“എന്തുട്ട്ന്നാദ് പറയാ??”
രാവിലെ ചായ കുടിക്കാൻ ബസ്റ്റോപ്പിലെ ചായക്കടയിലേക്ക് ചെന്ന കുഞ്ഞുട്ടൻ അലമാര തുറന്ന് ഒരു കടിയെടുത്ത്, വെള്ളം കുറച്ച് മധുരംകൂട്ടി കടുപ്പത്തിൽ ഒരു ചായക്ക് പറഞ്ഞ് അവിടത്തെ സ്ഥിരം ചായകുടി ഗാങ്ങിന്റെ കൂടെ ഇരുന്നു
“നിന്റെ കൈയ്യിൽ പഴംപൊരിയല്ലേ? അത് നിനക്ക് അറിയില്ല്യേ??”
“നീ എന്തുട്ട് വർത്താനാണ്ടാ പ്രകാശാ ഈ പറയണേ? ഞാൻ എന്താ ആദ്യായിട്ടാ പഴംപൊരി തിന്നണേ? എനിക്കിത് പറഞ്ഞു തരാൻ?”
“ഹൈ, നീയല്ലേടാ പഴംപൊരി കൈയ്യിൽ ഇത് എന്തുട്ടാന്ന് ചോയ്ച്ചേ?” കുഞ്ഞുട്ടന്റെ മറുപടി കേട്ട് ഏർപ്പായുട്ടി ചോദിച്ചു.

“എന്റെ പൊന്ന് ഏർപ്പായുട്ടി ഇത് എന്തുട്ടാന്നല്ല, മഴ പെയ്തില്ലെങ്ങെ എന്തുട്ടാ ചിയ്യാന്നാ ഞാൻ ഉദ്ദേശിച്ചത്.”
“അത് കുഞ്ഞുട്ടൻ പറഞ്ഞത് ശര്യാട്ടാ, ഇന്നലെ രാത്രി എത്ര പ്രാവശ്യാ കറന്റ്‌ പോയേ? ഉഷ്ണം കാരണം ഒന്നൊറങ്ങാനും പറ്റില്ല്യാ “
വായിച്ചോണ്ടിരുന്ന പത്രം മടക്കി വെച്ച് മോഹനൻ പറഞ്ഞു
“ഈ മാസം അവസാനത്തോടെ കരണ്ടിന്റെ പ്രശ്നം ശരിയാവുന്നാ ഞങ്ങടെ വൈദ്യുതി മന്ത്രി പറഞ്ഞേക്കണേ. പകുതിയോടെ ശരിയാക്കാൻ മുഖ്യൻ നോക്ക്ണ്ട്”. രാമേട്ടൻ പറഞ്ഞു.
“എവിടെ ശരിയാവാൻ? കഴിഞ്ഞ പത്ത് കൊല്ലം ഞങ്ങള് ഭരിക്കുമ്പോ ഇവിടെ കറന്റ് കട്ട് ഇണ്ടാർന്നാ ഇല്ല്യല്ലോ,? എല്ലിന്റെ എടേല് വറ്റ് കുത്തി ജയിപ്പിച്ചതല്ലേ? അനുഭവിക്കട്ടെ എല്ലാരും”
.
ഇലക്ഷന് തോൽവിയുടെ ആഘാതത്തിൽനിന്ന് ഇനിയും പൂർണ്ണമായ മുക്തി നേടാത്ത ഏർപ്പായുട്ടി പുച്ഛത്തോടെ പറഞ്ഞു.
“അങ്ങിനെ പറയല്ലേട്ട്രാ ഏർപ്പായുട്ടീ.” രാമേട്ടൻ ഇടപെട്ടു.
“എന്താ പറഞ്ഞാല്,?”
“നിങ്ങള് ഇലക്ഷൻ കഴിഞ്ഞ് റിസൾട്ട്‌ വരാണെന് മുൻപ്ള്ള ദിവസങ്ങളിൽ കറന്റ്‌ കളഞ്ഞില്ല്യേ?”
“അന്ന് എന്തായിരുന്നു നിങ്ങടെ തൊള്ള. അതോണ്ട് ഇപ്പൊ ഞങ്ങളും പറയും.” ഏർപ്പായുട്ടി ചീറി.
“നീ പറഞ്ഞറാ, എനിക്കെന്താ ചേതം,?” രാമേട്ടൻ വീട്ടിലേക്ക് പോവാൻ എണീറ്റു.
“രാമേട്ടാ നിങ്ങള് അവിടെ ഇരിക്ക്, ഏർപ്പായുട്ടി നീ രാമേട്ടനോട് അലമ്പ്ണ്ടാക്കല്ലേട്ടാ.” കുഞ്ഞുട്ടൻ പ്രശ്നത്തിൽ ഇടപെട്ടു.
“ഞാനൊന്നും പറയാണില്ല്യാ, ജയിപ്പിച്ചോര് അനുഭവിച്ചോട്ടെ.” ഏർപ്പായുട്ടി കടയുടെ അകത്ത് പോയി ചായയും എടുത്ത് വന്ന് ബെഞ്ചിൽ ഇരുന്നു.
“അതേയ്, ഈ ഭരണം മാറി ഇല്ലായിരുന്നെങ്കിലും ഈ കറന്റ്‌ പ്രശ്നം ഉണ്ടാകുമായിരുന്നു.”
കുഞ്ഞുട്ടൻ പറഞ്ഞു.

