രചന : ശാന്തി സുന്ദർ ✍️
രഹസ്യങ്ങളിലൊന്ന്
നിങ്ങൾക്കറിയോ.. ഞാനെന്നെ സൂക്ഷിക്കാറേയില്ല,
പുലരുമ്പോ തന്നെ കത്തിവീഴുന്ന സൂര്യനെ
കണ്ടിട്ടാണ്
ഞാനെന്നെ അറിയാ ദേശങ്ങളിലേക്കങ്ങനെ അലയാൻ വിട്ടത്.
എന്നിട്ടും സൂര്യൻ മരിക്കുന്നില്ലല്ലോ
എന്ന ഒറ്റയാൻ ചിന്ത!
ആരുമെന്നോട് പറയുന്ന രഹസ്യമൊന്നും
സൂക്ഷിക്കാറേയില്ല, വഴിപോക്കർക്ക്
ദാനമിട്ടങ്ങനെ നടക്കും,
കാട്ടുവഴിയിലെ ഞാവൽ മരങ്ങളോട്
പറയാൻ അവർക്കൊരു കഥ,
നീയാ ഞാവൽ മരങ്ങളിൽ
അതീവ രഹസ്യമാവും,
ഞാനലസയാണെങ്കിലും
നീയെന്ന രഹസ്യത്തെ
ഞാവലാം മരപൊത്തിൽ
വജ്രം പോലെ
സുരക്ഷിതം.
കടലിലെന്റെ നോവിനെ ഉപേക്ഷിക്കാറേയില്ല
തിരികെ വരുമെന്ന് ഉറപ്പല്ലേ..
കാട്ടാറിലേക്കാണെന്റെ നോട്ടം
ഉരുളൻ കല്ലുകളിൽ തട്ടി
എന്നെ നോവിച്ച നോവ്
നൊന്തു ചാവട്ടെ!
എന്നെ തിരിച്ചുതരില്ലെന്ന്
ഉറപ്പുള്ളതിനോട് മാത്രേ
ഇഴുകിച്ചേരൂ..
കഴുകിയുമുണക്കിയും
അതുങ്ങളെന്നെ സൂക്ഷിക്കുമല്ലോ..
അവർക്ക് ഞാനൊരു ശീലവും
കടമയുമാവും.
പിന്നെ ഞാനെന്തിനെന്നെ സൂക്ഷിക്കണം.
ഉയിരു ബാക്കിയാവുമെന്ന
ഉറച്ച ഒറ്റയാൻ ചിന്തയിലാവണം
സൂര്യനും കത്തി വീഴുന്നത്.
ഞാനെന്നെ പരിചിതരിലേക്കും അപരിചിതരിലേക്കും
ഉപേക്ഷിച്ചു പോവുകയാണ്.
ഉപേക്ഷിക്കപ്പെടുന്നതിനോളം
ഭംഗിയുണ്ടോ സൂക്ഷിയ്‌ക്കപ്പെടുന്നതിൽ
തിരികെ വന്നാൽ തിരികെ നൽകണമെന്ന
ഉടമ്പടികളുടെ ഭയത്തിലാണെങ്കിലും
നാമവിടെ സൂക്ഷിയ്ക്കപ്പെടുകയാണ്.
ആരുടെയൊക്കെയോ
തുരുമ്പൻ അലമാരകളിൽ
നമ്മുടെ ഹൃദയമിടിപ്പുണ്ടാവണം.
എന്റെ പാദങ്ങൾ പതിയാത്ത
ഭൂമിയും അപരിചിതരും തന്നെയാണ്
എന്റെ ലക്ഷ്യം.
ഓരോ ദിനങ്ങളിലും അത്രയേറെ പ്രിയമോടെ
സൂക്ഷിക്കാൻ കഴിയുന്ന തുരുമ്പൻ അലമാരകളിൽ
ഞാൻ സൂക്ഷിക്കപ്പെടുകയാണ്.
ഞാനെന്നെ സൂക്ഷിക്കാറേയില്ല!
