രചന : ആർച്ച ആശ ✍️
ഉള്ളം വല്ലാതെ വിങ്ങുമ്പോൾ
കവിത വിരൽത്തുമ്പ് വിട്ട്
ആദിത്യനൊപ്പം ആഴിയിലിറങ്ങും.
കരളുരുകിയൊഴുക്ക് തുടരുമ്പോൾ
ദ്രുതമന്ദഗതിയിലിളകിമറിയുന്ന
ഞാവൽപ്പഴത്തിന്റെ ചായങ്ങൾ ചാലിച്ച്,
മിഴി കവിളിലേക്ക് നേർത്ത ചാലിട്ട്
മുഴുത്ത തുള്ളികൾ തള്ളിനീക്കി
ഒരു പുഴയൊരുക്കുന്നു.
ഹൃദയമൊരുവേള ഉടമ്പടി തെറ്റിച്ച്
താളമില്ലാതെ ഓടിത്തുടങ്ങുമ്പോൾ
അലസമായ് ഉടൽ വാടിയൊടിയുന്നു.
ധമനികൾ അതിവേഗം ചലിക്കുമ്പോൾ
ചുടുരക്തകണികകൾ നുരഞ്ഞുപൊങ്ങി
സിരയൊഴുക്കുകൾ ഗതിമാറിയകലുന്നു.
ഉയർന്നു തെറിക്കുന്ന മാറിടങ്ങളിലേക്കായ്
ശ്വാസമതിന്റെ താളത്തെ
ബോധപൂർവം സമന്വയിപ്പിക്കുന്നു.
ചുണ്ടുകളിൽ മധുവൂറിയുറയുമ്പോൾ
നാവുകൾ നേരം നോക്കാതെ
അത് മെല്ലെ തൊട്ടെടുക്കുന്നു.
ഒരു വരിയിലേക്ക് മാത്രമായി
മനം ആഴത്തിൽ ചുവടുറപ്പിക്കുമ്പോൾ
അനുഭൂതിതൻ നിറവിൽ തനുവുണരുന്നു.
താമരമൊട്ടുപോൽ കൂമ്പിയൊടിയുന്ന
വിരൽത്തുമ്പിലേക്ക്
കവിതാശകലങ്ങൾ ഒന്നിച്ചുചേക്കേറുന്നു.
ഉടലുരഗമായുയരവേ
പ്രണയത്താഴ്വാരങ്ങൾക്കു മേലെയുയരും
ശീൽക്കാരങ്ങളൊക്കെ കാറ്റേറ്റു ചൊല്ലുന്നു.
ഇടിച്ചുകുത്തിയാർത്തു വീണൊരു
ഇടവപ്പാതിയ്ക്കിടനേരങ്ങളിലെ
മേഘവിസ്ഫോടനങ്ങളിൽ,
ചിതറിത്തെറിക്കുന്ന ഊർജകണങ്ങൾപോൽ
ഉള്ളിലാകെ പെയ്തുനിറയുന്നു
ആർദ്രമായൊരുഷ്ണ ജലപ്രവാഹം.
ഉടലുന്മാദങ്ങളിൽ ഒരായിരം താരങ്ങൾ
നിഗൂഢമാമൊരുൾക്കാട്ടിലേക്ക്
ചെറുമിന്നാമിന്നികളായി പറന്നകലുന്നു.
അത്രമേൽ വന്യമായൊരു
ശാന്തതയുടെ പറുദീസയിലേക്ക്
ഉടൽ വിട്ടുയർന്ന്
മനം ശലഭമായൊഴുകിയെത്തുന്നു.