“അങ്ങിനെ പറഞ്ഞു കൊടുക്കടാ നിന്റെ കൂട്ടാരന്.” രാമേട്ടൻ ഉഷാറായി
“ഇല്ല്യാ, ഞങ്ങളായിരുന്നെങ്കിൽ കറന്റ്‌ കട്ട് ഇണ്ടാവെർന്നില്ല്യാ.” ഏർപ്പായുട്ടി വിട്ട് കൊടുക്കാൻ തയ്യാറായില്ല.
“എന്റെ ഏർപ്പായുട്ടി, ഇവിടെ മഴയില്ല്യാ, അതോണ്ട് കറന്റ്‌ ഇണ്ടാക്കാൻ വെള്ളല്ല്യാ. എവിടന്നെങ്കിലും വാങ്ങാച്ചാ കൽക്കരി ക്ഷാമം കാരണം തെർമൽ പ്ലാന്റ്റുകൾ പണ്ടത്തെ പോലെ പ്രവർത്തിക്കണില്ല്യാ. കാലാവസ്ഥ വ്യതിയാനങ്ങൾ മ്മളെ വല്ലാണ്ട് ബാധിക്ക്ണ്ട്. അത് മ്മള് മനസ്സിലാക്കണം.” കുഞ്ഞുട്ടൻ ഒരു പണ്ഡിതനെപോലെ പറഞ്ഞു.
അപ്പോളേക്കും ചായകടക്കാരൻ കുട്ടപ്പേട്ടൻ കുഞ്ഞുട്ടനും രാമേട്ടനുള്ള ചായയുമായി വന്നു.
“അപ്പൊ ഇനി എന്നും ഇതന്ന്യാവോ അവസ്ഥ?” കുട്ടപ്പേട്ടൻ ചോയ്ച്ചു.
“ഏറെക്കുറെ”, ഇതും പറഞ്ഞ് കുഞ്ഞുട്ടൻ ഒരിറക്ക് ചായ കുടിച്ചു. എന്നിട്ട് എല്ലാവരുടെയും മുഖത്തേക്ക് നോക്കി.

എല്ലാരും ഇനിപ്പോ എന്തുട്ടാ ചിയ്യാന്ന് ആലോചിച്ച് തലയിൽ കൈവെച്ചിരുന്നു.?
“പക്ഷെ ഇതിനൊരു പരിഹാരം എന്റെ മനസ്സിൽ ഉണ്ട്.” കുഞ്ഞുട്ടൻ പറഞ്ഞു.
“എന്തുട്ടാ കുഞ്ഞുട്ടാ? ” എല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ചു.
“സംഗതി പെട സ്യാനാ? നോബൽ സമ്മാനം വരെ കിട്ടാള്ള മൊതലാ “
“നീ പറയ്. ഞാൻ തിരോന്തരത്തേക്ക് വിളിച്ച് നീയും ഞാനും കൂടി വൈദ്യുതി മന്ത്രിയുമായി മീറ്റിംഗ് ശരിയാക്കാം. മ്മക്ക് മുഖ്യനെയും കണ്ട് പറഞ്ഞ് സംഗതി നടപ്പാക്കാം.” രാമേട്ടൻ കുഞ്ഞുട്ടനെ പ്രോത്സാഹിപ്പിച്ചു.
“ഇപ്പൊ നല്ല വെയിലല്ലേ? അതോണ്ട് പുരപ്പുറ സോളാറിൽ നിന്ന് നല്ല കറന്റ്‌ ഇണ്ടാക്കാം അതോണ്ട് എല്ലാരും പുരപ്പുറത്ത് സോളാർ പാനൽ വെക്കണം.” കുഞ്ഞുട്ടൻ പറഞ്ഞു തുടങ്ങി.
“ഏറ്റ് പോടാ @@&രേ…. അവന്റെ ഒരു ഐഡിയ? രാവിലെ ഇവിടെ ഇഷ്ടംപോലെ കറന്റ്‌ സോളാറിൽനിന്നൊക്കെ കിട്ടണ്ട്. അത് സ്റ്റോർ ചെയ്ത് വെക്കാൻ പറ്റണില്ല്യാ. രാത്രിയാണ് മ്മക്ക് കറന്റ്‌ ക്ഷാമം. ” പ്രകാശൻ ഇടപെട്ട് പറഞ്ഞു.

