രചന : ഹംസ കൂട്ടുങ്ങൽ ✍️
പണ്ട്, പുരപ്പുറത്ത് നീണ്ടു നിവർന്നു കിടന്നിരുന്ന ഒരു വസ്തുവിനെ ചേർത്താണ് പുതിയ പകർച്ചവ്യാധിയെ ദഹണ്ണക്കാരൻ മൂത്തേടം തൻ്റെ പ്രതിഷേധം പ്രകടിപ്പിച്ചത്.
ആ വസ്തുവിനെക്കുറിച്ച് എടുത്തു പറയാൻ കാരണക്കാരൻ അച്ഛനാണ്. പൂർവ്വികരുടെ മുഴുവൻ സമ്പാദ്യവും മുച്ചൂടും വിറ്റുതുലച്ച്, ഒടുവിൽ ഈരെഴ തോർത്തിനു താഴേക്കൂ തൂങ്ങിക്കിടന്നിരുന്ന കോണാൻ മാത്രം സ്വന്തമായ ഒരവസ്ഥയിലേക്ക് എത്തിയതും എത്തിച്ചതും അച്ഛനാണ്. പാവം അമ്മ! ഇടയ്ക്കിടെ അച്ഛൻ കോണാൻ മാറ്റുന്നതിനെതിരെ കലഹിച്ചാണ് മരിച്ചത്. അന്നു മുതലാണ് ഇഷ്ടക്കേട് തോന്നുന്ന എന്തിനോടും കോണാൻ കൂട്ടിച്ചേർത്തതും പിന്നെയത് ഗല്ലി ഭാഷയായി എന്തിനും ഏതിനും അമ്മയ്ക്ക് വിളിയ്ക്കുന്നത് പോലെ ഒരു ശീലമായതും.
എന്തോ ഒരു കുരുത്തത്തിന് പാചകത്തിലെ പല പരീക്ഷണങ്ങളും വിജയിച്ചതു കൊണ്ടാണ് മൂത്തേടത്തിന് പ്രാദേശിക പാചക ശിരോമണി പട്ടം കിട്ടിയത്. കുട്ടിക്കാലത്ത് പാഠ പുസ്തകം തുറന്നു നോക്കാനുള്ള മടി കൊണ്ട് അടുക്കളയിൽ കയറി അമ്മയെ സഹായിച്ചത് പിൽക്കാലത്ത് രക്ഷയായി.
പറമ്പിൽ വീണു കിടക്കുന്ന പട്ടയും കൊതുമ്പും പെറുക്കിക്കൂട്ടി വെട്ടി നുറുക്കി വിറകുപുരയിലൊതുക്കുമ്പോൾ അച്ഛൻ പറയുമായിരുന്നു. “ഏത് തെങ്ങിലും ണ്ടാവും ചില കുരുടിച്ച തേങ്ങകൾ”
“അതിനെങ്ങന്യാ ഉള്ള വിത്ത് മുഴുവൻ കണ്ടോരുടെ പറമ്പീ മുളപ്പിക്കാൻ നോക്ക്യാ ഇങ്ങനേം ചിലതുണ്ടാവും” അമ്മ ഗൗരവത്തിലാണത് പറഞ്ഞതെങ്കിലും, ഒരു ഇളിഞ്ഞ ചിരി അച്ഛൻ്റെ മുഖത്ത് കണ്ടു.
പുള്ള മനസ്സിൽ കള്ളമില്ലാത്തത് കൊണ്ട്, അച്ഛനും അമ്മയും, പറയുന്നതൊന്നും അന്നു മനസ്സിലായിരുന്നില്ല. പിന്നീടാണ്…, മൊത്തത്തിലുള്ള തൻ്റെ വളർച്ചയിലുള്ള മുരടിപ്പാണ് അവരുടെ തർക്ക വിഷയം എന്നു മനസ്സിലായത്.
