രചന : പ്രസീദ.എം.എൻ ദേവു ✍
എൻപതിലെ
ഞങ്ങളിപ്പോൾ,
നാല്പതിലെത്തി
നിൽക്കുന്നു,…
ഒന്നു രണ്ട് മുടിനാരിഴ
നെരച്ചതിനെ പറ്റിയോ,
ഇടയിലെ പല്ല്
പോയതിനെ കുറിച്ചോ,
ഞങ്ങൾക്ക് വ്യാകുലതയില്ല,
ഞങ്ങളിങ്ങനെ
ബാല്യത്തിൻ്റെ ഈരടിയിൽ,
ഇരടി ഇരടി വീഴുന്നു,
നിങ്ങളങ്ങനെ ഇരടി വീണിട്ടുണ്ടോ?
വീണാലും നിങ്ങളുടെ
മുട്ടുക്കാലിൽ ചോരയോടൊപ്പം
മണ്ണു പറ്റിയിട്ടുണ്ടോ,?
ആരെങ്കിലും ഊതി നീറ്റിയിട്ടുണ്ടോ?
ഇൻറർലോക്കിട്ട
മുറ്റത്തേയ്ക്കതിന്
നിങ്ങൾ ഇറങ്ങാറുണ്ടോ?
ഞങ്ങളുടെയത്രെ
നിങ്ങൾ എവിടേയ്ക്കോടും,?
ഞങ്ങൾക്ക്
അയൽ വീടും കടന്ന്
പോവാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു,
അതു മാത്രമല്ലെന്നേ,
ഞങ്ങളുടെ സ്കൂളിലേക്ക്
ഉമ്മറ മുറ്റത്ത് നിന്ന്
ചാടിക്കയറാൻ വാനുകൾ
ഉണ്ടായിരുന്നില്ലെന്നേ,
നടന്ന് നടന്ന് പോവുന്ന
കാഴ്ചയിലത്രെയും
നാട് കാണാമായിരുന്നെന്നേ,
നാട്ടുകാരെ കാണാമായിരുന്നെന്നേ,
നിങ്ങളും നാട് കണ്ടിട്ടുണ്ടാവും
ഒരൊറ്റ ബാഗും തൂക്കി,
ചീറിപ്പായുന്ന ബുള്ളറ്റിൽ
പറന്ന് പറന്ന്,
യാത്രയാണോ,
കാഴ്ചയാണോ,
എന്നറിയില്ല,
നിങ്ങളും നാടുകാണി തന്നെ,
നിങ്ങള് മരത്തോട്
സംസാരിച്ചിട്ടുണ്ടോ,
കിളികളോട്,?
പൂക്കളോട്,?
നിങ്ങൾക്കതിനു
സമയമില്ലെന്നേ,
നിങ്ങളുടെ നാവുകളൊക്കെ
ബഹിരാകാശം കീഴടക്കാനും,
സമുദ്രം വെട്ടി പിടിക്കാനും,
ഭൂമിയെ കുഴിച്ചു തുരുത്താനും
ആയുള്ള ജ്വാല വിദ്യ
പഠിക്കുകയാണല്ലോ,
നിങ്ങളൊക്കെ പ്രണയിക്കുന്നവരാണോ?
ഞങ്ങളുടെ പ്രണയത്തിലേതു പോലെ
പ്രണയിനി നടന്നു വരുന്നതു കാത്ത് നിൽക്കാൻ
മരച്ചുവടില്ലാത്തവരല്ലെ നിങ്ങൾ,
നിങ്ങളിലെ പ്രണയങ്ങളൊക്കെയും,
പതച്ചു പൊന്തുന്ന ജ്യൂസ് ക്ലാസ്സിനൊപ്പം
അവസാനിച്ചു പോവുന്നതല്ലെ ?
പതിവായി കിട്ടാത്ത
നാരങ്ങാ മിഠായിയുടെ
മധുരം നിങ്ങൾക്കറിയുമോ?
ഡയറി മിൽക്ക് സിൽക്കിയിൽ
വിശപ്പ് തീരുമെന്ന്
നിങ്ങൾ കണ്ടു പിടിച്ചല്ലോ അല്ലെ,
നിങ്ങളുടെ പ്രണയം മഴ നനഞ്ഞിട്ടുണ്ടോ?
പെട്രോൾ വില കൂടിയാലും
പ്രണയത്തില് കുളിപ്പിച്ച്
ദഹിപ്പിക്കുന്നവരുടെ
എണ്ണത്തിലുള്ളവരല്ലെ നിങ്ങൾ?