“അതെന്താ അത് എടുത്ത് വെക്കാൻ പറ്റാത്തെ? ” കുട്ടപ്പേട്ടന് സംശയം.
“അതിന് ഇത് നിങ്ങടെ കടേല് ബാക്കി വരണ ബോണ്ടയും പരിപ്പ്വടയും അല്ല എടുത്ത് വെച്ച് പിറ്റേന്ന് കൊടുക്കാൻ. കറന്റാ കറന്റ്‌. അതിന് വല്ല്യേ ചെലവാ സ്റ്റോർ ചെയ്യാൻ.” പ്രകാശൻ വിശദീകരിച്ചു.
“ടാ പ്രകാശാ, ഞാൻ പറഞ്ഞു കഴിയട്ട്രാ, ന്നട്ട് നീ തോക്കിൽ കേറി വെടി വെക്ക്.” പ്രകാശന്റെ ഇടപെടൽ ഇഷ്ടപെടാതെ കുഞ്ഞുട്ടൻ അസ്വസ്ഥനായി.
“കുഞ്ഞുട്ടാ നീ പറയടാ…..”
കുഞ്ഞുട്ടന്റെ ഐഡിയ നടപ്പാക്കി കറന്റ്‌ ക്ഷാമം പരിഹരിച്ചാ വൈദ്യുതിമന്ത്രിയുടേയും മുഖ്യ മന്ത്രിയുടെയും മുന്നിൽ കുഞ്ഞുട്ടനെ കൊണ്ടോന്ന ആളെന്ന നിലയിൽ തന്റെ സ്ഥാനം സ്വപ്നം കണ്ട രാമേട്ടൻ പ്രോത്സാഹിപ്പിച്ചു.
“അപ്പൊ ഈ വലിയ ചെലവ് സഹിച്ച് മ്മള് അത് എടുത്തു വെക്കല്ല ചെയ്യണ്ടത്. അവിടെയാണ് പ്രകാശാ ബുദ്ധിപൂർവ്വം കളിക്കേണ്ടത്.”
“നീ വെല്ലുവിളിക്കാൻ നിക്കാണ്ട് കാര്യം പറയടാ കുഞ്ഞുട്ടാ, അടുത്ത വണ്ടിക്ക് മ്മക്ക് രണ്ടാൾക്കും മന്ത്രിനെ കാണാൻ പോവാം.”
രാമേട്ടന്റെ ക്ഷമ കെട്ടു.

“മ്മള് കൊറച്ച് അധികം കമ്പി സംഘടിപ്പിച്ച് ലൈൻ വലിക്കണം. അല്ല കമ്പി മ്മടെ ടാറ്റയും, ബിർളയും ഒക്കെ വിചാരിച്ചാൽ എത്ര വേണേലും കിട്ടൂല്ലോ.”
“എങ്ങട് ലൈൻ വലിക്കണന്നാറാ? നിന്റെ തറവാട്ടിലേക്കാ? ” ഏർപ്പായുട്ടിക്ക് കുരുപൊട്ടി.
“അമേരിക്കക്ക്….”
“എന്തുട്ടിന്?”
“ഇവിടെ രാവിലെ പുരപ്പുറ സോളാറിൽനിന്ന് നമ്മൾ മാക്സിമം കറന്റ്‌ ഇണ്ടാക്കി, അധികമുള്ളത് അമേരിക്കക്ക് കൊടുക്കണം. ഇവിടെ പകലാകുമ്പോൾ അവിടെ രാത്രി ആണല്ലോ. അവിടെ സായിപ്പന്മാർ കറന്റ്‌ കട്ട്‌ ഇല്ലാതെ സുഖമായി ഫാന്നിട്ട് ഉറങ്ങട്ടെ. ന്നട്ട് അവിടെ പകലാകുമ്പോ അവിടത്തെ പുരപ്പുറ സോളാറിൽനിന്ന് അധികമുള്ള കറന്റ്‌ ഇങ്ങട് ഒഴുക്കണം. അവിടെ പകലാകുമ്പോ ഇവിടെ രാത്രി ആണല്ലോ. മ്മക്കും കറന്റ്‌ കട്ട് ഇല്ലാതെ ഫാന്നിട്ട് സുഖമായി ഉറങ്ങാം. എങ്ങിനെ ഉണ്ട് ഐഡിയ?” കുഞ്ഞുട്ടൻ എല്ലാവരുടെയും മുഖത്തേക്ക് നോക്കി.

സ്വപ്ന കൊട്ടാരം തകർന്ന ദേഷ്യത്തിൽ രാമേട്ടൻ എണീറ്റ് പോയി.
“അല്ല കുഞ്ഞുട്ടാ അമേരിക്കയിലും കറന്റ്‌ കട്ട്‌ ഇണ്ടാ?” കുട്ടപ്പേട്ടന് സംശയം.
“ഇണ്ടാവും കുട്ടപ്പെട്ടാ, ഇതെല്ലാടത്തും ഇണ്ട്, അവര് വല്ല്യേ സമ്പന്ന രാഷ്ട്രം ആയോണ്ട് നാണക്കേട് കൊണ്ട് പുറത്ത് പറയാത്തതല്ലേ “

സുമേഷ് മണകുളം

By ivayana

Leave a Reply

Your email address will not be published. Required fields are marked *