വരുമാനത്തിൽ പ്രതിസന്ധികളുണ്ടാവുമ്പോൾ പറമ്പുപണിക്കാരൻ പരമനെ വിളിച്ചു വരുത്തി പറമ്പിൻ്റെ ഒരറ്റം ചൂണ്ടിക്കാണിച്ച്, തനിക്ക് മനസ്സിലാവാത്ത കരാറും തീറും പറഞ്ഞ് പരമനെ പറഞ്ഞയക്കുന്നതിൻ്റെ പിറ്റേന്നാണ്, പറമ്പിൽ പലിശക്കാരൻ പത്രോസ് പ്രത്യക്ഷപ്പെടുക.
” സ്വാമിയ്ക്ക് നഷ്ടം വരണ ഒരു കാര്യത്തിനും പത്രോസുണ്ടാവില്ല” അതു പറഞ്ഞ് കക്ഷത്തിൽ നിന്നു ഡയറിയെടുത്ത് മുതലും പലിശയും പലിശയുടെ പലിശയും ചേർത്തുള്ള കണക്കുകൾ അച്ഛനെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നതിൻ്റെ അടുത്ത ദിവസം പറമ്പിൽ ചങ്ങല വലിച്ച് തലങ്ങും വിലങ്ങും ആളുകൾ നടക്കുന്നതു കാണാം.
അതിനടുത്ത ദിവസങ്ങളിൽ അച്ഛനും അമ്മയും തമ്മിൽ മുട്ടൻ വഴക്ക് പതിവാണ്. ചുവപ്പ് കണ്ട കാളയെപ്പോലെയാണ് ചില നേരങ്ങളിൽ അച്ഛൻ അമ്മയുടെ നേർക്കു അടുക്കുക. ഒരായുധമോ വീട്ടുപകരണമോ എപ്പൊഴും കയ്യിൽ കരുതുന്ന അമ്മയുടെ രണ്ടു മൂന്നടി അടുത്തെത്തുമ്പോഴേയ്ക്കും തേഞ്ഞ ചക്രത്തിലോടുന്ന വണ്ടി ബ്രേക്കിട്ടത് പോലെ അച്ഛൻ കുറച്ചിട നിരങ്ങി നീങ്ങുന്നതും, ‘ഞാനിതെത്ര കണ്ടതാണ്’ എന്ന ലാഘവത്തോടെ അമ്മ മൈൻ്റ് ചെയ്യാതെ തിരിച്ചു നടക്കുന്നതും പതിവ് കാഴ്ചയായിരുന്നു.
ഒടുവിൽ…, ചങ്ങല വലിക്കാർ വീടിനു ചുറ്റും വലം വെച്ചപ്പോഴാണ്, എന്തിനു വേണ്ടിയായിരുന്നു അമ്മ നിരന്തരം അച്ഛനുമായി കലഹിച്ചിരുന്നതെന്ന് മനസ്സിലായത്.
അതെല്ലാം കാലയവനികയ്ക്കുള്ളിൽ മറഞ്ഞ കഥ…
സദ്യകൾക്ക് സ്വാമിയുടെ ഭക്ഷണത്തിനു പ്രിയമുണ്ടായിരുന്ന കാലത്ത് തേങ്ങ ചിരകാൻ ദാക്ഷായണിയെ കൂട്ടിയത് മുതലാണ് മൂത്തേടത്തിൻ്റെ കൺട്രോൾ പതുക്കെപ്പതുക്കെ അയഞ്ഞു തുടങ്ങിയത്. എങ്ങനെ അയയാതിരിക്കും. ദഹണ്ണത്തിന്നിടയ്ക്ക് മൂത്തേടന് വിശമിക്കാനായി കൊണ്ടിടുന്ന കസാരയ്ക്ക് എതിരായിട്ടായിരിക്കും ദാക്ഷായണിയുടെ ചിരവ. വലതുകാൽ നിവർത്തി വെച്ച്, ഇടതുകാൽ കുത്തി നിർത്തി, ചിരവനാക്കിലേക്കു കുനിഞ്ഞുള്ള തേങ്ങ ചിരവൽ മൂത്തേടൻ മാത്രമല്ല സഹദഹണ്ണക്കാരും ശെരിക്കും ആസ്വദിച്ചിരുന്നു. ഇടയ്ക്ക് ഇച്ചിരി തേങ്ങാപീരയെടുത്ത് ദാക്ഷായണി അലക്ഷ്യമായി വായിലേക്ക് എറിയുന്നതിൽ ഏറെയും വാ തുറന്നിരിക്കുന്ന ബ്ലൗസിന് അകത്തേക്കാണ് വീണിരുന്നത്. പരിസര ബോധമില്ലാതെ, അകത്തേക്ക് വീണ പീരയെടുത്ത് വായിലേക്കിടുന്നത്, കാണുന്നവരെല്ലാം വായും പിളർന്ന് നോക്കി നിൽക്കും. ഫലമോ മൂത്തേടത്തിൻ്റെ പാചക കലകളിൽ രസങ്ങളും, വെള്ളവും, വേവും, കൂടുകയും കുറയുകയും ചെയ്തുകൊണ്ടിരുന്നു. എല്ലാത്തിനും കാരണക്കാരി ദാക്ഷായണിയാണെന്നറിയാം. പക്ഷേ യഥാർത്ഥ കാരണം പറഞ്ഞാൽ അവളുടെ തഴമ്പിച്ച കൈ ഉയരുമെന്നും, അല്ലെങ്കിലും…, തള്ളി നിൽക്കുന്ന ചില ചന്തങ്ങൾ എങ്ങിനെയാണ് കണ്ടില്ലെന്ന് നടിക്കുക? എന്നു കരുതി തൻ്റെ തൊഴിലിനെ പ്രതികൂലമായി ബാധിക്കുന്നത് എങ്ങനെ പരിഹരിക്കാം എന്ന കൂലങ്കുഷമായ ചിന്തയിൽ നിന്നാണ് ദാക്ഷായണിയെ കെട്ടാമെന്ന തീരുമാനമെടുത്തത്. വളരെ അടുത്ത ചിലരോട് ഈ താൽപ്പര്യം അറിയിച്ചപ്പോൾ…, തങ്ങൾക്ക് സാധിക്കാതെ പോയ ആഗ്രഹം ഇയാളെങ്കിലും അനുഭവിക്കട്ടെ എന്ന ചിന്തയിൽ പ്രോത്സാഹനം നൽകി.
‘ഉളുപ്പില്ലാത്തവൻ. ഒരുമിച്ചു നടക്കുമ്പോൾ ഉടുക്കും മദ്ദളവും ഉരുണ്ടു പോകുന്നതു പോലിരിക്കും’
മൂത്തേടൻ പലതും കാണുകയും കേൾക്കുകയും ചെയ്തെങ്കിലും തേങ്ങാപീര കണ്ട് ഇനി ആരുടേം വാ തുറന്നിരിക്കേണ്ട എന്ന കടുത്ത തീരുമാനമെടുത്തതോടെ വലിയ എതിർപ്പുകളും ഘോഷങ്ങളുമില്ലാതെ മൂത്തേടവും ദാക്ഷായണിയും തമ്മിലുള്ള വിവാഹം കഴിഞ്ഞു.
കല്ല്യാണപ്പിറ്റേന്ന് രാവിലെ വീട്ടുമുറ്റത്ത് പതിവും പരിചയവുമില്ലാത്ത രണ്ടു മൂന്നു പേരുടെ ശബ്ദം കേട്ടാണ് മൂത്തേടൻ ഉണർന്നത്. വാതിൽ തുറന്ന് പുറത്ത് വന്ന മൂത്തേടന് .. അതിശയമായി. മുൻപ് ഇങ്ങനെയൊരു കാഴ്ച്ച ഈ വാടക വീടിനു മുന്നിൽ ഉണ്ടായിട്ടില്ല. ഇനി കല്യാണത്തിരക്കിൽ, ഏറ്റെടുത്ത ഏതെങ്കിലും ദഹണ്ണം വിട്ടുപോയോ?
“എന്താ രാവിലെ തന്നെ എല്ലാരും കൂടി ?”
