രചന : കല ആർ ✍️
നീയറിഞ്ഞിരുന്നോ
തെരുവിൽ
കിംവദന്തികൾ പരക്കുന്നത്
പോരാട്ടം കനക്കുന്നത്
ദിവസവും വാർത്തകളാണ്
യുവത്വം തെരുവിൽ
റോസാപ്പൂക്കളും
പുസ്തകങ്ങളുമുയർത്തി
സമരത്തെ പ്രണയിക്കുകയാണ്
അവർ എന്നും ചുംബിച്ചിട്ടാണത്രെ
തെരുവിലേക്കിറങ്ങുന്നത്!
അതിനാൽ രാജാവ്
പ്രണയം നിരോധിക്കുമെന്നാണ്
മുൻകൂർ അനുവാദം വേണമെന്ന്
ചുംബനത്തിന് ഗില്ലറ്റിനെന്ന്
യുവാക്കളും കൂലിപ്പട്ടാളവും-
നിരന്തരം സംഘർഷത്തിലാണ്
നിനക്കോർമ്മയുണ്ടോ
എല്ലാ വൈകുന്നേരങ്ങളിലും ബീച്ചിൽ
ചുവക്കുന്ന സൂര്യനെ നോക്കിയിരുന്ന നമുക്ക്
കാപ്പിയും ബിസ്കറ്റും കൊണ്ടുതന്നിരുന്ന
സമീപത്തെ കടയിലെ
പതിനൊന്നു വയസ്സുകാരനെ,
ഇന്നലെയവൻ മരണപ്പെട്ടു
പകലുമുഴുവൻ തെരുവ് സമരമായിരുന്നു
രാത്രി വൈകി വീട്ടിലേക്ക് പോയതാണവൻ
കൂലിപ്പട അവനെയും പിടിച്ചു
ചവിട്ടേറ്റാണത്രെ മരിച്ചത്
‘പാവം’ ഒരു പകലിലെ ക്ഷീണവുമായി
വീട്ടിലേക്ക് പോയവൻ
ഒരു മരണകാരണം അവൻ്റെ പേരായിരുന്നത്രെ!
നിനക്കവൻ്റെ പേരറിയുമായിരുന്നോ..?
നമ്മളവൻ്റെ പേര് ചോദിച്ചിട്ടില്ല
ഇന്നലെയവൻ മരിക്കേണ്ടിവന്നു
എനിക്കവൻ്റെ പേരറിയാൻ
ഇന്നിപ്പൊ ഇവിടം ബീച്ച് വിജനമാണ്
ചുരുക്കം ആളുകൾ മാത്രമേയുള്ളൂ
ഞാനിപ്പോ കാപ്പി കുടിക്കാറില്ല
അവനില്ലാതെ കട തുറന്നിട്ടുണ്ട്
ഇല്ല ഞാനവൻ്റെ പേര് പറയുന്നില്ല!
പ്രിയേ, എൻ്റെ സമരമേ…
എന്നെങ്കിലും
ഒരിക്കൽ കൂടി
വീണ്ടും കാണണം
ആർദ്രതയോടെ
എത്രയും സ്നേഹത്തോടെ
പുറകിലൂടെ
ഒന്നു കെട്ടിപ്പിടിക്കണം
എന്നിട്ട് ചെവിയിൽ
ആരുംകേൾക്കാതെ
‘നിന്നെ’
അത്രക്ക് ഇഷ്ടമായിരുന്നൂന്ന്
വെറുതെ
ഒരിക്കൽകൂടി പറയണം…
വെറുതെ….
ജീവിച്ചിരുന്നുവെന്ന്,
ഞാനും സമരത്തിലായിരുന്നുവെന്ന്
സ്വയം ബോധ്യപ്പെടാൻവേണ്ടി മാത്രം…
