രചന : ജിബിൽ പെരേര ✍
ഈയിടെ സങ്കടകരമായ കുറേ അനുഭവങ്ങളും വാർത്തകളും കണ്ടപ്പോൾ ആ വിഷയത്തിൽ എഴുതണമെന്ന് തോന്നി.🥺😔
നിനക്കും
നിന്റെ വീട്ടുകാർക്കും പോയെന്ന്
സോഷ്യൽ മീഡിയയിലോ
ചായക്കടത്തിണ്ണയിലോ
ആരെങ്കിലുമൊക്കെ കമന്റടിക്കും.
ഭൂമിയുടെ
എല്ലാ ആകർഷണവലയത്തിൽ നിന്നും
മോചിതനായ്
ഇച്ചിരി നേരമെങ്കിലും
അവൻ എല്ലാർക്കും മീതെ ഉയർന്നുനിൽക്കും.
ഹസ്തദാനങ്ങളും ആലിംഗനങ്ങളും തേടിയ കരങ്ങൾ
ഇനിയൊന്നും വേണ്ടെന്ന മട്ടിൽ താഴേക്ക് ഞാണ്ട് കിടക്കും.
കെട്ടിപ്പിടിച്ചു നടന്നിട്ട്പോലും
അവന്റെ ഉൾച്ചൂട് അറിയാതെ പോയവർ
ആ ദേഹം തൊട്ട്,
“തണുപ്പ്…. മരവിപ്പിക്കുന്ന തണുപ്പ്… “
എന്ന് അടക്കം പറയും.
‘നിനക്ക് എന്തിന്റെ കേടായിരുന്നു’വെന്ന വാക്കും നോക്കും കാണാൻ
അവൻ കണ്ണുകൾ തുറന്നുപിടിച്ചിരിക്കും.
അന്നേവരെ മിണ്ടാത്ത
അവന്റെ നാവ്
എല്ലാം വാചാലമാക്കി
ആ സമയം പുറത്തേക്ക് നീളും.
അലറിക്കരഞ്ഞിട്ടും
കേൾക്കാത്ത മാറ്റൊലികൾ തേടി,
വെട്ടിമുറിച്ചും കീറിയും
നിങ്ങളവന്റെ ഉള്ളറകൾ തേടി അലയും.
ശപിക്കുമായിരിക്കും…
കുറ്റം പറയുമായിരിക്കും…
എങ്കിലും
ഏതോ
ഒരു മിഴിനീരിന് വേണ്ടി
ആ ആത്മാവ് പാതാളം പുൽകാതെ അല്പനേരം കാത്തിരിക്കും.
“പറ്റിപ്പോയ്… ക്ഷമിക്കൂ… കൂട്ടേ….”
എന്ന നിരർത്ഥമാം വാക്കുകളെ പുച്ഛിക്കുന്ന
അവന്റെയാ തുറിച്ച കണ്ണുകൾ
ആരേലും നിർബന്ധപൂർവം അടയ്ക്കും.
‘വീണ്ടും കാണണം ‘
എന്നൊരു വാക്ക്
അവന്റെ മരണപ്രാർത്ഥനയിൽ പോലും ഉണ്ടാകില്ല.
‘ഇനിയൊരു ജന്മം കൂടി തരാ’മെന്ന
ദൈവത്തിന്റെ വാക്കിന് നേരെ
അവൻ കാർക്കിച്ചു തുപ്പും.
‘ഭൂമിയും ജീവിതവും സുന്ദരമാ’ണെന്ന
സാഹിത്യകാരൻമാരുടെ
വരികൾക്ക് നേരെ
കത്തിയെരിയുന്ന ചിതയിൽ കിടന്നും
അവൻ അട്ടഹസിക്കും.
നീ അപ്പോഴും മിണ്ടാതെ ഇരിക്കും.
നിന്റെ ശീലവും അതാണല്ലോ!
