രചന : ശാന്തി സുന്ദർ ✍️
ഞാനെന്റെ പ്രണയദാഹത്തെ
കുടിച്ചുമദിച്ചുന്മാദപ്പുലമ്പലിൽ
തങ്ങി നിൽക്കുന്ന
നക്ഷത്രങ്ങളില്ലാത്ത തണുത്തരാവിനെ സാക്ഷിയാക്കി
പ്രണയം കെട്ടിയുയർത്തിയ ഭയങ്കരപ്പെട്ട
സിഹാംസനത്തിൽ നിന്നും പടിയിറങ്ങാൻ
നോക്കുന്നതൊക്കെ വെറുതെയാണ്,
അയാളൊരു വാസ്തു മനുഷ്യനെന്നറിയാതെ പോയി
എത്ര ദൂരം നടന്നിട്ടും പുറം ലോകമില്ലാത്ത പോലെ.
ഭ്രാന്തമായി ഓടിയടുക്കുന്നത്
അയാളുടെ ശിരസ്സിലേക്ക്,
കൊടുത്ത സ്നേഹത്തിന്റെ
കണക്കു പറഞ്ഞു നടന്നുതീർക്കുന്നത്
അയാളുടെ പാദങ്ങൾ വരെ,
അയാളുടെ കണ്ണുകൾ കൊത്തി കൊത്തി
തുരങ്കമാക്കി ഒളിച്ചു കടന്നതോ
വീണ്ടും അയാളുടെ ഹൃദയറയിലേക്ക്,
അയാൾ തന്നച്ചൂടൊരു വലയമായി മാറി
ഇടയനായും തോട്ടക്കാരനായും
പ്രണയമെന്നിൽ
വിലസുകയാണ്.
എഴുതിപിടിപ്പിച്ച സ്നേഹ ചട്ടങ്ങളൊന്നുമേ..
മറികടക്കാനാവുന്നില്ല.
പ്രണയത്തിന്റെ വേരുകൾ
എന്നിലങ്ങനെ മുറുകി മുറുകി ഞാനും
അയാളെന്ന പ്രണയത്തിൽ സ്വാർത്ഥയാവുന്നു.
ഈ പ്രപഞ്ചത്തിലെ പൂക്കൾക്ക്
എന്റെ ഭാഷമാത്രമേയറിയൂ.
പ്രണയത്തിലകപ്പെടുകയെന്നാൽ
നാം പോലുമറിയാതെ
ഹൃദവേരുകളാൽ
ബന്ധിക്കപ്പെടുകയാണ്,
ഈ പ്രപഞ്ചത്തിലെ നദിയായോ
കാറ്റായോ..
കിളിയായോ മാറാം.
