നിക്സനെ നരകത്തിലേക്ക് കൊണ്ടുപോകുവാൻ ദൈവം മാലാഖയോട് കൽപ്പിച്ചു ..
മനുഷ്യരുടെ മനസ്സ് വായിക്കാൻ മാലാഖമാർക്ക് കഴിയില്ലല്ലോ?..
ദൈവത്തിന്റെ തീരുമാനങ്ങൾ നടപ്പാക്കാനല്ലേ കഴിയൂ?..
“കൈയും കാലും ഇല്ലാതെ ജീവിതകാലം മുഴുവൻ സ്വയം ഒന്ന് ചലിക്കാൻ പോലും കഴിയാതെ ജീവിച്ച ഇവൻ എന്ത് പാതകമാണ് ജീവിതത്തിൽ ചെയ്തത്”..
ജിജ്ഞാസുവായ മാലാഖ അവന്റെ ജീവിതത്തിലേക്ക് ഒന്ന് കണ്ണോടിച്ചു..
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരി ഓരോ നിമിഷവും ശിരകളിൽ നിലനിന്നിരുന്ന രാജു അവന്റെ ഭാര്യയെ ബലാൽസംഗം ചെയ്തതിന്റെ പരിണിതഫലമായാണ് നിക്സൺ ജനിക്കുന്നത്..
പല ശാരീരിക വൈകല്യങ്ങളോടും കൂടിയാണ് അവൻ ഭൂമിയിലേക്ക് പിറന്നുവീണത്..
ഒന്ന് ചലിക്കാൻ പോലും കഴിയാതിരുന്ന നിക്സണെ അവന്റെ അച്ഛൻ പതുക്കെ പതുക്കെ ഒഴിവാക്കി തുടങ്ങി..

കൂടപ്പിറപ്പുകളായ അവന്റെ രണ്ട് സഹോദരങ്ങൾക്കും അവൻ ഒരു ഭാരമായി തുടങ്ങി..
നൊന്തു പ്രസവിച്ച അമ്മയ്ക്ക് അതിന് ആവില്ലല്ലോ?..
ഇരിക്കാനോ നിൽക്കാനോ കഴിയാത്ത അവനെ മടിയിൽ കിടത്തിയിട്ടായിരുന്നു ദ്രാവകരൂപത്തിലുള്ള എന്തെങ്കിലും ഭക്ഷണം കൊടുക്കേണ്ടിയിരുന്നത്..
വൈദ്യശാസ്ത്രത്തിന് അവന്റെ കാര്യത്തിൽ ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. അവന്റെ ബുദ്ധി വളർച്ച സാധാരണ കുട്ടികളെക്കാൾ കൂടുതലാണെന്ന് അവർ മനസ്സിലാക്കി..
അച്ഛന്റെ ധൂർത്ത് കാരണം അവന്റെ അമ്മക്ക്‌ എന്തെങ്കിലും ജോലിക്ക് പോകണം എന്നത് നിർബന്ധമായി..
ആറേഴ് വയസ്സായ നിക്സണെ നൊന്തു പെറ്റ അവന്റെ അമ്മക്കും അസഹനീയമായി തോന്നിത്തുടങ്ങി..
ആറേഴ് വയസ്സായപ്പോഴേക്കും അവന് 10 12 വയസ്സുള്ള മറ്റ് കുട്ടികളെക്കാൾ ബുദ്ധി വികാസം ഉണ്ടായിരുന്നു..
പരസഹായം കൂടാതെ ഒന്നും ചെയ്യാൻ കഴിയാതിരുന്ന അവന് സംസാരശേഷിയും ദൈവം കൊടുത്തില്ല..
നേരിയ ശബ്ദം പോലും അവന് കേൾക്കാൻ കഴിയുമെന്നും മനസ്സിലാകുമെന്നും എല്ലാവർക്കും അറിയാമായിരുന്നു..

