രചന : ലായമ്മ നെപ്പോളിയൻ ✍️
നീ ഉറങ്ങുകയല്ലെന്ന്
എന്റെ ഹൃദയത്തിനറിയാം;
ഉറക്കത്തിനും മരണത്തിനുമിടയിൽ
ഇത്ര തണുത്തൊരു നിശ്ശബ്ദത
ഞാനിതുവരെ അറിഞ്ഞിട്ടില്ല.
ഇനി നീ ഒരിക്കലും ഉണരില്ലെന്ന്
ആദ്യം എന്നോടു പറഞ്ഞത്
മുറിയിലെ യന്ത്രങ്ങളല്ല—
നിന്റെ അമ്മയുടെ കണ്ണുകളായിരുന്നു.
നെഞ്ചിനുള്ളിൽ കടൽപോലെ
ഉയർന്നിറങ്ങിയിരുന്ന നിന്റെ ശ്വാസം
ഇപ്പോൾ യന്ത്രങ്ങളുടെ കാവലിലാണ്.
കണ്ണുകൾ അടഞ്ഞിരിക്കുന്നു;
എന്നാലും, അടഞ്ഞ കൺപോളകൾക്കപ്പുറം
എത്രയോ പ്രഭാതങ്ങൾ
നിന്നെയും കാത്തുനിൽക്കുന്നുണ്ടാവും!
നിന്റെ നെറ്റിയിൽ തൊടുമ്പോൾ
എന്റെ വിരലുകൾ,
നീ പണ്ടെന്നോ പകർന്നുതന്ന
ആ പഴയ ചൂടിനായി വെറുതെ പരതുന്നു.
പുറത്ത് അപ്പോഴും മഴയുണ്ടായിരുന്നു—
നമ്മൾ ഒന്നിച്ചു നനഞ്ഞ
ആദ്യമഴയുടെ അതേ കുളിരുമായി…
പക്ഷേ, എന്റെ സ്നേഹത്തിനുപോലും
മരണത്തിന്റെ വാതിൽക്കൽനിന്ന്
നിന്നെ തിരികെ വിളിക്കാനാവുന്നില്ല.
“നീ പോയി” എന്ന്
വൈദ്യശാസ്ത്രം പതുക്കെ വിധിയെഴുതുന്നു.
“ഞാനിവിടെയുണ്ട്” എന്ന്
നിന്റെ പാതിമുറിഞ്ഞ സന്ദേശങ്ങളും
എഴുതിത്തീരാത്ത കവിതകളും
പിന്നെയും മന്ത്രിച്ചുകൊണ്ടിരിക്കുന്നു…
നിന്റെ ഹൃദയം—
യന്ത്രത്തടവറയിൽ
തന്റെ അവസാന യാത്രയ്ക്കായി കാത്തുകിടപ്പാണ്.
സൂക്ഷ്മതയോടെ, അത്രമേൽ കരുതലോടെ
അതിനെ പറിച്ചെടുക്കും മുൻപ്…
അതിൽ ആഴത്തിൽ കുടിയിരുത്തിയ എന്നെ
നീ എവിടെയാണ് ഉപേക്ഷിക്കുന്നത്?
നാളെയത് മറ്റൊരു നെഞ്ചിൽ
ചേർന്നുനിന്നു മിടിക്കുമ്പോൾ,
അവനൊരിക്കലും തിരിച്ചറിയരുത്—
ആ സ്പന്ദനങ്ങളിലത്രയും
പെയ്തുതീർന്നത്
എന്റേതു മാത്രമായിരുന്ന പ്രണയമായിരുന്നുവെന്ന്!
ഒരിക്കൽ എന്നിലലിഞ്ഞു നിൽക്കെ,
നിലാവുപോലെ തെളിഞ്ഞു കത്തിയ നിന്റെ മിഴികൾ…
ഇന്നവ മറ്റൊരു വാതായനത്തിലൂടെ
പുതിയൊരു പുലരി കാണാൻ തിരക്കുകൂട്ടുമ്പോൾ,
എന്റെ ആത്മാവിലേക്കു പെയ്തിറങ്ങുന്ന
ഈ കറുത്ത രാത്രിക്ക്
ഞാൻ ഏതു പേരിട്ടു വിളിക്കേണ്ടൂ?
നിന്റെ ഓരോ തുടിപ്പും
ഓരോരുത്തർക്കായി പങ്കിട്ടു നൽകുമ്പോൾ,
എന്റെ നിസ്സഹായതയ്ക്കു കൂട്ടായി
നമ്മുടെ ജീവിതത്തിന്റെ ബാക്കിപത്രമായ
ചില ഓർമ്മകൾ മാത്രം…
മറ്റുള്ളവർക്ക് ആയുസ്സായി
നിന്നെ വിട്ടുനൽകിയിട്ടും,
എന്റെ ഉള്ളിൽനിന്ന് നിന്നെ
മായ്ച്ചുകളയാനാവാത്ത ഈ നീറ്റലിനാണ്
ഞാൻ വിരഹമെന്നു പേരിട്ടത്.
ഒടുവിലൊരു നാൾ
ശൂന്യമായ ആകാശത്തിലേക്ക് നോക്കി
ഞാൻ പതുക്കെ പറയും—
“നീ എങ്ങും പോയിട്ടില്ല…
പലരിൽ, പല ജീവനായി
നീ ഇനിയും ജീവിക്കുകയാണ്…”
