വിരഹത്തിൽ നീയെൻ
നിശ്വാസമായ് മാറുന്നു
നിശയുടെ യാമത്തിൽ
നിലാവായ് നിറയുന്നു
മിഴിനീർത്തുള്ളിയിൽ
നിന്നോർമകൾ തെളിയുന്നു
മൗനത്തിൻ തീരത്ത്
മോഹമായ് വിരിയുന്നു
അകലത്തിൽ നീയെന്നിൽ
സ്വപ്നമായ് വിടരുന്നു
അരികിലെത്താതെയെൻ
ആത്മാവിൽ തൊടുന്നു
കാറ്റിന്റെ കൈകളിൽ
നിന്നോർമയെത്തുന്നേരം
അഴൽമേഘത്താലെൻമിഴി
മഴയായ് പൊഴിയുന്നു
മധുരമാം വാക്കുകൾ
മന്ത്രമായ് പടരുന്നു
മനസ്സിന്റെ തന്ത്രിയിൽ
രാഗമായ് നിറയുന്നു
കണ്ണുകൾ കോർക്കുമ്പോൾ
കാലവും മായുന്നു
കാണാത്ത സ്വർഗ്ഗങ്ങൾ
മുന്നിൽ തെളിയുന്നു
ഒടുവിലീ പരിഭവം
സ്നേഹമായ് അലിയുന്നു
ഒരുമയുടെ തീരത്ത്
രണ്ടാത്മവും ചേരുന്നു
ഋതുക്കൾ മറിഞ്ഞാലും
പ്രണയമേ, നീയെന്നിൽ
വസന്തമായ് പെയ്ത്
ജീവനിൽ നിറയുന്നു

By ivayana

Leave a Reply

Your email address will not be published. Required fields are marked *