അച്ഛൻ ഒഴിവാക്കിയതും സഹോദരങ്ങൾ അകറ്റിനിർത്തിയതും അമ്മയ്ക്ക് വെറുത്തു തുടങ്ങിയതും ആദ്യത്തിൽ അവന് ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നുവെങ്കിലും അവൻ അവനെ മനസ്സിലാക്കാൻ തുടങ്ങിയപ്പോൾ അവരോടുള്ള വെറുപ്പും ദേഷ്യവുമെല്ലാം അലിഞ്ഞില്ലാതായി..
തനിക്കുവേണ്ടി തന്റെ അച്ഛനോ സഹോദരങ്ങൾക്കോ ഒന്നും ചെയ്യാനില്ല. പിന്നെ അമ്മ, പെറ്റ വയറല്ലേ?, അതിന്റെ ഒരു ആർദ്രത മനസ്സിൽ കാണും. അതിൽ കൂടുതലായി അമ്മയ്ക്കും ഒന്നും ചെയ്യാനില്ല എന്ന് അവൻ മനസ്സിലാക്കിയിരുന്നു..
എട്ടാം വയസ്സുമുതലാണ് ഭിന്നശേഷിക്കാരെ പരിചരിക്കുകയും അവരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു സന്നദ്ധ സംഘടനയുടെ കീഴിലേക്ക് അവനെ മാറ്റുന്നത്..
വിട്ടിലുള്ളവർക്ക് സങ്കടമായും ബുദ്ധിമുട്ടായും ജീവിക്കുന്നതിലും എത്രയോ ഭേദമാണ് ആ സംരക്ഷണ കേന്ദ്രത്തിൽ ജീവിക്കുന്നത് എന്ന് അവൻ പെട്ടെന്ന് തിരിച്ചറിഞ്ഞു..
മരണം വരെ അവന്റെ ശരീരം അതുപോലെ തന്നെ ആയിരിക്കുമെന്ന് അവൻ തിരിച്ചറിയാൻ തുടങ്ങിയത് ആ കേന്ദ്രത്തിൽ എത്തിയതിനുശേഷമാണ്..
അവിടെ ഒന്നും തനിയെ ചെയ്യാൻ കഴിയാതരുന്ന ഏക കുട്ടി നിക്സനായിരുന്നു..
വീൽചെയറിൽ ഇരിക്കാൻ കഴിയാത്ത അവനെ സ്കൂളിലും മറ്റ് പരിപാടികൾക്കും കൊണ്ടുപോയിരുന്നത് ചക്രങ്ങൾ ഘടിപ്പിച്ച ഒരു ഇരുമ്പ് ദണ്ടിന്മേൽ തൊട്ടില കെട്ടി അതിൽ കിടത്തിയായിരുന്നു..

അവിടെ അവൻ കാണാത്തത് പലതും കാണുകയായിരുന്നു. അതുവരെ അവൻ അനുഭവിക്കാത്തത് പലതും അനുഭവിക്കുകയായിരുന്നു..
ഒരു തുള്ളി വെള്ളം വേണമെന്ന് പോലും ചോദിക്കാൻ കഴിയാത്ത അവന് മറ്റുള്ളവരുടെ ശ്രദ്ധ എപ്പോഴും വേണമെന്നതിനാൽ മീറ്റിംഗ് ഹാളിനോട് ചേർന്നായിരുന്നു താമസം ഒരുക്കിയത്..
14 15 വയസ്സായ അവൻ എഴുതാനും വായിക്കാനും പഠിച്ചു..
പക്ഷേ അതൊന്നും അവന് ചെയ്യാൻ കഴിയില്ലല്ലോ?..
അവനെ തേടി ആ സദനത്തിലേക്ക് അച്ഛനോ സഹോദരങ്ങളോ ഒരിക്കലും വന്നില്ല..
അമ്മയുടെ വരവ് വർഷത്തിൽ ഒന്നോ രണ്ടോ തവണ എന്ന തോതിലായി..
നാല് വയസ്സായപ്പോഴും 10 വയസ്സായപ്പോഴും 15 വയസ്സായപ്പോഴും അവന്റെ ശരീരഘടനയിൽ ഒരു മാറ്റവും വന്നില്ല..

മീറ്റിംഗ് റൂമിൽ നടക്കുന്ന ക്ലാസുകളും പ്രസംഗങ്ങളും ചർച്ചകളും തുടങ്ങി എല്ലാം നിക്സന് വ്യക്തമായി കേൾക്കാമായിരുന്നു..
അവന്റെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദം ആ ഹാളിൽ ആളുകൾ സംസാരിക്കുന്നത് കേൾക്കുന്നതാണ്..
പൂവും പൂമ്പാറ്റയും കുരുവികളും അരുവികളും പുഴകളും വനങ്ങളും അടങ്ങിയ മനോഹരമായ ഒരു ലോകമുണ്ട് എന്ന് അവൻ മനസ്സിലാക്കുന്നത് ആ മീറ്റിംഗ് ഹാളിൽ ആരൊക്കെയോ സംസാരിക്കുന്നത് കേട്ടിട്ടാണ്..
മഷ്യരെയും മനുഷ്യജീവിതത്തേയും അവൻ മനസ്സിലാക്കിയതും ആരൊക്കെയോ പറഞ്ഞത് കേട്ടിട്ടാണ്..
ആ സദനത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾ പോലും അവനെ സഹതാപത്തോടെ നോക്കുന്നത് ആദ്യത്തിലൊക്കെ അവന് സങ്കടമായിരുന്നുവെങ്കിലും പിന്നീട് അത് അവരുടെയൊക്കെ മനസ്സിന്റെ ആർദ്രതയാണ് എന്ന് മനസ്സിലാക്കി അവൻ അതൊക്കെയും ആസ്വദിക്കാൻ തുടങ്ങി..
സമൂഹ സേവനം (M S W) പാഠ്യ വിഷയമായി തിരഞ്ഞെടുത്ത വിദ്യാർത്ഥികളും മറ്റു സന്നദ്ധ പ്രവർത്തകരും ഇടയ്ക്കിടെ സന്ദർശിച്ചിരുന്ന ആ സദനത്തിൽ നിക്സന്റെ അവസ്ഥ കണ്ട് സങ്കടപ്പെടുന്നതും തേങ്ങി കരയുന്നതും പൊട്ടിക്കരയുന്നതും അവനെ ഒരു നോക്ക് കണ്ട് സഹിക്കാൻ കഴിയാതെ ഓടിപ്പോകുന്നതും സാധാരണമായിരുന്നു..

