രചന : അൻവർ ഷാ ഉമയനല്ലൂർ* ✍️
🌈[കൊല്ലം TKM സെന്റിനറി പബ്ലിക് സ്കൂളിൽ 4 വർഷം ചിത്രകലാദ്ധ്യാപകനായിരുന്നതിൽ അഭിമാനിക്കുന്നു – കവി ഉമയനല്ലൂർ – [നിലവിൽ സെക്രട്ടേറിയറ്റിൽ ഓഫീസ് സൂപ്രണ്ട് ] – എന്റെ പ്രിയ അദ്ധ്യാപകർക്ക് സമർപ്പണം]
വിദ്യയാൽ ഹൃദയപ്രകാശമുണർത്തിയ
അദ്ധ്യാപർക്കുദയ സ്‌നേഹാർദ്ര വന്ദനം;
അറിവിന്റെ വാതായനം തുറന്നേകിയ
ആദ്യഗുരുനാഥനെന്നുമെന്നാദരം.
മഹിതമായോരോവിധത്തിലെൻ ഹൃത്തടം
സ്പന്ദിച്ചുണർത്തുന്നു ചേതോഹര സ്മിതം
ഗുരുവരർ,ക്കാദിവ്യ നന്മാർദ്ര ഹൃദയകം
പകർന്നതാം കാരുണ്യവാനുമെന്നാദരം.
കരണീയ,കാരുണ്യവഴികളിൽ കരളിലെൻ
കാവ്യപ്രദീപം തെളിച്ചേകിയാ,വരം
കതിരുപോലുണരുന്നു കൺകളിൽ രമ്യമാം
സമസ്നേഹ,സൗമ്യകം, സുമവർണ്ണ സുസ്മിതം.
ജലദംകണക്കെയുണരുന്നില്ലെയാരിലും
വേദനാവീഥിയിൽപ്പോലുമാ, നന്മകം
ജാലമ,ല്ലതിലുപരിയാദർശമഹിമയാ-
ലുദയപ്രകാശമായുണരുന്നു, നന്മുഖം.
ആനന്ദസ്മരണകൾക്കാദരം കാലമേ-
യോർമ്മച്ചെരാതുകളൊന്നായ്ത്തെളിക്കുക
ആരാമവാക്യങ്ങളാൽ രമ്യ കാവ്യകം
ആദ്യംതെളിച്ചതാം വദനം നിറയ്ക്കുക.
അരുവിപോലെളിമതൻ സലിലമന്നേകിയ,
വിദ്യാലയത്തിരുമുറ്റമുണർത്തുക;
പാദാരവിന്ദങ്ങളിൽത്തൊട്ടു സാദരം
പ്രണമിച്ചിടാനുഷസ്സാർന്നുണർന്നീടുക.
കൈകോർത്തൊരുമതൻ വഴികളിൽ നീങ്ങി,നാം
കരളുകൾക്കുള്ളിൽ പ്രകാശമായ് നിറയുക
സഹനീയമാകിലുമുണരട്ടെ സൂര്യകം;
ഉൾക്കൊണ്ടുണർവ്വിൻ പ്രഭാതമായ് മാറുക.
തളിർത്തുയർന്നീടട്ടെ, വീണ്ടുമാ ഹൃത്തിലും
പകരമായേകേണ്ടതില്ലേ ശുഭസ്മിതം
വന്ദിച്ചുണർത്തേണ്ടതില്ലെ, നിൻ ജീവിതം
സ്പന്ദിച്ചുണർത്തിയതല്ലെ യാ, ശ്രേഷ്ഠകം..?
