രചന : വാസുകി ഷാജി ✍
അച്ഛനില്ലാതെയാകുമ്പോൾ
ഒരു വൻ മരം കടപുഴകിവീഴും,
എന്നും കിട്ടിയിരുന്ന തണൽ
ഇല്ലാതെയാകും.
ഉറക്കെയുള്ള ശകാരം നിലക്കും,
ഒരിക്കലും പുഞ്ചിരി വിടരാത്ത
മുഖവും, എണ്ണപ്പശ ഒട്ടിയ
ചാരുകസേരയും ശൂന്യത തീർക്കും.
ഉച്ചത്തിലുള്ള ശബ്ദം
വീടിന്റെ ചുവരുകളിൽ തട്ടി
തിരിച്ചുവന്നത് കേൾക്കാതെയാകും.
വരുമെന്ന
കാത്തിരിപ്പ്
വാതിൽപ്പടിയിൽ ബാക്കിയാകും
ചായയ്ക്കരികിലെ
കസേര ആരെയും കാത്തിരിക്കാതെ
നിശ്ശബ്ദമാകും
അച്ഛന്റെ കൈവിരലുകൾ തൊട്ട
ഓരോന്നിലും
ഓർമ്മകളുടെ മണം
മാത്രംബാക്കിയാകും
ശകാരിച്ചിരുന്ന വാക്കുകൾ പോലും
പിന്നീട് കേൾക്കാൻ കൊതിക്കും.
‘വേണ്ട’ എന്ന് പറഞ്ഞിരുന്ന
ആ ശബ്ദം ഒരിക്കൽ കൂടി
കേൾക്കാൻ കഴിയുമെങ്കിൽ എന്ന്
ഹൃദയം നിശ്ശബ്ദമായി പ്രാർത്ഥിക്കും.
അച്ഛനില്ലാതെയാകുമ്പോൾ
എത്ര വലിയൊരു ലോകമായിരുന്നു
ഇല്ലാതായതെന്നു
തിരിച്ചറിയും
തലയ്ക്കുമുകളിൽ
ആകാശമുണ്ടായിരുന്നിട്ടും
തണലില്ലാത്തവരാകും ..
അച്ഛൻ പോയിടത്ത്
വീടൊരു വീട് മാത്രമാകും,
അല്ലെങ്കിലും
അച്ഛൻ മരിക്കുമ്പോൾ വീടും
കൂടെ മരിക്കുമല്ലോ….