ആരും മറുപടി പറഞ്ഞില്ല. പഠിപ്പ് കുറഞ്ഞവളെ പെണ്ണുകാണാൻ ചെന്നപ്പോഴുള്ള നാണം പോലെ വന്നവരെല്ലാം ഇടയ്ക്കൊന്നു തലയുയർത്തും പിന്നെ നാണം മുഖത്തു വരുത്തി തല താഴ്ത്തും.
” നിങ്ങള് കാര്യം പറ”
“ഒന്നൂല്ല സ്വാമീ … വിശേഷങ്ങളറിയാൻ വന്നതാ….”
ഇവിടെ എന്തെങ്കിലും വിശേഷമുള്ളതായി നിങ്ങളോട് ആരെങ്കിലും പറഞ്ഞോ?”
അല്ല… ഇന്നലെ കല്യാണമൊക്കെ കഴിഞ്ഞതല്ലേ? വിശേഷങ്ങളൊക്കെ കാണൂലോ…?”
അത് ശെരി. അപ്പൊ ആ വിശേഷങ്ങള് അറിയാൻ വന്നതാണ് ല്ലേ…? ഇറങ്ങിക്കോണം സകലവനും. നേരം വെളുക്കുമ്പൊ തന്നെ ഒരു മാതിരി ലെ വിശേഷം അറിയാൻ വന്നേക്കണൂ”
മൂത്തേടൻ ചൂടായെങ്കിലും ആരും തിരിച്ചു പോയില്ല. അവർ മുറ്റത്ത് കളം വരച്ച് അകത്തേക്ക് ഒളിഞ്ഞു നോക്കിക്കൊണ്ടിരുന്നു.
അപ്പൊഴാണ് ദാക്ഷായണി വാതിൽ പാളി പതുക്കെ തുറന്ന് , വാതിലിനിടയിൽ കുടുങ്ങിയതു പോലെ തല പുറത്തേക്കിട്ടത്.
പിന്നെ നടന്നത്…, വള്ളംകളിയിൽ ഒന്നാമതെത്തിയ തുഴക്കാരുടെ ആവേശം പോലൊരു ആരവമായിരുന്നു. ദിവസങ്ങളായി ദാഹിച്ചു വലഞ്ഞവൻറെ ചുണ്ടിലൊരുതുള്ളി വെള്ളം വീണ അവസ്ഥയായിരുന്നു എല്ലാവരിലും.
“ദാക്ഷൂ… നീ അകത്ത് പോ” ദാക്ഷായണിയുടെ മോന്ത അകത്തേക്കു തള്ളി ദാക്ഷായണിക്കു പിറകെ മൂത്തേടനും അകത്ത് കടന്ന്, പുറത്ത് നിൽക്കുന്നവരുടെ ചെകിടത്തടിക്കുന്നതു പോലെ വാതിൽ കൊട്ടിയടച്ചു.
ദഹണ്ണപ്പുരയിൽ ദാക്ഷായണിയുടെ അസാന്നിദ്ധ്യം പലരുടേയും മുഖം കറുപ്പിച്ചെങ്കിലും, ശേഷിച്ച ദാക്ഷായണിമാർ കള്ളച്ചിരിയോടെ മൂത്തേടനെ നോക്കി കണ്ണിറുക്കി.
അവരുടെ നോട്ടം കാണുമ്പോൾ മൂത്തേടൻ താഴോട്ട് നോക്കി മുണ്ട് അഴിഞ്ഞുപോയിട്ടില്ലല്ലോ എന്ന് ഉറപ്പു വരുത്തും.
വളരെ പ്രതീക്ഷകളോടെയും കണക്കുകൂട്ടലുകളോടെയും ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കെയാണ്. കൊറോണ വന്നതും നാടിനേയും നാട്ടുകാരെയും അടച്ചിട്ടതും.