മറ്റുള്ളവരുടെ വേദനയിൽ പങ്കുചേരാനുള്ള അവരുടെയൊക്കെ മനസ്സിന്റെ ആർദ്രത കണ്ട് അവരെ സ്നേഹിക്കാനും അത് ആസ്വദിക്കാനും നിക്സൺ ശീലിച്ച് കഴിഞ്ഞിരുന്നു..
ഭക്ഷണം തന്നില്ലെങ്കിലോ മലമൂത്ര വിസർജനം നടത്തി അതിൽ കിടന്ന്‌ ഉരുളുന്നതോ ഒന്നും അവന് ഒരു പ്രശ്നമേ അല്ലാതെയായി..
അവന് ഒരു ആഗ്രഹവും ബാക്കിയുണ്ടായിരുന്നില്ല..
മനുഷ്യർ, എല്ലാ യോഗ്യതകളും ഉണ്ടായിട്ടും (ശാരീരികമായി) പണത്തിനും അധികാരത്തിനും പ്രശസ്തിക്കും വേണ്ടി കൊള്ളയും കൊലയും അക്രമവും നടത്തി സ്വർഗ്ഗതുല്യമായ ഇവിടം നരകമാക്കുന്നത് എന്തിനാണ് എന്ന് അവൻ ചിന്തിച്ചിരുന്നു..
പരസ്പരം സംസാരിച്ചാൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ഉണ്ടോ?..
“ഇല്ല” എന്ന് അവൻ ഉറച്ചു വിശ്വസിച്ചിരുന്നു..
18, 19 വയസ്സ് ആയപ്പോഴേക്കും അവൻ അവന്റെ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കാൻ ശീലിച്ചു..

ഭക്ഷണവും കൊണ്ട് ആരും വരാത്തതും മലമൂത്ര വിസർജനം നടത്തിയത് കഴുകി വൃത്തിയാക്കാത്തതും അവൻ അനുഭവിച്ച് ആസ്വദിക്കുകയായിരുന്നു..
എന്ത് പ്രശ്നങ്ങളും സന്തോഷത്തോടെ സ്വീകരിച്ചാൽ അത് ആസ്വാദ്യകരമാകും എന്ന് അവൻ പഠിച്ച് കഴിഞ്ഞിരുന്നു..
ഇരുപതാമത്തെ വയസ്സിലാണ് അവൻ മരിക്കുന്നത്..
മാലാഖ വീണ്ടും ആശയക്കുഴപ്പത്തിലായി..
നരക കവാടത്തിൽ എത്തിയ മാലാഖ “ഇവനെ സ്വർഗ്ഗത്തിലേക്കല്ലേ കൊണ്ടുപോകേണ്ടത്” എന്ന് ഒരുനിമിഷം ശങ്കിച്ചു..
ചാടാനും ഓടാനും കുത്തി മറയാനും തുടങ്ങി എല്ലാ യോഗ്യതയുമുള്ള ഒരു യുവാവായി പുനർജനിപ്പിച്ച് അവനെ നരകത്തിലേക്ക് തള്ളി നരകത്തിന്റെ കവാടം അടച്ച് മാലാഖ തിരിച്ച് നടന്നു..

മാലാഖ അപ്പോഴും “നരകത്തിലേക്ക് അല്ലല്ലോ അവനെ അയക്കേണ്ടത്” എന്ന ആശയക്കുഴപ്പത്തിലായിരുന്നു..
കുറച്ച് നടന്ന് നീങ്ങിയതിനുശേഷമാണ് മാലാഖയ്ക്ക് ഓർമ്മ വന്നത്,
“നരകം നിറഞ്ഞ് കിടക്കുന്നു. സ്വർഗ്ഗം ഒഴിഞ്ഞും. ആ സാത്താൻമാർക്കെല്ലാം ഉപദേശം നൽകി കുറച്ചാളെയെങ്കിലും നന്നാക്കി സ്വർഗ്ഗത്തിലേക്ക് കൊണ്ടുവരാൻ ജ്ഞാനികളെ അങ്ങോട്ട് അയക്കണം” എന്ന് ദൈവം പറഞ്ഞിരുന്നത്..
“അതെ, നിക്സൺ ഒരു ജ്ഞാനിയാണ്”..
മാലാഖ മനസ്സിൽ പറഞ്ഞു..
.

സിദ്ദിഖ് പട്ട

By ivayana