രചന : സുരേഷ് പൊൻകുന്നം ✍️
ഇല കൊഴിഞ്ഞൊരു
ചെറുമരം ഞാൻ
തളിരിടുമോയിനി പുതു തളിരില?
ശിഖര ഞരമ്പുകളിൽ
തെളിയുമോയിനി പുതുധമനികൾ?
പടിയിറങ്ങി പോയ
സ്വപ്നനിദ്രകൾ ഇനി വരുമോ
ഇനി വരുമോ കനവുകളിൽ
നവ നവരസങ്ങൾ?
ചിരിയൊഴിഞ്ഞ ചുണ്ടുകളിൽ
മധു നിറയുമോ?
മധു നിറഞ്ഞ മാറിടങ്ങളിൽ
മുഖമമർത്തിയൊളിക്കാൻ
പരിഭവക്കച്ചയഴിച്ചവൾ വരുമോ?
ഒന്നു മധുരമായി പാടാൻ
തിരയൊഴിഞ്ഞ മാനസം
തിരികെയെത്തുമോ?
ചടുലനടന വേഗങ്ങളിൽ
നയനകാന്തി നിറഞ്ഞ
നടനമെന്നാണിനി?
കുളിരൊളിപ്പിച്ച മെയ്യാൽ
പുണരലെന്നാണിനി
പുലരിയെന്നാണിനി?
പുതിയ പത്രങ്ങൾ പുതിയ ശാഖികൾ
പുതിയ പൂക്കൾ പരാഗികൾ
പുതിയ ചിത്രശലഭങ്ങൾ കുരുവികൾ
പുതിയ സ്വപ്നം നീല നിലാവെട്ടം
പതുപതുത്ത കാൽപ്പെരുമാറ്റങ്ങൾ
പുറകിൽ വന്നൊരു
കണ്ണുപൊത്തിക്കളി
കുടുകൂടാച്ചിരി ഉടയുന്ന കുപ്പിവളകൾ
ഒരു ചിണുങ്ങലൊരു തേങ്ങലെൻ
വിരിമാറിലേക്കൊരു ചായൽ…
വിയർപ്പിൽ സീൽക്കാരങ്ങൾ..
ഹായെന്റെ മുടിഞ്ഞ സ്വപ്നങ്ങളെ
വിറയാർന്ന കൈകളിൽ നിന്ന്
വഴുതിമാറിപ്പോയ
ഊന്നുവടിയൊന്നെടുക്കുവാൻ ഇവിടാരുമില്ലേ?
മുറികളിൽ നിറയുമീ കട്ടയിരുട്ടിനെ
ഒരു തിരി തെളിച്ചോടിക്കാൻ
ഇവിടാരുമില്ലേ?
ഇവിടാരുമില്ലേ?
ഇവിടെ ഞാനൊറ്റയാണോ.?