കല്യാണമൊക്കെ വരാൻ
കാത്തിരുന്നവരാണോ നിങ്ങൾ? ആളറിഞ്ഞു വിളമ്പി
മതിയെന്നു പറയും വരെ
വല്ലപ്പോളും
ഞങ്ങളും വയറും മനസ്സും
നിറക്കാറുണ്ട്,
നിങ്ങളുടെ ബൊഫൈ പാർട്ടിയിലെ ശ്രദ്ധിക്കപ്പെടാത്ത
അതിഥികളായിരുന്നില്ല ഞങ്ങൾ,
നിങ്ങളൊക്കെ പ്രസവത്തോട്
അടുത്തവരാണോ
പേരക്കിടാങ്ങളെത്രെ
വേണമെന്ന് നിശ്ചയിക്കാൻ
നിങ്ങളോടൊപ്പം
മുത്തശ്ശനും മുത്തശ്ശിയുമില്ലല്ലോ,
അവരെയൊക്കെ
ഡെപ്പോസിറ്റ് ക്യാഷിനാൽ
സുരക്ഷിതാക്കിയവരല്ലെ നിങ്ങൾ?
നിങ്ങളുടെ വീട്ടിൽ ഒരുമിച്ചിരുന്ന്
ഓണം ഉണ്ടിട്ടുണ്ടോ നിങ്ങൾ?
വാഴയിലയുടെ ഒരറ്റം മുതൽ
മറ്റേയറ്റം വരെ,
വീട്ടുവളപ്പിന്ന് കിട്ടിയ
പച്ചക്കറിക്കായകളും
വീട്ടിലെ പൂനെല്ലും കൂട്ടിയൊരൂക്കൻ സദ്യയുണ്ടിട്ടുണ്ടോ?
അഞ്ഞൂറോ, ആയിരമോ കൊടുത്താൽ
നിങ്ങൾക്കിതിൻ്റെ
ഇരട്ടി അരപ്പുള്ള സദ്യ കിട്ടുമ്പോൾ
പിന്നെ എന്തിനാണെന്ന് അല്ലേ?
കാലത്ത് എഴുന്നേൽക്കുന്നവരും,
ഉമിക്കേരി കൊണ്ട് പല്ലു തേക്കുന്നവരും,
കുളത്തിൽ മുങ്ങി കുളിക്കുന്നവരുമാണോ നിങ്ങൾ?
മേശപ്പുറത്തെ കാസറോളുകളുടെ
ഉളളിൽ
വീർപ്പുമുട്ടുന്ന
പലഹാരം വാരി കോരി തിന്ന്
ഓടുന്നവരല്ലെ നിങ്ങൾ,
കുളിക്കാനൊക്കെ പൂളുകളുണ്ടല്ലോ
പിന്നെന്തിനാ കുളവും, താമരത്തണ്ടും
അല്ലെ?
ഞാനിപ്പോൾ നാൽപ്പതിലെത്തി
നിൽക്കുന്നു,
എൻ്റെയുള്ള് കണ്ടത്ര
കാഴ്ചകളെ
നിങ്ങളിലേക്ക് പകർത്തുന്നു,
ഞാൻ അനുഭവിച്ച
ദുരിതങ്ങൾ
എൻ്റെ മക്കൾക്ക് കിട്ടണമെന്നാണ്
ഞാൻ ശഠിക്കുന്നത്,
കഷ്ടപ്പാടറിഞ്ഞു
പഠിക്കണമെന്നാണ്
ഞാൻ അവരോട് പറയുന്നത്?
ലോണെടുത്താൽ
പുതുക്കി പണിയാവുന്ന
വീട്ടിലെ
ഓടുകൾ എന്നോട് പരിതപിച്ചാലോ
എന്നോർത്ത്
മേൽക്കൂരയെ നോക്കി
കണ്ണിറുക്കുന്നു,
നമ്മൾ നാൽപ്പതിലെത്തിയപ്പോൾ
പ്രണയം അതിൻ്റെ
ഉഗ്രതയിലേയ്ക്കെത്തുമെന്ന്
ഞാനറിയുന്നു,
ജീവിതം എന്നത്
കൂടി ചേരലുകളും,
ഒത്തു തീർപ്പുമാണെന്ന് തിരിച്ചറിയുന്നു,
സൗഹൃദം ലോകത്തിലെ
സമസ്യ പുരാണമാണെന്ന്
കണ്ടെത്തിയിരിക്കുന്നു,
എൺപതില് ജനിച്ച
ഞാൻ ഭാഗ്യവതിയും,
നാൽപ്പത് കടന്ന നീ ഭാഗ്യവാനുമാണെന്ന്
സന്തോഷിച്ചു തുള്ളുന്നു,
വികസന പാതയിലെ
വിപ്ലവങ്ങൾ തുടരട്ടെ,,
രഹസ്യ അറയുടെ താക്കോൽക്കൂട്ടങ്ങൾ
പിടിക്കപ്പെടാതിരിക്കട്ടെ,
ഇപ്പോൾ നിങ്ങൾക്കൊരു ആകാശവാണി ഗീതം
കേൾക്കാം,
തെയ്യര തെയ്യാ, തെയ്യര തെയ്യാ,
വിത്തും കൈക്കോട്ടുമാണ്,
വരു, ഒത്തൊരുമിച്ചാ
പാടവരമ്പോരമെത്താം,
നന്മയുള്ള നാൽപ്പതുക്കാരാവാം,….
