ മകളുടെ സ്ഥാനത്താണ് അവൾ കണ്ടത്… നീ ഇപ്പോൾ അവളെ അവഗണിക്കുന്നുയെന്ന് പറഞ്ഞു അവൾ വിങ്ങിപ്പൊട്ടി….

ഈ നാട് വിട്ടു പോകുവാണെന്നും പുണ്യസ്ഥലങ്ങളിലൊക്കെ പോകണമെന്നും എന്നോട് പറഞ്ഞു.. നിനക്ക് തരാൻ ഈ കടലാസും തന്നു…
രണ്ടു ദിവസം കഴിഞ്ഞപ്പോ അവള് പോകുകയും ചെയ്തു.
തങ്കച്ചിയമ്മ മടിക്കുത്തു തുറന്നു ഒരു കടലാസ് കയ്യിൽ തന്നു…
ഞാൻ വിറയാർന്ന കൈകളാൽ ആ കടലാസു നിവർത്തി
പ്രിയപ്പെട്ട മോളെ, എനിക്ക് അങ്ങനെ വിളിക്കാമോ എന്ന് അറിയില്ല.. എന്റെ മോളുടെ സ്ഥാനത്താണ് ഞാൻ നിന്നെ കണ്ടത്.. അതിനു യോഗ്യത ഇല്ലാത്തവളാണെന്ന് അറിയാം… എങ്കിലും കളങ്കമില്ലാത്ത ആ കുഞ്ഞു കുട്ടിയിൽ നിന്നും വല്യ കുട്ടി ആയപ്പോൾ എന്നെ നീ തിരിച്ചറിഞ്ഞു…അപ്പോൾ മുതൽ നീയെന്നെ വെറുത്തു… ഒരിക്കലും ഒരാളും ആഗ്രഹിച്ചിട്ടല്ല മോളെ ഈ തൊഴിലിൽ വരുന്നത്.. അങ്ങനെ ആയിപ്പോയി.. തെറ്റാണെന്നറിയാം എങ്കിലും ആ തെറ്റുകൾ ആണ് എന്റെ ജീവിതം…. മോളൊരിക്കലും ഈ തത്തമ്മയെ വെറുക്കരുത്… എവിടെ ആയിരുന്നാലും എന്റെ മോൾക്ക് നന്മയെ വരൂ…

ഞാൻ പോകുകയാണ്… ഒരിക്കലും തീരാത്ത പാപക്കറകൾ കഴുകാൻ ഗംഗയെന്ന പുണ്യം തേടി….
എന്റെ കയ്യിലിരുന്നാ കത്ത് വിറച്ചു….
വർഷങ്ങൾക്കിപ്പുറം ആ കുളിക്കടവിൽ നിൽക്കുകയാണ് ഞാൻ. പക്ഷെ അവിടെ പഴയ രാധാസ് മണമില്ല….
കടന്നുപോയൊരു കാലത്തെ ഓർമ്മിപ്പിക്കുന്ന സ്മാരകം പോലെ…
തത്തമ്മയുടെ വീട് മാത്രം…

പ്രിയബിജു ശിവകൃപ

By ivayana

Leave a Reply

Your email address will not be published. Required fields are marked *