ദാക്ഷായണി എന്തും സഹിക്കും. വിശപ്പൊഴികെ. കയ്യിൽ കിട്ടിയതും കണ്ണിൽ കാണുന്നതും മുറുമുറുപ്പോടെ വലിച്ചെറിയാൻ തുടങ്ങിയപ്പോഴാണ് അവളിൽ ഇങ്ങനെയൊരു അപകടം പതിഞ്ഞിരിപ്പുണ്ടെന്ന് മൂത്തേടന് മനസ്സിലാക്കിയത് .
വരുമാനം നിലച്ച സ്ഥിതിക്ക്, അവളുടെ ന്യായമായ അവകാശം എങ്ങിനെ സാധിപ്പിച്ച് കൊടുക്കാം എന്ന് ചിന്തിച്ചിരുന്ന നാളുകളിൽ ഒരുദിവസം, തൊട്ടടുത്ത ചാത്തൻ മഠത്തിലെ വെളിച്ചപ്പാടാണ് ദാക്ഷായണിയെ ക്ഷേത്രപരിസരം വൃത്തിയാക്കുന്നതിനും പാചകത്തിന് സഹായിയുമായി നിയമിക്കുന്നതിന് മൂത്തേടനേ സമീപിച്ചത്. അവളുമായി ആലോചിച്ച് അറിയിക്കാമെന്ന് പറഞ്ഞതനുസരിച്ചും, റസിറ്റില്ലാത്തവരുമാനം കിട്ടുന്നത് കൊണ്ട് അത് ദാക്ഷായണിക്കും ഗുണം ചെയ്യും എന്ന പ്രലോഭനവും കൂടിയായപ്പോൾ ദാക്ഷായണിക്ക് കൂടുതൽ ഒന്നും ചിന്തിക്കാനുണ്ടായില്ല. ഭക്ഷണത്തിന് മുട്ടു വരില്ല. അതിനായിരുന്നു മുൻഗണന.
ചാത്തൻ മഠത്തിലെ ജോലിയോടെ ദാക്ഷായണിൽ പ്രകടമായ ചില മാറ്റങ്ങൾ വന്നു തുടങ്ങിയിരുന്നു. അവൾ കണ്ണാടിയ്ക്കു മുന്നിൽ നിൽക്കുന്ന സമയം കൂടി കൂടി വന്നു. ശരീരത്തിൻ്റെ എല്ലാ ഭാഗവും കാണുന്നതിനുള്ള ഞെളിയലും പിരിയലും കൂടി. ജോലിക്ക് പോകുന്നത് നേരത്തേയും, തിരിച്ചു വരുന്നത് വൈകീട്ടുമായി.
വീട്ടുജോലികളും പാചകവും മൂത്തേടത്തിൻ്റെ ബാദ്ധ്യതയായി.
കൊറോണ തീരട്ടെ. എല്ലാം ശെരിയാക്കാം എന്ന പ്രതീക്ഷയിൽ മാസങ്ങൾ മുന്നോട്ട് പോയി എന്നതല്ലാതെ സാധാരണ ജീവിതത്തിന് യാതൊരു വിധ പുരോഗമനവും ഉണ്ടായില്ല.
അങ്ങിനെയിരിക്കെ ഒരു ദിവസം ഉച്ചയൂണു കഴിഞ്ഞ് ഉമ്മറത്തൂണിൽചാരിയിരുന്ന് ഉറക്കം തൂങ്ങുമ്പോഴാണ് മഠത്തിലെത്തന്നെ ഒരു പണിക്കാരി ഓടിക്കിതച്ചെത്തിയത്.
സ്വാമി അറിഞ്ഞില്ലേ?”
എന്തേ?”
മഠത്തിലെ വെളിച്ചപ്പാടിനേം ദാക്ഷായണിയേം കാണാനില്ല.”
മുത്തേടനിൽ നിന്ന് യാതൊരു പ്രതികരണവും കാണാതായപ്പോൾ വന്ന സ്ത്രീ ചോദ്യം ആവർത്തിച്ചു.
അതിന് മൂത്തേടൻ പറഞ്ഞ മറുപടി ഇങ്ങനെയാണ് . ” ലെ ഒരു കൊറോണ കാരണം പണീം പോയി പെണ്ണും പോയി.”

