രചന : ബദറുദീൻ പികെ. ✍️
ഒരുകാലത്ത് മനുഷ്യൻ
മണ്ണിനോട് സംസാരിച്ചാണ് ജീവിച്ചിരുന്നത്.
പുലരിയിൽ മണ്ണിൽ പാദമൂന്നി,
വിയർപ്പുകൊണ്ട് അതിന്റെ നെഞ്ചിൽ വിത്തെറിഞ്ഞ്,
സന്ധ്യയിൽ മണ്ണിന്റെ ഗന്ധമുള്ള കൈകളുമായി
അവൻ തൻ കുടിലിലേക്ക് മടങ്ങിയിരുന്നു.
അന്ന് വീടുകൾ കൊട്ടാരങ്ങളായിരുന്നില്ല,
വസ്ത്രങ്ങൾ അഹങ്കാരത്തിന്റെ പ്രദർശനങ്ങളായിരുന്നില്ല,
ഭക്ഷണത്തിന് കൃത്രിമത്തിന്റെ മണവുമുണ്ടായിരുന്നില്ല.
എന്നിട്ടും,
അവന്റെ ചെറിയ പുഞ്ചിരിക്ക്
ഇന്ന് പണിതുയർത്തിയ സാമ്രാജ്യങ്ങളേക്കാൾ സമൃദ്ധിയുണ്ടായിരുന്നു.
കാലം മാറി.
മണ്ണിൽനിന്ന് അകന്ന മനുഷ്യൻ
ആകാശത്തോളം ഉയരമുള്ള മേഘാവൃത കെട്ടിടങ്ങൾ പണിതു.
പക്ഷേ, അവന്റെയുള്ളിൽ മനുഷ്യനേക്കാൾ വലുതായി വളർന്നത്
‘ഞാൻ’ എന്ന അഹങ്കാരമായിരുന്നു.
കൈകളിൽ പണം നിറഞ്ഞപ്പോൾ അവൻ മണ്ണിനെ ചെറുതായി കണ്ടു.
അധികാരം കൈവന്നപ്പോൾ മനുഷ്യരെയും.
പേര് വളർന്നപ്പോൾ,
സ്വന്തം നിഴലിനുപോലും മറ്റുള്ളവരുടെ നിഴലിനേക്കാൾ
ഉയരം വേണമെന്ന് അവൻ കൊതിച്ചു.
കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോൾ കണ്ടത് സ്വന്തം മുഖം മാത്രം.
ആ മുഖത്തിനടിയിൽ,
ഒരു ദിവസം മണ്ണ് തുറക്കാനിരിക്കുന്ന
ഒരു കുഴിയുണ്ടെന്ന് അവൻ മറന്നു.
പേരിനും പണത്തിനും അധികാരത്തിനുമുള്ള ഓട്ടം…
അവൻ ഓടിക്കൊണ്ടേയിരുന്നു.
ഒടുവിൽ,
ആ എല്ലാ ഓട്ടങ്ങൾക്കും
മണ്ണ് ഒരു നിശ്ചലതയുടെ പേരിട്ടു.
അന്ന് പണത്തിന് ആ വാതിൽ തുറക്കാനായില്ല.
അധികാരത്തിന് മരണത്തെ തടയാനായില്ല.
പ്രശസ്തിക്ക് കുഴിമാടത്തിലേക്ക് വഴികാട്ടാനും കഴിഞ്ഞില്ല.
ലോകം മുഴുവൻ സ്വന്തമെന്ന് കരുതിയ മനുഷ്യൻ
മൂന്ന് കഷണം വെള്ളത്തുണിക്കുള്ളിൽ,
സ്വന്തം ശരീരത്തോളം മാത്രം ചുരുങ്ങി.
ഇന്നലെവരെ തലകുനിച്ചുനിന്നവർ
ഇന്ന് ഒരു പിടി മണ്ണ് അവന്റെ മീതെ വിതറി.
പിന്നെ എല്ലാവരും മടങ്ങി,
അവന്റെ പേര് വിളിച്ചുമല്ല, അവനെ ഓർത്തുമല്ല…
അവരവരുടെ ജീവിതങ്ങളിലേക്ക്.
അവൻ മാത്രം
മണ്ണിന്റെ ഇരുട്ടിൽ, പ്രകൃതിയുടെ പഴയ വീട്ടിലേക്ക് മടങ്ങി.
അവിടെ അവനെ കാത്തിരുന്നത്
രാജകീയ സ്വീകരണങ്ങളായിരുന്നില്ല;
ഒരു പുഴു മാത്രം.
അത ആദ്യം അവന്റെ അഹങ്കാരം തിന്നില്ല.
ശരീരത്തിലെ ഏറ്റവും മൃദുവായ ഭാഗം തേടി…
പിന്നെ മറ്റൊന്ന്…
തുടർന്ന് മറ്റൊന്ന്…
മറ്റുള്ളവരെ തള്ളിമാറ്റിയ കൈകൾ മണ്ണിന്റെ വിശപ്പിനിരയായി.
വാക്കുകൾകൊണ്ട് ഹൃദയം മുറിച്ച നാവ് നിശ്ശബ്ദമായി.
ലോകം കീഴടക്കാൻ വെമ്പിയ കണ്ണുകൾ ഇരുട്ടിന്റെ സ്വത്തായി.
അഹങ്കാരത്തോടെ നടന്ന പാദങ്ങൾ
തങ്ങളുടെ യഥാർത്ഥ ഭാരം തിരിച്ചറിഞ്ഞു.
ദിവസങ്ങൾ കടന്നുപോയി.
മണ്ണ് അവനെ പതുക്കെ തിരിച്ചെടുത്തു.
പുഴുക്കൾ ആ ശരീരത്തെ പങ്കിട്ടെടുത്തു.
ഒടുവിൽ,
‘ഞാൻ’ എന്ന് ജീവിതകാലമത്രയും വിളിച്ചുപറഞ്ഞ മനുഷ്യനിൽ നിന്ന്
ആ ഒരു വാക്കുപോലും മണ്ണിനുമുകളിൽ ശേഷിച്ചില്ല.
അവൻ സ്വന്തമാക്കാൻ ഓടിയ ഭൂമി
ഒടുവിൽ അവനെത്തന്നെ സ്വന്തമാക്കി.
അപ്പോഴാണ്
മനുഷ്യൻ മറന്നുപോയ ആ സത്യം മണ്ണ് അവനോട് മന്ത്രിച്ചത്:
നീ എത്ര ഉയരത്തിൽ നിന്നാലും വീഴുന്നത് മണ്ണിലേക്കാണ്.
എത്ര സമ്പന്നനായാലും കൊണ്ടുപോകുന്നത് ഒരു ശരീരം മാത്രം.
എത്ര വലിയവനായാലും മണ്ണിനടിയിൽ നിന്റെ പേരിന് പദവികളില്ല.
അവിടെ
രാജാവിനും ഭിക്ഷക്കാരനും
ഒരേ ഇരുട്ട്, ഒരേ കഫൻ, ഒരേ മണ്ണ്, ഒരേ പുഴുക്കൾ.
ഒടുവിൽ,
മനുഷ്യൻ മണ്ണിനെ സ്വന്തമാക്കിയതല്ല…
മണ്ണാണ് മനുഷ്യനെ പൂർണ്ണമായി വീണ്ടെടുത്തത്….

