🌈
സഞ്ചാരിമാത്രമെന്നറിയാതെയിന്നു,നാം
മറുപുഞ്ചിരിയേകിടാൻ മടിക്കുന്നവർ
നെഞ്ചിൽത്തിളയ്ക്കുന്ന പകയുള്ളിലുള്ളവർ;
തുള്ളിപോലൊരുവേളയിറ്റുവീഴേണ്ടവർ.
മണ്ണിൽമടങ്ങുന്നയാറടിക്കുള്ളിൽ നാം
ആറാടിനിൽക്കാൻ കഴിയില്ല സോദരാ,
ആമുഖംപോലല്ലയവസാന താളുകൾ;
ആഗതമാകില്ലെയാ, സാന്ധ്യനാളുകൾ ?
ആദിത്യവദനം തിളങ്ങുന്നുവെങ്കിലും
കനലായെരിയുന്നതില്ലേയതിൻ സുഖം
ആരാമമായിന്നുണരില്ല കനവുകൾ
അനുസ്മരിക്കുന്നില്ലെയാ,ബാല്യ നിനവുകൾ ?
ആബാലവൃദ്ധം വസിക്കുന്നു പാരിതിൽ
ആരോഹണംപോൽ തുടങ്ങുന്നു പുലരികൾ
അവരോഹണത്താൽ മറയുന്നു കാഴ്ചകൾ
ആരു ചിന്തിക്കു;ന്നുണരാത്ത മനസ്സുകൾ.
വരണമീ,യഴലിൻ വഴികളിൽ; പരിചിതർ
ശയ്യാവലംബികളായിന്നു ധരണിയിൽ
ശരണമാരെന്നറിഞ്ഞീടുന്നു സ്മരണയിൽ
ഹരിണവദനങ്ങൾപോൽ നിറയുന്നു മിഴിയിതൾ.
തളരുന്നു പ്രാണപ്രകൃതിയുമീവിധം
തനുവിൽത്തറയ്ക്കുന്നതിലേറെയമ്പുകൾ
തൃണതുല്യമെന്നപോൽക്കാണുന്നു മനസ്സുകൾ;
ഉണരുന്നതില്ലയി,ന്നലിവറ്റ കരളുകൾ.
മാതാപിതാക്കൾ മഹനീയരായവർ;
മാനവഹൃദയത്തുടിപ്പായലിഞ്ഞവർ
വേദനാവഴിയി,ലഴലായലയുന്നു;
ഹൃദയമില്ലാത്തതാം മക്കൾപ്പെരുകുന്നു.
നിർണ്ണയമോർമ്മപ്പെടുത്തുന്നു സാന്ധ്യകം
മണ്ണിൽത്തിളങ്ങില്ലയൊരു വർണ്ണ ജീവിതം
അസ്തമനത്താലകലുന്നു പുലരികൾ
വിസ്തൃതമാകട്ടെ നി,ന്നാർദ്ര ചിന്തകൾ…🙏

By ivayana

Leave a Reply

Your email address will not be published. Required fields are marked *