വൈകുന്നതെന്തെ കൃഷ്ണാ
യമുനതൻ തീരത്തായ്
കാത്തിരിയ്ക്കുന്നീ രാധ
മുരളീധര
കടമ്പകൾ പൂക്കുന്നു
കതിർമഴ പെയ്യുന്നു
യമുനയും കണ്ണനെ
തേടുന്നല്ലൊ
ഓളങ്ങളിളകുന്നു
യമുനയിലുമെന്റെ
ഹൃദയത്തിലും കൃഷ്ണാ
മുകിൽവർണ്ണാ
തുളസിക്കാടുകളും
പൂത്തതിൻ പരിമളം
വീശുന്നു യിവിടെങ്ങും
പടരുന്നു
കരൾ കവിഞ്ഞൊഴുകുന്ന
മുരളീഗാനരവ
മധുമാധവമെന്തെ
മധുസൂദന
നിറപീലിയാടുന്ന
തിരുമുടിക്കെട്ടിലെ
കുറുനിരനൃത്തങ്ങൾ
കണ്ടതില്ല
നവരസം മിന്നുന്ന
മുഖകമലത്തിലെ
കാർമേഘമിന്നൽ
പ്പിണരില്ല
ചന്ദനപരിമള
ചാരുസുസ്മിതം ചാര-
ത്തെത്തുന്ന പദസ്വനം
കേട്ടതില്ല
അനുപമശോഭയിൽ
വനമാല പുണരും
അമൃതസ്വരൂപനെ
കണ്ടതില്ല
യമുനയ്ക്കുമേൽചാഞ്ഞാ
കടമ്പതൻ കൊമ്പത്ത്
ശൂന്യത ചിരിയ്ക്കുന്നു
ഗോപാലക
അവിടെ നിൻ മടിയിൽ
തലചായ്ച്ചിരുന്നിന്നു
അമൃതസംഗീതം ഞാൻ
നുകർന്നതില്ല
അതിലോലമൃദുലം
ആത്മാവിൽ തൊട്ടുണർത്തും
മലർഹസ്തലാളന-
മേറ്റതില്ല
വൈകുന്നതെന്തെ കൃഷ്ണാ
യമുനതൻ തീരത്തായ്
കാത്തിരിയ്ക്കുന്നീ രാധ
മുരളീധര.

By ivayana

Leave a Reply

Your email address will not be published. Required fields are marked *